എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Sunday, June 16, 2013

മറവിയിലേക്ക് ഒരു ടിക്കറ്റ്


 
നേരം വെളുക്കാന്‍  രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൂടി ഉണ്ടായിരുന്നിരിക്കണം.  ഹോസബെട്ടുവില്‍ മൂന്നു ദിവസത്തെ ഉഴച്ചിലിനു ശേഷം കണ്‍ട്രോളര്‍ ദയാപൂര്‍വ്വം എന്നെ എന്‍റെ ഹെഡ്ക്വാര്‍ട്ടറിലേക്ക് തിരിച്ചു വിട്ടതാണ് .വീട് വിട്ടിട്ട് അത് അഞ്ചാമത്തെ ദിവസമായിരുന്നു  .കുഞ്ഞുണ്ടായിട്ടു അധികനാള്‍ ആയിട്ടില്ല .അത് കൊണ്ട് എങ്ങനെയെങ്കിലും വീടെത്താനുള്ള ത്വരയില്‍ ആയിരുന്നു ഞാന്‍ .
 

എനിക്ക് ലഭിച്ച ബര്‍ത്തില്‍ ആരോ ഉറങ്ങുന്നുണ്ടായിരുന്നു . പത്തമ്പത് വയസ്സ് പ്രായമുള്ള ഒരു  സ്ത്രീ .ഞാന്‍ അവരെ തട്ടി വിളിച്ചു .ഇരുട്ടത്ത് അവര്‍ ഉറങ്ങുകയാണ് എന്ന് എനിക്ക് വെറുതെ തോന്നിയതാണ് .അവര്‍ വളരെ മര്യാദ നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു "മോളിലത്തെ ബെര്‍ത്ത് എടുത്തോളൂ ,അതു ഞങ്ങളുടെതാണ് " മലയാളീസ് ആണല്ലോ .
'എന്നെ കണ്ടപ്പോഴേക്കും മലയാളി എന്ന് എങ്ങനെ പിടി കിട്ടിയോ ആവോ?' അപ്പോഴേക്കും മിഡില്‍ ബെര്‍ത്തില്‍ കിടന്ന പത്തറുപത് വയസ്സ് തോന്നിക്കുന്ന മനുഷ്യന്‍ എഴുന്നേറ്റു പുറത്തേക്ക് തല നീട്ടി ബെര്‍ത്തില്‍  നിന്നും ഇറങ്ങാന്‍ തുനിഞ്ഞു ."ഇറങ്ങെണ്ടാ ,കിടന്നോളൂ, കിടന്നോളൂ "അവര്‍ അയാളെ പിടിച്ചു കിടത്തി ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ചു വീണ്ടും ഉറങ്ങാന്‍ വിട്ടു  .

ഒരു വിധം പെട്ടിയും സാമാനങ്ങളും ഒക്കെ ഒതുക്കി വെച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു . നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കിടന്നതും ഞാന്‍ ഉറങ്ങിപ്പോയി . .ലൈറ്റ് തെളിഞ്ഞതൊന്നും ഞാന്‍ അറിഞ്ഞില്ല .ഉറക്കത്തിന്‍റെ തൂവല്‍മെത്തയില്‍ നിന്നും ആരോ എന്നെ പിടിച്ചു വലിച്ചു  .ആ സ്ത്രീയാണ് .അവര്‍ എന്നെ തൊട്ടു വിളിച്ചു .

