തീവണ്ടി മുറിയിലേക്ക് കാലെടുത്ത് വെച്ചതും ഒരൊറ്റച്ചാട്ടത്തിന് ഞാന്‍ പുറത്തു ചാടി.*ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ഒരാള്‍ എന്നെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഒരു ഭീമന്‍ അല്‍സെഷ്യന്‍ നായ . എനിക്കു നേരെ തന്‍റെ ഗംഭീര സ്വരത്തില്‍ അത് കുരച്ചു.ഗര്‍ഭിണിയായ ഭാര്യയുടെ അസുഖം കൊണ്ട് സ്വതേ പരിഭ്രമിച്ചിരുന്ന ഞാന്‍ കൂടുതല്‍ പരിഭ്രമിച്ചു .
"കീപ്പ് ക്വയറ്റ് ജീമ്മീ " ചട്ടിത്തലയന്‍ ആയ അവന്‍റെ യജമാനന്‍ ശ്വാനവീരനെ ശാസിച്ചു . അഴകുള്ള കറുപ്പും തവിട്ടും രോമങ്ങള്‍ ഇടകലര്‍ന്ന തന്‍റെ ശരീരം ജിമ്മി വീണ്ടും ബെര്‍ത്തിന്മേല്‍ പ്രതിഷ്ഠിച്ചു.
"നിങ്ങളോടാരാ ഈ ജന്തുവിനെ ഇതിനുള്ളില്‍ കയറ്റാന്‍ പറഞ്ഞത്? "നായയുടെ ഉടമയോട് ഞാന്‍ കയര്‍ത്തു .ട്രെയിന് ഉള്ളില്‍ മൃഗങ്ങളെ കൊണ്ടുപോകുന്നത് അനുവദനീയമല്ല . പ്രത്യേകിച്ചും നായകളെ .അവയെ പ്രത്യേകം ടിക്കറ്റ് ബുക്ക് ചെയ്ത് ഗാര്‍ഡ് വാനില്‍ കൊണ്ട് പോകണം എന്നാണു നിയമം .ചട്ടിത്തലയന്‍ ആദ്യമൊന്നു ഇടഞ്ഞെങ്കിലും ഞാന്‍ അയഞ്ഞു കൊടുത്തില്ല .
ഇവിടത്ത്കാരോടു ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിച്ചില്ലെങ്കില്‍ അവര്‍ നമ്മെ പൊടി തൂളാക്കും .കുറെക്കാലമായി യാത്ര ചെയ്യുന്ന എനിക്ക് അവരെ കൈകാര്യം ചെയ്യേണ്ട രീതി നന്നായറിയാം . നിയമപ്രകാരം എന്‍റെ ഭാഗത്താണ് ശരി .അതുമല്ല നായകളെ ചെകുത്താനേപ്പോലെ ഭയക്കുന്ന എന്‍റെ ബീവി പുറത്ത് നില്‍ക്കുന്നുണ്ട് . പണ്ടേ ദുര്‍ബ്ബല , ഇപ്പോള്‍ ഗര്‍ഭിണി എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന നിലയിലാണ് അവളുടെ നില്‍പ്പ് . ഭയപ്പെടുത്തലിനും അനാവശ്യചികിത്സകള്‍ക്കും കേളി കേട്ട ഞങ്ങളുടെ ഗൈനക്കോളജിസ്റ്റ് "അവളെ ഉടനെ അഡ്മിറ്റ് ചെയ്യണം" എന്ന് പറഞ്ഞു ഞങ്ങളെ ഇരുവരെയും ഭയപ്പെടുത്തിയിരുന്നു .
ഒരു ടെസ്റ്റ് ട്യൂബില്‍ മൂത്രത്തിന്‍റെ സാമ്പിള്‍ എടുത്ത് കൊണ്ട് പോയി കുറച്ചു നേരം കഴിഞ്ഞു മാജിക്ക്കാരെ പോലെ പാല്‍നിറമാക്കിക്കൊണ്ട് വന്ന നഴ്സ് എബോള വൈറസിനെ കണ്ടെത്തിയ പോലെ ആ ടെസ്റ്റ് ട്യൂബ് ഉയര്‍ത്തിക്കാട്ടി ഭീകരമായ ഭാവഹാവാദികളോടെ നിലവിളിച്ചു;"ഡോക്ടര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ !! പിയൂറിയാആആആആ " ഞാനും എന്‍റെ പെണ്ണും പേടിച്ച് വിറച്ചു പോയി .ഞങ്ങള്‍ ചാക്കില്‍ കയറി എന്ന് ബോധ്യപ്പെട്ടത് കൊണ്ടാവാം ,ഒരു ആഫ്രിക്കന്‍ കുരങ്ങിന്‍റെ രൂപ സാദൃശ്യമുള്ള ഡോക്ടര്‍ ഞങ്ങളോട് കാരുണ്യത്തിന്‍റെ കാണപ്പെട്ട ദേവത ആയി . "ഇവിടെ എല്ലാ സൌകര്യങ്ങളും ഉണ്ട് ,ഇപ്പോള്‍ത്തന്നെ അഡ്മിറ്റ് ആയിക്കൊള്ളൂ "
ഏത് ഭയത്തിന്‍റെ കൊടുമുടിയിലും ഇമ്മാതിരി ഉടായിപ്പുകള്‍ക്ക് ഞാന്‍ നിന്ന് കൊടുക്കാറില്ല . "ദേ വരുന്ന്‍"എന്ന് ചെറുവിരലില്‍ ഡോക്ടറെ നിറുത്തി ഞാന്‍ നേരെ പാഞ്ഞത് ഞങ്ങളുടെ കമേര്‍ഷ്യല്‍ ഓഫീസറുടെ ക്യാബിനിലെക്കാണ്.അദ്ദേഹത്തിന്‍റെ കാലും കയ്യും പിടിച്ചു അന്ന് ഉച്ചക്ക് പുറപ്പെടുന്ന പൂര്‍ണ്ണേശ്വരി എക്സ്പ്രസ്സില്‍ ഞാനൊരു ബെര്‍ത്ത് സംഘടിപ്പിച്ചു .ആ ബെര്‍ത്തിലാണ് ഈ പട്ടിയും അവന്‍റെ ചട്ടിത്തലയന്‍ പാപ്പാനും കേറി ഞെളിഞ്ഞിരിക്കുന്നത് .
