എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Thursday, August 4, 2011

എന്‍റെ മുറ്റത്തെ സൂര്യന്‍!

ക്വാര്ട്ടെര്‍ കിട്ടാന്‍ വൈകി ,ആളൊഴിഞ്ഞ ശേഷം .ഞാന്‍ ചെല്ലുമ്പോള്‍ മുറ്റത്ത്‌ നിന്ന് കഷ്ടിച്ച് അകത്തേക്ക് കയറാന്‍ പോലും ഒരു വഴിയില്ല ,മുഴുവന്‍ കാട് കയറിക്കിടക്കുന്നു.ഒരു വിധം എങ്ങനെയൊക്കെയോ ചാടിക്കയറി .വീട് തുറന്നപ്പോള്‍ മാറാല ,എലികള്‍ ഒക്കെ സുലഭം .തൊട്ടടുത്ത രണ്ടു വീടുകള്‍ പൂട്ടിക്കിടക്കുന്നു .ഒരു മൂലയില്‍ ആകയാല്‍ ആരുടേയും ശ്രദ്ധ കിട്ടില്ല .പാമ്പ്‌ ഉണ്ടാകുമോ ദൈവമേ ?കുറെ ദിവസത്തെ ശ്രമം കൊണ്ട് മുറ്റം ഞാന്‍ വൃത്തിയാക്കി ,കുറച്ചു പൂച്ചെടികള്‍ ഒക്കെ അവിടന്നും ഇവിടന്നും ഒക്കെ മോട്ടിച്ചു കൊണ്ട് വെച്ചു.(പിന്നെ സര്‍ക്കാരിന്റെ വീട് ഭംഗിയാക്കാന്‍ ഞാന്‍ കാശ് കൊടുത്ത് പൂച്ചെടി വാങ്ങാന്‍ പോകുവല്ലേ ?ചോദിച്ചാല്‍ ഒരുത്തനും തരൂല്ല )ഒരു ഇരുമ്പ് കട്ടില്‍ വാങ്ങിച്ചു ,ഒരു കോസടിയും തലയിണയും ,ഗ്യാസ് സ്ടവ് ഒരിടത്തു നിന്നും നേരത്തെ സംഘടിപ്പിച്ചിട്ടുണ്ട് .കഞ്ഞി ,അച്ചാര്‍ എന്നീ വിശിഷ്ട വിഭവങ്ങള്‍ ഉണ്ടാക്കും ,പിന്നെ പങ്കജ് ഉദാസിന്റെ പാട്ട് കേള്‍ക്കും .എന്നിട്ടും സമയം ബാക്കി .ജോലി ഉള്ളാപ്പോള്‍ നില്‍ക്കാന്‍  സമയമില്ല.അല്ലെങ്കില്‍ ഇരുന്നിരുന്നു മരക്കും,ഇതാണ് സ്ഥിതി ,നാട്ടിലായിരുന്നെങ്കില്‍ വല്ല വായന ശാലയിലോ മറ്റോ പോയി സമയം കളയാമായിരുന്നു ,ഇവിടെ എന്ത് വായന (ഡോക്ടര്‍ ഫ്രാന്‍സിസ് ഗോമെസ് ലൈബ്രറി അന്നില്ല )എന്ത് പുസ്തകം .എനിക്കാണെങ്കില്‍ കമ്മ്യൂ നിക്കേഷന്‍ സ്കില്‍ കൂടുതലായതിനാല്‍ അയല്‍വക്കത്തെ ആരെയും അറിയില്ല (ഞങ്ങടെ തൊട്ടടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടിയെ എനിക്ക് കല്യാണം ആലോചിച്ചപ്പോള്‍ ആ പെണ്ണിന്റെ തന്ത കുളത്തില്‍ കെട്ടിത്താത്തിയാലും എട്ടു വര്‍ഷത്തിനിടെ ഒന്ന് ചിരിക്കാത്ത അവനു കൊടുക്കില്ല എന്ന് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട് )സമയം പോകാന്‍ ഒരു വഴിയുമില്ല .പിറകിലെ വാതില്‍ തുറന്നപ്പോള്‍ നിറയെ കാട് പിടിച്ചു കിടക്കുന്ന കാട്ടുചെടികള്‍ ,വള്ളികള്‍ .വള്ളികള്‍ ഊഞ്ഞാലാക്കുന്ന കിളികള്‍ ,അവയുടെ കൊച്ചു വര്‍ത്തമാനങ്ങള്‍ .ഐഡിയ ,കൃഷി തുടങ്ങിയാലോ ?ഉവ്വ് അത് തന്നെ പണി ,                                                                                പക്ഷെ അത് അത്ര എളുപ്പം ആയിരുന്നില്ല ,ഒരു കൈക്കോട്ടു വാങ്ങാന്‍ ഞാന്‍ പെട്ട പാട് ,അതിന്റെ ഹിന്ദിപ്പെരുണ്ടോ എനിക്കറിയുന്നു?പിന്നെ അഭിനയിച്ചും ബബ്ബബ്ബ യടിച്ചും ഒക്കെ ഒരെണ്ണം ഒപ്പിച്ചു .ഒരു വഴക്കമില്ലാത്ത മണ്ണ് ,ചിലയിടങ്ങളില്‍ കൊഴകൊഴാന്നു ,ചിലേടത്ത് പാറ പോലെ ,നേരത്തെ ചതുപ്പ് ആയിരുന്നത് നികത്തിയത് കൊണ്ടാണ് ,പിന്നെ ആദ്യമായിട്ട് കൈക്കോട്ടു പതിക്കുന്നതിന്റെ ഒരു കള്ളപ്പിണക്കം വേറെ ,പിന്നെ ആള്പ്പോക്കത്തില്‍ വളരുന്ന കുറെ പുല്ലുകള്‍ ,കൈക്കൊട്ടിനെ അതിനു ഒരു പേടിയുമില്ല ,വേര് പിഴുത് കളഞ്ഞാലെ പുള്ളി അനങ്ങൂ .പാമ്പിനെ പേടിച്ചിരുന്നെങ്കിലും ആരും എന്‍റെ മുന്നില്‍ വന്നില്ല ,എന്തായാലും എങ്ങനെയെങ്കിലും കുറച്ചു സ്ഥലം ഞാന്‍ വെട്ടിത്തെളിച്ചു.