"വല്ല ബാമോ മറ്റോ ഉണ്ടോ മോനേ കയ്യില്‍  ?"ഉറക്കം പോയതിന്‍റെ അസ്വസ്ഥത മറച്ചു ഞാന്‍ താഴെയിറങ്ങി എന്‍റെ ബാഗ് പരതി അമൃതാന്ജന്‍ എടുത്തു കൊടുത്തു. സ്വതവേ തലവേദന ,നടുവേദന എന്നിവ പതിവായ ഞങ്ങള്‍ ലോക്കോ പൈലറ്റുമാര്‍ക്ക്  ഇത്തരം വേദന സംഹാരികള്‍ എപ്പോഴും കൂടെ  കൊണ്ട് നടക്കുകയെ നിവൃത്തിയുള്ളൂ .ആ മനുഷ്യന്‍  അപ്പോള്‍ വെറുതെ മിഡില്‍ ബെര്‍ത്തില്‍ ഇല്ലാത്ത സ്ഥലത്ത് കുനിഞ്ഞിരിക്കുകയായിരുന്നു  .എനിക്ക് ഒരല്‍പം ദേഷ്യം തോന്നി അയാളോട് .ഇയാള്‍ക്ക് അവരെ ഒന്നു ശ്രദ്ധിച്ചു കൂടെ ?അവര്‍ ഇടത്ത് കൈത്തണ്ട മുതല്‍ തോള്‍ വരെ അമൃതാന്ജന്‍ തേച്ചു പിടിപ്പിച്ചു .ബാം തിരിച്ചു തരുമ്പോള്‍ ക്ഷമാപണം ധ്വനിപ്പിക്കുന്ന  ചിരിയോടെ പറഞ്ഞു
"വല്ലാത്ത വേദന "

ഞാന്‍ ഒന്നും പറഞ്ഞില്ല .നിശബ്ദം വീണ്ടും എന്‍റെ ഉറക്കക്കിടക്കയിലേക്ക് കയറി വീണ്ടും നേരിയ തൊട്ടിലാട്ടം.എ/സിയുടെ ഗ്രില്‍സില്‍ നിന്ന് വരുന്ന നറുംമണമുള്ള വായു .എന്തെല്ലാമോ ചിന്തകള്‍ സ്വപ്നങ്ങളില്‍ കുഴഞ്ഞങ്ങനെ .എവിടെ നിന്നോ ഒരു മൂളിപ്പാട്ട് കേള്‍ക്കുന്നുണ്ടോ ?താരാട്ട് പോലെ ?ആരോ എന്നെ തൊടുന്നുണ്ടല്ലോ.ഞാന്‍ കണ്ണ് തുറന്നു .                                                 "വല്ലാണ്ട് നെഞ്ചെരിയുന്നു,വായു ഗുളിക ഇരിപ്പുണ്ടോ മോന്‍റെകയ്യില്‍  ?"

എനിക്ക്  അസഹ്യത തോന്നാതിരുന്നില്ല.ഞാന്‍ എന്താ വല്ല  ലാടവൈദ്യനും ആണോ? ;   സര്‍വ്വ രോഗ സംഹാരിയും ബാഗില്‍ ചുമന്നു നടക്കാന്‍ .പക്ഷെ അവരുടെ ചൈതന്യമുള്ള മുഖത്ത് നോക്കി ഒന്നും പറയാന്‍ എനിക്ക് തോന്നിയില്ല . ഒന്നും മിണ്ടാതെ  ഞാന്‍ തിരിഞ്ഞു കിടന്നു .അവര്‍ എനിക്ക് ശല്യമായി എന്ന് സ്വയം തിരിച്ചറിഞ്ഞിട്ടോ എന്തോ പിന്തിരിഞ്ഞു .ലൈറ്റ് ഓഫ്‌ ആയി .

ഇത്തവണ എന്‍റെ ഉറക്കം എന്നോട് പിണങ്ങിക്കഴിഞ്ഞിരുന്നു  ,ഉറക്കം വരാനായി ഞാന്‍ എനിക്കറിയാവുന്ന എല്ലാ വിദ്യകളും പ്രയോഗിച്ചു .ചിന്തകളെ  ശൂന്യമാക്കി  ശരീരത്തിലെ എല്ലാ സന്ധികളെയും അയച്ചു വിട്ടു എല്ലാ പേശികളുടെയും നിയന്ത്രണം കൈവിടുന്നതായി  സങ്കല്‍പ്പിച്ചു .ഒന്ന് മുതല്‍ പത്തു വരെ പലപ്രാവശ്യം മേലോട്ടും കീഴോട്ടും ഒക്കെ എണ്ണി നോക്കി,അങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടന്നു.  ഉറക്കം പിണങ്ങിത്തന്നെ നിന്നെങ്കിലും   വല്ലാത്ത മൂത്രശങ്ക  വന്നു .