"ടിടിഇ"യെ വിളിച്ചോണ്ട് വരണോ ? "ഞാന്‍ ഭീഷണിപ്പെടുത്തി .(ഹോ; എന്നെ സമ്മതിക്കണം! ).എന്നെക്കുറിച്ച് അയാള്‍ക്ക് അറിയാത്തത് ഭാഗ്യമായി .അത് കൊണ്ട് അയാള്‍ വളരെ വിനയത്തോടെ ഒരു കൊമ്പ്രമൈസ് ഫോര്‍മുല വെച്ചു .
"നിങ്ങള്‍ക്ക് ഒരു സീറ്റ് അല്ലെ ഇവിടെയുള്ളൂ..അടുത്ത കമ്പാര്‍ട്ട്മെന്റില്‍ എനിക്ക് മൂന്ന്‍ സീറ്റ് ഉണ്ട് .മൂന്നും കാലിയാണ്.അത് നിങ്ങള്‍ എടുത്തോളൂ "
"അതൊന്നും പറ്റില്ല .ടിടിഇ വന്നാല്‍ പിന്നെ ഞാന്‍ പിറകെ തൂങ്ങണം "
"ഇല്ലെന്നേ,ആ സീറ്റ് ടിടിഇ വന്നു പരിശോധിച്ച് പോയതാണ്,നമ്മള്‍ തമ്മില്‍ സീറ്റ് വെച്ച് മാറിയതാണ് എന്ന് ഞാന്‍ ടിടിഈയോട് പറഞ്ഞോളാം .ഇവിടെ നിന്ന് എന്നെ ഇറക്കി വിട്ടാലും ഞാന്‍ നിങ്ങളെ ശല്യപ്പെടുത്തില്ല പോരെ ".അത് തരക്കേടില്ല എന്നെനിക്കും തോന്നി .ഒന്നാമത് എനിക്ക് ആകെ ഒരു സീറ്റേ ഉള്ളൂ .അത് തന്നെ സൈഡ് അപ്പര്‍ , ഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് അതിന്‍റെ മുകളില്‍ വലിഞ്ഞു കേറുന്നത് ചില്ലറ പങ്കപ്പാട് അല്ല .ഇതാകുമ്പോ ഒന്ന് വെച്ചാല്‍ മൂന്ന്‍.. "കൊള്ളാം !"
"നിങ്ങള്‍ ഇങ്ങനെ മൃഗങ്ങളെ കൊണ്ട് വരുന്നത് നിയമ വിരുദ്ധമാണ് .ഞാന്‍ എങ്ങനെ അത് സമ്മതിക്കും ?"
മനസ്സില്ലാ മനസ്സോടെയെന്ന ഭാവത്തില്‍ ഞാന്‍ ഞൊടിഞ്ഞു .പിന്നെ "നിര്‍ബന്ധിച്ചത് കൊണ്ടാ ,അല്ലെങ്കില്‍ കാണാമായിരുന്നു" എന്നമട്ടില്‍ ഞാന്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് നീങ്ങി .ട്രെയിനും നീങ്ങിത്തുടങ്ങി .പോകുന്ന വഴി കളിപ്പാട്ടക്കടയില്‍ തുണിപ്പാവകളെ നിരത്തി വെച്ചിരിക്കുന്നത് മാതിരി ആ കൂപ്പെയിലെ ഓരോ ബെര്‍ത്തിലും നിരന്നിരിക്കുന്ന പലതരം പട്ടിക്കുഞ്ഞുങ്ങളെ കണ്ട് ഞാന്‍ ദേഹത്ത് ഒന്ന് നുള്ളി നോക്കി ,അല്ല , ഞാന്‍ കിനാവ് കാണുകയൊന്നുമല്ല,ഞാന്‍ ഒരു കെന്നലിലല്ല,നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനില്‍ത്തന്നെയാണ്.
അയാള്‍ എനിക്ക് വാഗ്ദാനം ചെയ്ത ബര്‍ത്തുകള്‍ ഒരു കൂപ്പെയില്‍ത്തന്നെ ഉള്ള മൂന്നെണ്ണം ആയിരുന്നു .ലോവര്‍ ,മിഡില്‍ ,അപ്പര്‍ എന്നിങ്ങനെ . ഞങ്ങള്‍ കണ്ട സമയം മുതല്‍ കരയുകയും മൂക്കുപിഴിയുകയും മാത്രം ചെയ്യുന്ന ഒരു പെണ്‍കുട്ടി ഒഴികെ വേറെ ആരും ആ കൂപ്പെയില്‍ ഉണ്ടായിരുന്നില്ല . ചെറിയ സമാധാനം തോന്നി . യാത്രക്കിടയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാവുന്ന ഒന്നുമില്ല..ഭാര്യയെ താഴത്തെ ബെര്‍ത്തില്‍ വിശ്രമിക്കാന്‍ വിട്ടു ഞാന്‍ ഒരു പുസ്തകം തുറന്നു .
എതിര്‍വശത്തെ സീറ്റിനു വേറെയും ചില അവകാശികള്‍ കൂടി വന്നത് പെട്ടെന്നാണ് .എല്ലാവരും എന്തായാലും ആ കമ്പാര്‍ട്ട്മെന്റില്‍ ഉള്ളവര്‍ അല്ല,ഉറപ്പ്..മൂന്നു നാല് സ്ത്രീകള്‍...കൊടുമയേറിയ ദാരിദ്ര്യവും മനോവിഷമങ്ങളും കൊണ്ട് ഉണങ്ങിപ്പോയവര്‍ .വില കുറഞ്ഞ മങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചിരുന്നവര്‍..അവര്‍ പരസ്പരം കൊങ്കണിയില്‍ കടുപുടു കടുപുടു എന്നിങ്ങനെ എന്തെല്ലാമോ പായ്യാരംപറഞ്ഞു കൊണ്ടിരുന്നു .ക്ഷീണം എല്ലാം കുടഞ്ഞെറിഞ്ഞ് എന്‍റെ ബീവി ഭാഷ ഒന്നുമറിയില്ലെങ്കിലും അവരോടൊപ്പം ചേര്‍ന്നു.നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തുന്നതില്‍ അവളെക്കഴിഞ്ഞേ ഇന്ത്യ മഹാരാജ്യത്ത് വേറെ ആളുണ്ടാവൂ . അതിനവള്‍ക്ക് അതിര്‍ത്തികള്‍ ,വര്‍ണ്ണം, വര്‍ഗ്ഗം ,ഭാഷ ഒന്നും തടസ്സമല്ല .
കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും ചേര്‍ന്ന് മുട്ട് കുത്തി നിന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി .ആ ഒഴിവിന് ശേഖരിച്ച വിവരങ്ങള്‍ ഒക്കെ വാമഭാഗം എന്നോട് പങ്ക് വെച്ചു .അവരെല്ലാം ഗ്രൂപ്പ് ആയി നമ്മുടെ നാട്ടിലെ ഒരു പ്രമുഖ ധ്യാനകെന്ദ്രത്തിലെക്ക് പോകുകയാണ് .ആ സ്ത്രീകള്‍ മാത്രമല്ല ആ ബോഗിയിലെ ഭൂരിഭാഗം പേരും മാനസികമായി തകരാറുള്ളവരോ ബുദ്ധിമാന്ദ്യമുള്ളവരോ ഒക്കെ ആണ് .എല്ലാ വെള്ളിയാഴ്ചയും ആ ധ്യാനകേന്ദ്രത്തില്‍ പോകുന്നവര്‍ക്കായി പൂര്‍ണ്ണേശ്വരിയില്‍ പ്രത്യേക ബോഗി ഘടിപ്പിക്കാറുണ്ടെന്ന കാര്യം എനിക്കോര്‍മ്മവന്നു.
കരഞ്ഞു കൊണ്ടിരിക്കുന്ന പെണ്‍കുട്ടി മാത്രമേ അവരുടെ ഗ്രൂപ്പില്‍ അല്ലാതുള്ളൂ..ആ പെണ്‍കുട്ടി എന്തിനു കരയുന്നു എന്നത് മാത്രം അവള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല .(കുറച്ചു കഴിയട്ടെ ,അവള്‍ ആ പെങ്കൊച്ചിന്‍റെ ജനനം മുതലുള്ള വിവരങ്ങള്‍ മുഴുവന്‍ തോണ്ടിയെടുത്ത് കൊണ്ട് വരും .ഉറപ്പ്!)
അതിനിടെ സോഡാക്കുപ്പിക്കണ്ണട വെച്ച ഒരു ചെറുപ്പക്കാരന്‍ അവരോടൊപ്പം ചേര്‍ന്നു . സ്ത്രീകളെല്ലാം അയാളുടെ തലയില്‍ കൈ വെച്ച് കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു.ഇനിമേല്‍ മദ്യപിക്കരുതെന്ന് ദീനമായി അയാളോട് അപേക്ഷിക്കുന്നു . അവരുടെ മട്ടും ഭാവവും കാണ്‍കെ എനിക്ക് അസ്വസ്ഥത തോന്നി . പക്ഷെ ആ ചെറുപ്പക്കാരന്‍ കൈ കൂപ്പി വളരെ അനുസരണയോടെ മുട്ട് കുത്തി നില്‍ക്കുന്നു. എല്ലാം കേള്‍ക്കുന്നു..സ്ത്രീകള്‍ കരയുന്നു .പൊഴിയുന്ന കണ്ണുനീര്‍ത്തുള്ളികള്‍..പ്രാര്‍ത്ഥനകള്‍ ... കണ്ണുനീര്‍ത്തുള്ളികള്‍ .. പ്രാര്‍ത്ഥനകള്‍ കണ്ണുനീര്‍ത്തുള്ളികള്‍...
പുസ്തകം നല്ലൊരു കൂട്ടുകാരന്‍ ആകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ് . ഞാന്‍ വീണ്ടും വായനയിലേക്ക് മടങ്ങി .എന്‍റെ ശ്രദ്ധയെ തെറ്റിച്ച് കൊണ്ട് മധുരമായ സ്വരത്തില്‍ ആ ചെറുപ്പക്കാരന്‍ പാടാന്‍ തുടങ്ങി .കൊങ്കണിഭാഷയിലുള്ള ഏതോ ഒരു ക്രിസ്തീയ ഭക്തി ഗാനം . അതിന്‍റെ ഒരു വാക്ക് പോലും എനിക്ക് മനസ്സിലായില്ല , എങ്കിലും അതിനങ്ങനെ ആയിരിക്കും എന്ന് ഞാന്‍ വെറുതെ വിചാരിച്ചു .
"സ്വര്‍ഗ്ഗത്തിലേക്ക് ദൈവം വിളിക്കുന്നു
പാപിയാണെങ്കിലെന്ത്?
നിന്‍റെ പാപം ചുമക്കുവാന്‍ അവന്‍ തയ്യാറാണല്ലോ"
കുടിച്ച് കുടിച്ച് മാനസികരോഗി ആയിപ്പോയ ഒരാളില്‍ നിന്നാണോ ഇത്ര മധുരമായ രാഗസുധ ഒഴുകുന്നത് ?മുകളിലത്തെ ബെര്‍ത്തില്‍ നിന്ന് നിര്‍ന്നിമേഷം ഞാന്‍ അയാളെ നോക്കിക്കൊണ്ടിരുന്നു .എന്‍റെ മനസിലെ എല്ലാ നോവുകളും പൊടുന്നന്നെ മാഞ്ഞു പോയി . "ഏത് കൂരിരുളിലും നീ വീണുപോകാതെ നയിക്കുന്ന പ്രകാശം നിന്‍റെ കൂടെയുണ്ട് "എന്ന് ആ ചെറുപ്പക്കാരന്‍ എനിക്ക് അയാളറിയാതെ തന്നെ ഉറപ്പ് തന്നു . അതിനിടെ ഉച്ചഭക്ഷണവുമായി വെയിറ്റര്‍ വന്നു .പ്രാര്‍ത്ഥനയില്‍ നിന്ന് വിരമിച്ച് എല്ലാവരും ഭക്ഷണവുമായി താന്താങ്ങളുടെ സീറ്റിലേക്ക് മടങ്ങി .