വള്ളികളില്‍ ഊഞ്ഞാലാടുമായിരുന്ന കുഞ്ഞിക്കിളി വീട്ടു മുറ്റത്തെ ലന്ത മരത്തില്‍ വന്നു കുറെ ആവലാതി പറഞ്ഞു .ഞാന്‍ കേട്ടില്ല എന്ന് നടിച്ചു അകത്തേക്ക് പോയി .                                                                                                        ഇതിനിടെ എന്‍റെ കല്യാണം കഴിഞ്ഞു .എന്നോടൊപ്പം പാര്‍ക്കാന്‍ അവളും എത്തി ,എന്‍റെ കിളിയെ ഞാന്‍ രാവിലെ പാട്ട് പാടന്‍ എത്തുന്ന കിളികളെ കാണിച്ചു കൊടുത്തു.പിറകിലെ ഇച്ചിരി സ്ഥലത്ത് കൃഷി ചെയ്യാന്‍ അവളും കൂടി ,ആദ്യം വെച്ചത് ഒരു വാഴത്തൈ .എന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു ചേട്ടന്‍ തന്നത് ,കന്നി മണ്ണാണ് .വാഴത്തൈ നില്‍ക്കുന്ന നില്‍പ്പില്‍ കേറിയങ്ങ് തെഴുത്തു .പിന്നെ നേരമെത്തുന്നതിന്റെ മുന്നേ കുലച്ചു .പിന്നെ കുറെ വാഴതൈകളുംതന്നു . ,ആദ്യത്തെ പരീക്ഷണം വിജയിച്ച ത്രില്ലില്‍ കുറച്ചു പച്ചക്കറി കൂടെ കൃഷി ചെയ്യാം എന്ന് തീരുമാനിച്ചു ,അവിടെയും പ്രശ്നം ഭാഷ തന്നെ ,വിത്തുകള്‍ വില്‍ക്കുന്ന കടയില്‍ ചെന്ന് കയ്യും കലാശവും കാട്ടി കുറെ വിത്തുകള്‍ സംഘടിപ്പിച്ചു .വെണ്ടയും പയറും ഒക്കെ ക്കൂടി ഞാന്‍ ഒരുമിച്ചു വിതച്ചു ,ഒന്നുമറിയാത്ത എനിക്ക് എന്തും ചെയ്യാലോ .                                                                                                        വെണ്ടയും പയറും ഒക്കെ കിളിര്‍ത്തു വന്നു .രാവിലെ ചായ കുടിച്ചിരിക്കുമ്പോള്‍ അവയെന്നെ നോക്കി തലയാട്ടിച്ചിരിച്ചു .അതില്‍ കയറുന്ന പുഴുക്കളെ പറ്റി,കീടങ്ങളെ പറ്റി ഒക്കെ മാത്രം സംസാരിക്കുന്ന എന്നെ നോക്കിഎന്റെ ഭാര്യ  ഞാന്‍ കാണാതെ മുഖം കോട്ടി.പക്ഷെ ഈ ചെടികള്‍ക്കിടയില്‍ ഒരുത്തനെ മാത്രം എനിക്കൊരു പരിചയവും തോന്നിയില്ല .ഇവനേത ഈ ചെടി ? ഗോവയില്‍ മാത്രം കാണുന്ന ഏതെങ്കിലും പച്ചക്കറിയായിരിക്കും.എന്നാലും അവനെതാ ?അങ്ങനെയിരിക്കെ അതില്‍ മൊട്ടു വന്നു ,അതോ കായോ ?"ഈ ചെടി അങ്ങ് പറിച്ചു കളഞ്ഞേക്ക് .നേരത്തെ ഇവിടെ ഉണ്ടായിരുന്ന എന്തെങ്കിലും കാട്ടുചെടിയായിരിക്കും"എന്ന് സര്‍വത്തിന്റെയും വിജ്ഞാന കോശമായ വാമഭാഗം . ഞാന്‍ പെണ്‍വാക്ക് കേള്‍ക്കുന്നവന്‍ അല്ലാത്തതിനാല്‍ നേരെ തിരിച്ചു ചെയ്തു .നോക്കാമല്ലോ എന്ന് മനസ്സിലും കരുതി.                                                                                                                                                               പിറ്റേന്ന് വെളുപ്പിനെ കൂര്‍ക്കം വലിച്ചുറങ്ങിയിരുന്ന എന്നെ പിടിച്ചു വലിച്ചു കൊണ്ട് വന്നു  പൊണ്ടാട്ടി ഒരു കാഴ്ച കാണിച്ചു തന്നു .കിഴക്ക് നിന്നുദിച്ചു വന്നു കൊണ്ടിരുന്ന സൂര്യനെ നോക്കി ചിരിച്ചു കൊണ്ട് അതിനെക്കാളും വട്ടത്തില്‍ വലിയൊരു സൂര്യകാന്തിപ്പൂ ഞങ്ങളുടെ പേരറിയാ ചെടിയില്‍ വിടര്‍ന്നു വിലസുന്നു ..!                                                   

No comments:

Post a Comment

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