ടോയ്‌ലറ്റില്‍ പോയി വരുമ്പോള്‍ വാതിലിനടുത്തായി ആ മനുഷ്യന്‍ എന്തോ പരതുന്നുണ്ടായിരുന്നു ,ഒത്ത വണ്ണവും നീളവും നല്ല വെളുത്ത നിറവും ഒക്കെയുള്ള , വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റൈലില്‍ നരച്ച മുടി നീട്ടി വളര്‍ത്തിയ ഒരു മനുഷ്യന്‍.ഇന്‍സേര്‍ട്ട് ചെയ്ത ഷര്‍ട്ട്‌ കുറച്ചു വെളിയിലും കുറച്ചു അകത്ത് ആയിരിക്കുന്നു . അയാളുടെ ഷര്‍ട്ടിന്‍റെ  ഒരു ബട്ടന്‍സ് പൊട്ടിപ്പോയിരുന്നു .അത് പക്ഷെ ചുരുട്ടിപ്പിടിച്ച അയാളുടെ കയ്യില്‍ തന്നെ ഉണ്ടായിരുന്നു .പിന്നെ  ഈ അസമയത്ത് ഇവിടെ  ഈ മനുഷ്യന്‍ എന്താണ് തിരയുന്നത് ?

"എന്താ വല്ലതും കളഞ്ഞു പോയോ ?"

അയാള്‍ പകച്ച മിഴികളോടെ എഴുന്നേറ്റു .ഒന്നും പറയാതെ ചാടിയെഴുന്നേറ്റ്  ഭിത്തിയില്‍ ചാരി നിന്നു.ഞാന്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല .മുന്നിലെ പ്ലൈവുഡ്  കൊണ്ടുണ്ടാക്കിയ ഭിത്തിയില്‍ കണ്ണുറപ്പിച്ചു ഒരേ നില്‍പ്പ് .എനിക്ക് ചെറിയ  ചമ്മല്‍ തോന്നി .അകത്തേക്ക് ഞാന്‍ കടന്നതും അയാള്‍ നിലത്ത് എന്തോ വീണ്ടും തിരയാന്‍ ആരംഭിച്ചു,ഞാന്‍ മാറാന്‍ കാത്തു നില്‍ക്കുകയായിരുന്നു അയാള്‍ എന്ന് തോന്നുന്നു

മോളിലത്തെ ബര്‍ത്തിലേക്ക്തൂങ്ങിക്കയറുമ്പോള്‍ ആ സ്ത്രീ നല്ല ഉറക്കത്തില്‍ ആണെന്ന്  കണ്ടു. ചിഞ്ചിനിയിലേക്ക് ഇനിയും ഏറെ ദൂരമുണ്ട് .മൂന്നു മണിക്കൂര്‍ എങ്കിലും ഉറങ്ങണം .നേരം വെളുക്കാറായത് കൊണ്ടാകാം കിടന്ന പാടെ ഞാന്‍ ഉറങ്ങിപ്പോയി . സ്വപ്‌നങ്ങള്‍ പോലും മാറി നിന്ന ഒരു നിദ്രാടനം.ഉറക്കത്തിന്‍റെ  ഓളങ്ങളില്‍ ചാഞ്ചാടിയങ്ങനെ..

 വണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.'എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ കടന്നുപോയോ ?' ഞാന്‍ പേടിച്ചു ചാടിയിറങ്ങി . ലോവര്‍ബര്‍ത്തില്‍ നിന്ന് എഴുന്നേറ്റ്മാറി സൈഡിലെ ബര്‍ത്തില്‍ ഇരിക്കുകയായിരുന്നു ആ സ്ത്രീ .തണുപ്പിനെ തടയാന്‍ ആകണം ഒരു സ്കാര്‍ഫ് തലയില്‍ നിന്ന് കീഴ്ത്താടിയിലേക്ക് വലിച്ചു കെട്ടി ഇരുന്നത് അവര്‍ക്ക് ഒരു അസുഖക്കാരിയുടെ മട്ടും ഭാവവും നല്‍കി .
"എവിടെത്തി??"

ഞാന്‍ അന്വേഷിച്ചു .അവര്‍ ഒന്നും മിണ്ടിയില്ല.കേള്‍ക്കാത്ത ഭാവത്തില്‍ ഇരിക്കുന്നു.  എനിക്ക് ദേഷ്യം വന്നു .ഇവര്‍ കുടുംബത്തോടെ ജാഡ ആണല്ലോ എന്ന് എനിക്ക് തോന്നുകയും ചെയ്തു . വല്ലാതെ ഉറങ്ങിയത് കൊണ്ട് സ്റ്റേഷന്‍  കടന്നു പോയോ എന്ന പരിഭ്രമത്തില്‍  ആയിരുന്നു ഞാന്‍. നശിക്കാന്‍! ,അതിനിടെ ആണ് ഇമ്മാതിരി ഓരോ കുരിശുകള്‍ !

ഞാന്‍ പരിഭ്രമത്തോടെ വാതില്‍ തുറന്നു പുറത്തേക്ക് നോക്കി .ആശ്വാസമായി.സാങ്കിം എത്തിയിട്ടെയുള്ളൂ  .ചിഞ്ചിനി എത്താന്‍ ഇനിയുമുണ്ട് അര മണിക്കൂര്‍ .ഞാന്‍ വീണ്ടും വണ്ടിയിലേക്ക് കയറി .ആ സ്ത്രീ ഒഴികെ വേറെ ആരുമില്ല ആ കോച്ചില്‍.അതങ്ങനെയാണ് .ഇനി ചിഞ്ചിനി എത്തിയാല്‍ വീണ്ടും ശ്വാസം വിടാന്‍ പോലും പേടി തോന്നിപ്പിക്കുന്ന തിരക്ക് ആയിരിക്കും .

"ഈ സ്ത്രീ സാറിന്‍റെ ആരെങ്കിലുമാണോ ?"ബെഡ് ഷീറ്റുകള്‍ അടുക്കിക്കൊണ്ടിരിക്കെ കോച്ച് അറ്റന്‍ഡണ്ട് ബാബു എന്നോട് ചോദിച്ചു
"അല്ല, എന്തേ?"
"ഒന്നുമില്ല ,അവര്‍ മരിച്ചു പോയി എന്ന് തോന്നുന്നു !!
"ങേ ?,ഞാന്‍ ഇപ്പോള്‍ ഇവരോട് സംസാരിച്ചതെയുള്ളല്ലോ"
ബാബു മുഖം കോട്ടി "പോയി" എന്ന മട്ടില്‍ ഒരാംഗ്യം കാണിച്ചു .ഞാന്‍ ആ സ്ത്രീയുടെ നെറ്റിത്തടത്തില്‍ തൊട്ടു നോക്കി .ശരിയാണ് .അവരില്‍ നിന്നും  ഒരു മഞ്ഞുകാലത്തിന്‍റെ മരവിപ്പ് എന്നിലേക്ക് പടര്‍ന്നു .അവര്‍ മരിച്ചിട്ട് കുറെ നേരമായിരിക്കുന്നു !!