കൈ കഴുകാന്‍ ചെല്ലുമ്പോള്‍ വെസ്റ്റിബ്യൂളിനു അരികെ ചെറിയ ഒരു കൂട്ടം. സോഡാക്കുപ്പി ഒത്ത നടുക്ക് തന്നെ നില്‍ക്കുന്നുണ്ട് .വേറെ രണ്ടുമൂന്നു ബര്‍മ്മുഡക്കാരും ഉണ്ട് കൂട്ടിന്. മദ്യപാനം കഴിക്കാനുള്ള പുറപ്പാടാണ് .തുലയാന്‍ !ഈ മനോരോഗികളുടെ ബോഗിയില്‍ തന്നെ വന്നു പെട്ടല്ലോ .നല്ല കുട്ടി ആയി മദ്യപിക്കില്ലെന്നു വാക്ക് കൊടുത്തവനാണ് ഏറ്റവും ഉത്സാഹം .കുടുംബമായി സഞ്ചരിക്കുമ്പോള്‍ ഇതൊക്കെ വല്ലാത്ത ശല്യം തന്നെ .പോയി ഇതൊന്നും ഇതിനുള്ളില്‍ പറ്റില്ലെന്ന് പറഞ്ഞാലോ ?. ഇവിടത്തുകാരുടെ തിണ്ണമിടുക്ക് കുപ്രസിദ്ധമായത് കൊണ്ടും അസാമാന്യ ധൈര്യശാലി ആയത് കൊണ്ടും പതഞ്ഞു വന്ന അരിശം ഉള്ളിലടക്കി ഒന്നും കാണാത്ത മട്ടില്‍ ഞാന്‍ തിരിച്ചു പോയി .വണ്ടി നമ്മുടെ നാട്ടിലേക്ക് കടക്കട്ടെ .. കാണിച്ചു കൊടുക്കാം !
ഊണ് കഴിച്ചു കൊണ്ടിരിക്കെ പുതിയ ഒരു ശിപാര്‍ശ ഭാര്യ അവതരിപ്പിച്ചു .
"നമുക്ക് ഒരു ബെര്‍ത്ത് ഫ്രീ ആയി കിട്ടിയിട്ടുണ്ടല്ലോ .അതില്‍ ഒരെണ്ണം ഇവരുടെ ഗ്രൂപ്പില്‍ ടിക്കറ്റ് ഇല്ലാത്ത രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട് . അവര്‍ക്ക് കൊടുക്കാമോ ?"
എനിക്ക് പ്രത്യേകിച്ച് യാതൊരു ചേതവും ഇല്ലാതിരുന്നിട്ടും ഞാന്‍ മടിച്ചു. ആ സീറ്റ് അങ്ങനെ ആര്‍ക്കെങ്കിലും കൊടുക്കാനുള്ള യാതൊരു അധികാരവും എനിക്കില്ല . ടിടിഇ വന്നാല്‍ എന്‍റെ സീറ്റ് തന്നെ നൂലിന്മേലാണ്..അപ്പോഴാണ് വേറെ ഒരു വണ്ടീം വലേം ! എങ്കിലും ഉന്നതതല സമ്മര്‍ദ്ദം അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ലല്ലോ .രണ്ടു പെണ്‍കുട്ടികള്‍ക്കും കൂടി എന്‍റെ കയ്യില്‍ ബാക്കിയുണ്ടായിരുന്ന ബെര്‍ത്ത് നല്‍കാമെന്നു ഞാന്‍ സമ്മതിച്ചു .പത്തിരുപത് വയസ്സ് പ്രായമുള്ള സുന്ദരികളായ രണ്ടു പെണ്‍കുട്ടികള്‍ . ഇളയവള്‍ക്ക് ചെറിയ തോതില്‍ ബുദ്ധിമാന്ദ്യമുണ്ട്.ധ്യാനം കൂടിയാല്‍ ശരിയാകും എന്നാരോ പറഞ്ഞു . ബുദ്ധിമാന്ദ്യമുണ്ടെന്നു പറഞ്ഞത് വെറുതെയല്ല എന്നെനിക്ക് തോന്നി .ഇല്ലെങ്കില്‍ ഇങ്ങനെ അസുഖമുള്ള ഒരാളെയും കൂട്ടി റിസര്‍വ്വേഷന്‍ ഇല്ലാതെ ഇത്രയും ദൂരെ സഞ്ചരിക്കാന്‍ തീരുമാനിക്കില്ലല്ലോ . അതും അതിസുന്ദരികളായ രണ്ടു പെണ്‍കുട്ടികള്‍ !
ചെറിയ ഉച്ചമയക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നത് ആരോ വഴക്കിടുന്ന ശബ്ദം കേട്ടാണ് .സോഡാക്കുപ്പി ആണ് .അവന് കാലു നിലത്തുറക്കുന്നില്ല .വഴക്ക് ഞാന്‍ എന്‍റെ സീറ്റ് നല്‍കിയ പെണ്‍കുട്ടികളുമായിട്ടാണ് .അവര്‍ കിടക്കുന്നത് അയാളുടെ ബെര്‍ത്തില്‍ ആണത്രേ .
"നിന്നെ ഞാന്‍ റേപ്പ് ചെയ്യും സോണിജേ"അയാള്‍ അലറി .
ലജ്ജ കൊണ്ട് ചുവന്നും അപമാനത്താല്‍ വിളര്‍ത്തും പെണ്‍കുട്ടികള്‍ സീറ്റിന്‍റെ ഒരു മൂലയിലേക്ക് ഒതുങ്ങി . എതിര്‍ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഇല്ലെന്നു കണ്ടപ്പോള്‍ സോഡാക്കുപ്പിയുടെ വീര്യം കൂടി .ഇംഗ്ലീഷിലും കൊങ്കണിയിലും തെറി ആയിട്ടുള്ള വാക്കുകള്‍ ഒന്നൊന്നായി ഒഴുകാന്‍ തുടങ്ങി . താഴേക്ക് ഇറങ്ങാന്‍ ഒരുങ്ങിയ എന്നോട് ഇടപെടരുതെന്ന്‍ ഭാര്യ കണ്ണ് കാണിച്ചു .അനുസരണയുള്ള ഭര്‍ത്താവായി ഞാന്‍ എല്ലാം വീക്ഷിച്ച് കൊണ്ടിരുന്നു .
"ആരാടാ ഇവിടെ ബഹളം ഉണ്ടാക്കുന്നത് "എവിടെ നിന്നോ രംഗത്തേക്ക് ചാടി വീണ പത്ത് നാല്‍പ്പത് വയസ്സ് ഉള്ള ഒരു മലയാളി ചേട്ടന്‍ ആണ് .മൂപ്പരും നല്ല ഫിറ്റ് ആണ് .
"ഹൂ ആര്‍ യു ബ്ലഡിഫൂള്‍? "സോഡാക്കുപ്പി മലയാളി ചേട്ടന് നേരെ തിരിഞ്ഞു .
"ങേ ?" ഇംഗ്ലീഷ് കേട്ട അന്ധാളിപ്പില്‍ മലയാളി ചേട്ടായി ചുറ്റും നോക്കി .എല്ലാവരും നാടകം കാണാനെന്ന പോലെ ഇരിക്കുന്നു.
"ഹൂ ആര്‍ യൂ ടു ആസ്ക് മീ?യു സ്കൌണ്ട്രല്‍ " വീണ്ടും ചോദ്യമുയര്‍ന്നു .ഒപ്പം ശൌര്യത്തോടെ സോഡാക്കുപ്പിക്കണ്ണടക്കാരന്‍ മലയാളി ചേട്ടായിക്ക് നേരെ തിരിഞ്ഞു .ഇനിയെന്തെങ്കിലും മിണ്ടിയാല്‍ തല്ലും എന്നമട്ടിലാണ് നില്‍പ്പ് !
"ങേ ,അത്രേള്ളൂ .എന്നാപ്പിന്നെ .."
ഒന്നുമറിയാത്ത പോലെ സ്ഥലം കാലിയാക്കിയ ആ ചേട്ടന്‍ എങ്ങോട്ട് പോയി എന്ന് ഞാന്‍ പിന്നെ കണ്ടേയില്ല .ചിലപ്പോള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് താഴോട്ടു ചാടിക്കാണും..ഏതായാലും നേരത്തെ കണ്ട സ്ത്രീകളില്‍ ഒരാള്‍ "ഇജോ "എന്ന്‍ ശബ്ദമുയര്‍ത്തി വിളിച്ചതോടെ സോഡാക്കുപ്പി അടങ്ങി . പെണ്‍കുട്ടികള്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു .ഞങ്ങളും !
മിഡില്‍ ബെര്‍ത്തില്‍ കേറി ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും കൂര്‍ക്കം വലിച്ചു കൊണ്ട് ഇജോ ഉറക്കമായതോടെ ഞാന്‍ പുസ്തകത്തിലെക്കും കരച്ചില്‍ നിറുത്തിയിരുന്ന ചെറുപ്പക്കാരി വീണ്ടും വിതുമ്പലിലെക്കും എന്‍റെ ഭാര്യ ഗര്‍ഭാലസ്യത്തിന്‍റെ ആവലാതികളിലെക്കും ഇജോയുടെ ഗ്രൂപ്പില്‍പ്പെട്ടവര്‍ പ്രാര്‍ത്ഥനകളിലേക്കും മടങ്ങി .
രാത്രി ആയപ്പോഴും കാര്യങ്ങള്‍ക്ക് ഒരു വ്യത്യാസവും വന്നില്ല . ഇജോയും കൂട്ടുകാരും ഇടതടവില്ലാതെ ഡിസ്പോസബിള്‍ ഗ്ലാസ്സിലെ മഞ്ഞനിറമുള്ള ദ്രാവകത്തില്‍ മുങ്ങിപ്പൊങ്ങി .കരയുന്ന പെണ്‍കുട്ടിക്ക് ഇടക്കിടെ ഫോണ്‍ വന്നു കൊണ്ടേയിരുന്നു . മുക്കിയും മൂളിയും എന്തെങ്കിലും പറഞ്ഞൊപ്പിച്ചിട്ട് പെണ്കുട്ടി ആരോടൊക്കെയോ പക തീര്‍ക്കുന്ന മാതിരി കരയാന്‍ തുടങ്ങും , മാസ്സ് പ്രൊഡക്ഷനുള്ള കണ്ണുനീര്‍ ഫാക്ടറികളാണോ സ്ത്രീകളെന്നെന്നില്‍ പരിഹാസമുദിക്കുംവണ്ണം നിര്‍ത്തില്ലാതെ അത് തുടര്‍ന്നു .നേരത്തെ വന്ന പ്രാര്‍ഥനാ സംഘത്തെ കാണാനില്ല . ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടി വെറുതെ ചിരിക്കുന്നു. എന്‍റെ ഭാര്യ ക്ഷീണം ആഘോഷിക്കുന്നു .
വാതിലിനരികെ നിന്ന് വെറുതെ ഞാന്‍ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു . വൈക്കോല്‍ മണമുള്ള ഒരു തണുത്ത കാറ്റ് ഓടി വന്നെന്നെത്തൊട്ടു.
"ബ്രദര്‍ !" ഇജോ ആണ് .കണ്ണട ഒഴികെയുള്ള ഭാഗത്ത് മുഖക്കുരു കുഴിച്ച വലിയ വലിയ കുഴികള്‍ അവനൊരു വില്ലന്‍ ലുക്ക് നല്‍കുന്നുണ്ട്! "ഇതെന്താന്നറിയാമോ?"ഒരു പത്തു രൂപാ നോട്ടു നിവര്‍ത്തിക്കാട്ടി അവനെന്നോടു ചോദിച്ചു .ഞാന്‍ കൌതുകത്തോടെ അവനെ നോക്കുക മാത്രം ചെയ്തു .