എന്‍റെ ഉള്ളിലെ  റെയില്‍വേ ജീവനക്കാരന്‍ ഉണര്‍ന്നു ,ഞാന്‍ സ്റ്റേഷനില്‍ ചെന്ന് വിവരം അറിയിച്ചു .
"കുരിശായല്ലോ";സ്റ്റേഷന്‍ മാസ്റ്റര്‍ നെറ്റി ചുളിച്ചു ."ആരും ഇല്ലേടെ അവരുടെ കൂടെ?"

അപ്പോഴാണ്‌ ഞാന്‍ രാത്രി കണ്ട ആ മനുഷ്യന്‍റെ കാര്യമോര്‍ത്തത് ."അയാളെ അവിടെയെങ്ങുംകണ്ടില്ലല്ലോ".ഞാന്‍ ഉറങ്ങാന്‍ കിടക്കും വരെ അയാള്‍ അവിടെയുണ്ടായിരുന്നു ,ഒരു പക്ഷെ ,ഒരു പക്ഷെ അയാള്‍ ആ സ്ത്രീയെ കൊന്നിട്ട് കടന്നു കളഞ്ഞതാവുമോ  എന്നൊരു ചിന്ത  എന്‍റെ മനസ്സില്‍ കടന്നു വന്നു .എന്‍റെ മുഖഭാവം കണ്ടു എന്തോ കുഴപ്പം ഉണ്ടെന്നു തോന്നിയിട്ടാവാം സ്റ്റേഷന്‍ മാസ്റ്റര്‍ ചോദിച്ചു
"എന്ത് പറ്റി ?"

നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി ഞാന്‍ വീണ്ടും കോച്ചിലേക്ക് നടന്നു . അടുത്ത ബോഗികളില്‍  നിന്ന് മരണവാര്‍ത്തയറിഞ്ഞു കൂടി നില്‍ക്കുന്ന യാത്രക്കാര്‍   എന്തെല്ലാമോ അഭിപ്രായങ്ങള്‍ പാസ്സാക്കിയതല്ലാതെ ആരും അടുത്തില്ല  .ഒരര്‍ത്ഥത്തില്‍ അതായിരുന്നു നല്ലതും .തെളിവ് നശിക്കാന്‍ പാടില്ലല്ലോ .കൂടി നിന്നവരുടെ കൂട്ടത്തില്‍ അയാള്‍ മാത്രം ഉണ്ടായിരുന്നില്ല താനും .ഞാന്‍ ഒന്നൊഴിയാതെ  കോച്ചുകളില്‍ മുഴുവന്‍ അരിച്ചു പെറുക്കി നോക്കി .അയാള്‍ മാത്രം എങ്ങും  ഉണ്ടായിരുന്നില്ല .

ഒരു പോയിന്‍റ്സ്മാനും പോര്‍ട്ടറും  കൂടി  സ്ട്രെച്ചറും  കൊണ്ട്  വന്നു. പക്ഷെ എത്ര ശ്രമിച്ചിട്ടും  റിഗര്‍മോര്‍ട്ടിസ് കൊണ്ട്പേശികള്‍ എല്ലാം  മരവിച്ച ആ സ്ത്രീയെ അതില്‍ കിടത്താന്‍ കഴിഞ്ഞില്ല . ഇരിക്കുന്ന  നിലയില്‍ തന്നെ  സ്ട്രെച്ചറില്‍ കൊണ്ട് പോകാന്‍ കഴിയില്ല . നിസ്സഹായരായി അവര്‍ രണ്ടു പേരും എന്നെ നോക്കി .എന്ത് ചെയ്യണം എന്ന് എനിക്കും ഒരു പിടിയും ഉണ്ടായിരുന്നില്ല .പോര്‍ട്ടര്‍ ആണ് ഒടുവില്‍ ആ ഐഡിയ പറഞ്ഞത് ."വീല്‍ ചെയര്‍ കൊണ്ട് വരാം ."