" ഇതാണ് ലൈഫ് ,ഇതിന്‍റെ ഒരു വശം സുഖം ,മറുവശം ദുഃഖം "
"ധ്തൂ !അവന്‍റെ ഒരു ഫിലോസഫി!! .ഒന്നാം ക്ലാസ് മുതല്‍ കേള്‍ക്കുന്ന ഒരു ക്ലീഷേ ഡയലോഗും കൊണ്ടിറങ്ങിയിരിക്കുന്നു . വെള്ളമടിച്ചാലെങ്കിലും ഈ കുരുപ്പിന് എന്തെങ്കിലും പുതുമയുള്ള തത്വശാസ്ത്രം പറഞ്ഞു കൂടെ?,ബ്ലഡിഫൂള്‍ "
സീന്‍ അധികം ഡാര്‍ക്കാവുന്നതിന് മുന്‍പേ ഞാന്‍ സ്കൂട്ടായി .എനിക്ക് ഞാനല്ലാതെ മറ്റാരെങ്കിലും ഇമ്മാതിരി ഫിലോസഫി പറയുന്നത് കേട്ടാല്‍ തരിച്ച് വരും !
അടുത്ത കമ്പാര്‍ട്ട്മെന്റിലെ ടിടി ഈ സീറ്റില്‍ പോയിരുന്നു ഞാന്‍ വീണ്ടും ഓരോന്നാലോചിച്ച് കൊണ്ടിരുന്നു ഇരുളില്‍ നിന്ന് ഇരുളിലേക്ക് ഞങ്ങളുടെ രാത്രിയും കൊണ്ടോടുന്ന തീവണ്ടി ..ഇതില്‍ എന്തെന്ത് തരക്കാരായ മനുഷ്യര്‍ !ഏതെല്ലാം ദേശക്കാര്‍ !ഇന്ത്യയുടെ ഒരു ചെറിയ പരിച്ഛേദം ആണ് ഓരോ തീവണ്ടിയും .എല്ലാ അര്‍ത്ഥത്തിലും!
തിരിച്ചു ചെല്ലുമ്പോള്‍ ഇജോ ഉച്ചക്ക് നടത്തിയതിന്‍റെ ഇരട്ടി ഉഗ്രതയോടെ ബഹളം വെക്കുകയായിരുന്നു ,ഞങ്ങള്‍ ദാനം നല്‍കിയ ബെര്‍ത്തില്‍ രണ്ടു പെണ്‍കുട്ടികളും വളരെ കഷ്ടപ്പെട്ട് രണ്ടു വശത്തേക്ക് തല ഒക്കെ വെച്ച് ഉറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അവന്‍റെ വരവ് . ആ ബെര്‍ത്ത് അവന്റെത് ആണെന്നാണ് അവന്‍റെ വാദം !
"ഇറങ്ങടീ ജദേജ,റാണി ജെ... സോണിജേ "
കേള്‍ക്കാന്‍ രസമുള്ളതെങ്കിലും ഈ വാക്കുകള്‍ കൊങ്കണിയിലെ അതിഭയങ്കരമായ തെറികള്‍ ആണെന്ന് എനിക്കറിയാമായിരുന്നു . സാധാരണ ഗതിയില്‍ സ്ത്രീകളുടെ മുന്നില്‍ വെച്ച് പറയാന്‍ പോലും മടിക്കുന്ന ചീത്തവാക്കുകള്‍ .എന്‍റെ ഭാര്യ എതിര്‍വശത്തെ സീറ്റില്‍ പേടിച്ചു വിറച്ചിരിക്കുന്നു .
"ഹേ മിസ്റ്റര്‍ ,ഇത് ഞങ്ങളുടെ ബെര്‍ത്ത് ആണ് "ഞാനിടപെട്ടു .
"ഹൂ ആര്‍ യു മാന്‍?"അത് ശരി ,നേരത്തെ എന്നെ ഫിലോസഫി പറഞ്ഞു ബോറടിപ്പിച്ചത് ഒക്കെ ഇവന്‍ മറന്നോ ?
"ഞാന്‍ ആരെങ്കിലുമാവട്ടെ ,തല്‍ക്കാലം നീ പോയാട്ടെ "പെണ്‍കുട്ടികളുടെ നേരെ ഹിംസ്രജന്തുവിനെപ്പോലെ അലറുന്ന ഇജോയെ ഞാന്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു . ഇരുപത്തിനാല് മണിക്കൂറും ഇരുന്നു തിന്നുക മാത്രം ചെയ്യുന്ന ഒരുത്തന്‍റെ ആരോഗ്യവും മേലനങ്ങി പണി ചെയ്യുന്ന ഒരുത്തന്‍റെ കരുത്തും തമ്മിലുള്ള വ്യത്യാസം അപ്പോഴാണ് ഞാന്‍ അനുഭവിച്ചറിഞ്ഞത് .ഇജോ നിഷ്പ്രയാസം ഒരു കൈ കൊണ്ട് എന്നെ തൂക്കിയെടുത്തു.വലംകയ്യിലെ വിരലുകള്‍ ചൂണ്ടക്കൊളുത്ത് പോലെയാക്കി അവന്‍ എന്‍റെ തൊണ്ടക്കുഴിയില്‍ കുത്തിയിറക്കി .
തീവണ്ടി ഒരു തുരങ്കത്തിലേക്ക് പ്രവേശിച്ചു.എന്‍റെ ഹൃദയം നിലച്ചു പോയിരിക്കുന്നോ??. എന്‍റെ കണ്ണുകളില്‍ ഇരുട്ട് പാടകെട്ടി .ശ്വാസം കഴിക്കാന്‍ ബദ്ധപ്പെട്ടു ഞാന്‍ ചുമച്ചു . തുരങ്കത്തിലൂടെ ആരുടെയോ കൈകള്‍ പിടിച്ചു ഞാന്‍ ഓടാന്‍ തുടങ്ങുന്നു , ശുഭ്രവസ്ത്രധാരിയായ അയാളുടെ കൈകള്‍ക്ക് എന്തൊരു തണുപ്പാണ് !ധ്രുവപ്രദേശങ്ങളില്‍ നിന്നുള്ള കാറ്റോ എന്നെയീച്ചൂഴുന്നത് ?തുരങ്കത്തില്‍ അങ്ങേയറ്റം ഒരു നക്ഷത്രപ്പൊട്ട് പോലെ വെളിച്ചം കാണുന്നുണ്ടോ ?
" ഇജോ.. ഇജോ ..." ദൈവത്തിന്‍റെ ശബ്ദം ഇത്രമേല്‍ സൌമ്യ ദീപ്തമാണെന്നോ?
തണുത്ത ശുദ്ധവായു എന്‍റെ ശ്വാസകോശത്തിലേക്ക് തള്ളിക്കയറി ,ജീവന്‍റെ വെളിച്ചം മിന്നിത്തെളിഞ്ഞു .ബെര്‍ത്തിലിരുന്നു എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞാന്‍ തല കുടഞ്ഞു.പേടിച്ചരണ്ട ശബ്ദത്തില്‍, എന്‍റെ ജീവന്‍ തിരിച്ചു പിടിച്ച തന്വിയാള്‍ ഭയചകിതയായി എന്നെ പേരെടുത്ത് വിളിച്ചു കൊണ്ടേയിരുന്നു.കുറച്ചു നേരം കഴിയേണ്ടി വന്നു ഞാന്‍ സാധാരണ നിലയിലേക്ക് എത്താന്‍ .വേവലാതിയോടെ .മരണവെപ്രാളം കാണിക്കുന്ന എന്‍റെ ജീവന്‍ രക്ഷിക്കാനായി എന്‍റെ പെണ്ണ് ഓടിപ്പാഞ്ഞുനടന്ന്, എവിടന്നോ ഇജോയുടെ അമ്മയെ വിളിച്ചു കൊണ്ട് വന്നതാണ് .ഒരു മിനിറ്റ് വൈകിയിരുന്നെങ്കില്‍ .!!
ഇജോക്ക് അവന്‍റെ യഥാര്‍ത്ഥ ബെര്‍ത്ത്(പെണ്‍കുട്ടികള്‍ക്ക് ഞാന്‍ നല്‍കിയതിനു നേരെ എതിര്‍വശത്തുള്ള മിഡില്‍ ബെര്‍ത്തായിരുന്നു അവന്റെത് ) ചൂണ്ടിക്കാണിച്ചു കൊടുത്ത് അവനെ പുതപ്പിച്ചു ശാന്തനാക്കിയ ശേഷം ആ സാധ്വി എന്നോട് മകനു വേണ്ടി പൊറുക്കലിനായി യാചിച്ചു .ദേഷ്യം കൊണ്ട് ഞാന്‍ പുലമ്പിയതൊക്കെയും നിശ്ശബ്ദം അവര്‍ സഹിച്ചു .ഇനി മേലില്‍ ശല്യം ഉണ്ടാകാതിരിക്കാനായി അവര്‍ കരഞ്ഞു കൊണ്ടിരുന്ന പെണ്‍കുട്ടിയുമായി ഒരു സീറ്റ് വെച്ചുമാറ്റം നടത്തി . രാവേറുവോളം അവര്‍ കിടന്ന താഴത്തെ ബെര്‍ത്തില്‍ നിന്ന് കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളും ദീര്‍ഘനിശ്വാസങ്ങളും ഉയര്‍ന്നു കൊണ്ടേയിരുന്നു . ആകാശങ്ങളിലിരുന്നു ജീസസ് അവര്‍ക്ക് മറുപടി കൊടുത്തത് കൊണ്ടാവാം ,പിന്നെ ഇജോ ശാന്തനായുറങ്ങി !പുലരാറായപ്പോഴെപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വീണു .
ചെറിയ ഒരു കുടുക്കത്തോടെ ട്രെയിന്‍ നിന്നപ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത് . എവിടെയെത്തിയെന്നറിയാന്‍ ഞാന്‍ വാതില്‍ക്കലേക്ക് ചെന്നു.ഒരു മഞ്ഞുകാലപ്രഭാതത്തിന്‍റെ മൂടുപടമിട്ടു നാണിച്ച് നില്‍ക്കുന്ന സ്റ്റേഷന്‍ ,അത് ധ്യാനകേന്ദ്രത്തിന് അടുത്ത് തന്നെയുള്ള സ്റ്റേഷന്‍ ആയിരുന്നു .അവിടെ നിന്നു വണ്ടിയില്‍ കയറാന്‍ ആരുമില്ല .ഞങ്ങളുടെ ബോഗിയിലെ ഏതാണ്ടെല്ലാവരും അവിടെ ഇറങ്ങി എന്ന് തോന്നുന്നു .ചെറിയ ചെറിയ കൂട്ടങ്ങളായി ഓരോരുത്തരും തങ്ങളുടെ ബാഗേജുകളുമായി മോക്ഷമാര്‍ഗ്ഗം തേടി നീങ്ങുന്നു . തണുത്ത ശുദ്ധവായു ഉല്ലാസത്തോടെ ഞാന്‍ ആവോളം ശ്വാസനാളങ്ങളിലേക്ക് വലിച്ചുകയറ്റി.. ഞരമ്പുകളിലൂടെ കുതിച്ചൊഴുകുന്ന ഉന്മേഷം !
ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ടത് .ഞാന്‍ സീറ്റ് ദാനം ചെയ്ത പെണ്‍കുട്ടികളുടെ ലഗ്ഗേജ് ട്രോളിയില്‍ കയറ്റാന്‍ സഹായിക്കുന്ന ഇജോ !!അവരും എന്തോ പരസ്പരം പറഞ്ഞു ചിരിക്കുന്നു .അവരെ കടന്നു പോകെ എന്നെ നോക്കി ഇജോ കൈ വീശി !അവന് രാത്രിയിലെ സംഭവങ്ങള്‍ ഒന്നും ഓര്‍മ്മയില്ലെന്ന് തോന്നുന്നു .ഞാനും യാത്രമംഗളത്തിനു പ്രത്യഭിവാദ്യം നേര്‍ന്നു .വണ്ടിച്ചക്രങ്ങള്‍ വേഗം പ്രാപിക്കുവോളം ഞാന്‍ അവനെ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു . എനിക്കവനോട് തോന്നിയ എല്ലാ വെറുപ്പും ദേഷ്യവും അലിഞ്ഞു തീര്‍ന്നിരുന്നു ,.ഇത് തന്നെയാണ് ജീവിതം !സുഖവും ദുഖവും വേദനയും ക്രോധവും ചിരിയും കരച്ചിലും ഇടകലര്‍ന്നങ്ങനെ..ഒരു പത്തു രൂപാ നോട്ട് പോലെ..ഹാ ...ഞാന്‍ സ്വയമറിയാതെ മന്ദഹസിച്ചു .
അപൂര്‍വ്വം ചില അവസരങ്ങളില്‍ ട്രെയ്‌നില്‍ യാത്ര ചെയ്തിട്ടുണ്ട്. ആ യാത്രകള്‍ ഒരുപാട് കൗതുകമാര്‍ന്ന കാഴ്ചകളും സമ്മാനിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രയുടെ ഫീല്‍ ശരിക്കും കിട്ടുന്നു.
ReplyDeleteകഥയെഴുത്ത് ഇത്ര എളുപ്പമുള്ള പരിപാടിയാണെന്ന് ഞാനറിഞ്ഞില്ല. കഥയെഴുതാൻ ഇതിനുമാത്രമൊന്നും വിഷയം വേണ്ടെന്ന് പണ്ട് പ്രീഡിഗ്രി ക്ളാസിൽ മലയാളം പഠിപ്പിച്ച അയ്യപ്പൻ സാർ പറയുമായിരുന്നത് ഓർക്കുന്നു. ജീവിതത്തിന്റെ ഒരു നിമിഷം - ആ നിമിഷത്തെ ഒരൽപ്പം മുന്നോട്ടോ പിന്നോട്ടോ ഇലാസ്റ്റിക് വലിക്കുന്നതുപോലെ ഒന്നു വലിച്ചു നീട്ടിയാൽ കഥയായി എന്നതായിരുന്നു അയ്യപ്പൻ സാറിന്റെ നിർവ്വചനം.
ReplyDeleteഈ കഥ വായിച്ചപ്പോൾ ഞാൻ അയ്യപ്പൻ സാറിനെ ഓർത്തത് എന്താണാവോ - എനിക്കറിയില്ല. ഒരുപക്ഷേ യാത്രകളിൽ ഞാൻ പല തവണ കണ്ടിട്ടുള്ള ആ സോഡാക്കുപ്പിക്കാരനേയും, പെൺകുട്ടികളേയും, വിചിത്രസ്വഭാവികളായ മനുഷ്യരേയും, ധ്യാന കേന്ദ്രത്തേയും, നായ്ക്കളേയും, കോമ്പ്രമൈസിന് എപ്പോഴും തയ്യാറാവുന്ന ധാർമ്മിക രോഷക്കാരായ വായനക്കാരേയും, അവരുടെ ഭാര്യമാരേയും തുന്നിക്കെട്ടി അയ്യപ്പൻ സാറിന്റെ നിർവ്വചനത്തിന് ഇങ്ങിനെയൊരു വലിയ സാധ്യതയുണ്ടെന്ന് ഇതുവരെ ഓർക്കാഞ്ഞത് ഗുരുനിന്ദയായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു.
കഥ തന്നെ ജീവിതം ! :)
Deleteഇതൊക്കെ തന്നെയാണ് ജീവിതം.
ReplyDeleteയാത്ര സുഖമായിരുന്നു.
ആ തീവണ്ടിമുറിയില്‍ ഞാനുമൊരു യാത്രക്കാരനാണെന്ന തോന്നലാണ് ഈ കഥ വായിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കുണ്ടായിരുന്നത്.അത്രയേറെ ഞാന്‍ ഇതിലെ കഥാപാത്രങ്ങളുമായി ലയിച്ചുചേര്‍ന്നു എന്നുള്ളതാണ് സത്യം!.ഇതിലേറെ എന്തുപറയാനാണ് കഥയെപ്പറ്റി..........
ReplyDeleteഅവിടവിടെ ചില അക്ഷരത്തെറ്റുകള്‍ ഉണ്ട്.....
ആശംസകള്‍
യാത്രാവസാനം കലക്കി.... അവസാനം ശശിയായല്ലോ :( :(
ReplyDeleteകഥയാകുന്ന ജീവിതങ്ങള്‍... കഥ ഇഷ്ടായി
ReplyDeleteശരിയാ.. ഇത്രേയുള്ളൂ ജീവിതം ...
ReplyDeleteഇഷ്ടായി
കഥ ഇഷ്ടമായി... :) ട്രെയിൻ യാത്രകൾ പലപ്പോഴും അങ്ങനെയാണ്
ReplyDeleteട്രെയിൻ യാത്രയിലെ ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴേക്കും ഇത് പോലെ ആയിരം പുതുമുഖങ്ങൾ വിസ്മയിപ്പിക്കും.
ReplyDeleteയാത്ര രസമായി.
അസ്സല് കഥ..... ഞാനും കഥ തീര്‍ന്ന സ്റ്റേഷനിലാ ഇറങ്ങിയത്..... ട്രയിൻ എന്നും കഥകളുടെ കൂമ്പാരമാണ്..... വളരെ നന്നായി.... ആശംസകൾ
ReplyDeleteവായിക്കാൻ മറന്നു പോയ ഒരു നല്ല കഥ
ReplyDeleteവിഷയങ്ങളില്ലാതെയും മനോഹരമായ കഥ പിറക്കുന്നു.
ReplyDeleteസിയാഫ് .... കഥ ഒത്തിരി ഇഷ്ടമായി.. അഭിനന്ദനങ്ങള്‍ .സ്നേഹം മാത്രം
ReplyDeleteതീവണ്ടിയാത്രയിലൂടെ വായനക്കാരെയും ആക്കൂടെ കൂട്ടിക്കൊണ്ടുപോയി.
ReplyDeleteആശംസകൾ.