വീല്‍ ചെയറില്‍ ഇരുത്തി തള്ളിക്കൊണ്ട് പോകുമ്പോള്‍ വണ്ടി പുറപ്പെടാത്തതില്‍ അക്ഷമര്‍ ആയി പുറത്തു നിന്നിരുന്ന യാത്രക്കാര്‍ ആരും ശ്രദ്ധിച്ചതേയില്ല, സുഖമില്ലാത്ത ഏതോ സ്ത്രീയെ ബന്ധുക്കള്‍ ചേര്‍ന്ന് വീല്‍ച്ചെയറില്‍ കൊണ്ട് പോകുന്നു എന്നേ കരുതിയിട്ടുണ്ടാവൂ .വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തത് കണ്ടു അവര്‍ തിടുക്കത്തില്‍ വണ്ടിയില്‍ ഓടിക്കയറി  .അവരില്‍ ആരില്‍ എങ്കിലും ആ മനുഷ്യന്‍ ഉണ്ടോ എന്ന് തിരയുകയായിരുന്നു ഞാന്‍ .'പക്ഷെ ഇല്ല ,അയാള്‍ ഇല്ല .ഈ സ്ത്രീയെ കൊന്നതു തന്നെയാണ്,അതയാള്‍ തന്നെയായിരിക്കും എന്നിട്ട് ആരുമറിയാതെ സ്ഥലം വിട്ടിരിക്കുന്നു '.ഞാന്‍ ഉറപ്പിച്ചു

  സാങ്കിം ഒരു പാതയോരസ്റ്റേഷന്‍ ആണ് .കടലിനരികില്‍ തന്നെയുള്ള വലിയ ഒരു മലയുടെ കുടുന്തയില്‍ ആണ് അത് .അടുത്തുള്ള വളം ഫാക്ടറിക്ക് അവരുടെ  ഉല്‍പ്പന്നങ്ങള്‍ ലോഡ് ചെയ്യാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു സ്റ്റേഷന്‍ ആണതു , പിന്നെ ക്രോസ്സിങ്ങുകള്‍ നടത്താനും .വേറെ സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ഭക്ഷണവും വെള്ളവും പോലും കമ്പനി വകയാണ് .സ്റ്റേഷന്‍ മാസ്റ്ററുടെ കാബിനില്‍ മൃതദേഹം കൊണ്ട് വന്നിരുത്തിയിട്ടു പോയിന്‍റ്സ്മാനും പോര്‍ട്ടരും സ്ഥലം വിട്ടു .

     "ചിഞ്ചിനിയില്‍ അറിയിച്ചിട്ടുണ്ട് ,ഡോക്ടറും പോലീസും ഒക്കെ പുറപ്പെട്ടിട്ടുണ്ട് "തന്‍റെ തിരക്കിട്ട ജോലികള്‍ക്കിടെ സ്റ്റേഷന്‍മാസ്റ്റര്‍ എനിക്ക് സമാധാനത്തിനുള്ള വക നല്‍കി . അവര്‍ എത്തിയാല്‍ എനിക്ക് പോകാം  .ആ സ്ത്രീ കാബിന്റെ ഒരു മൂലയില്‍ ഞങ്ങള്‍ പറയുന്നത്എല്ലാം  വീല്‍ ചെയറില്‍ ഇരുന്നു സശ്രദ്ധം കേള്‍ക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി  .ഞങ്ങള്‍ മൂന്നു പേര്‍ക്കുമിടയില്‍ പിന്നെയും നിശബ്ദത ഇഴഞ്ഞു കയറി .
എന്‍റെ മനസില്‍ അപ്പോഴും ആ വയസ്സന്‍  തന്നെ ആയിരുന്നു .അയാള്‍ ഒരു കൊല ചെയ്യും എന്ന് എനിക്ക് എന്ത് കൊണ്ടോ എന്നേത്തന്നെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല , ആബ്സന്റ് മൈന്‍ഡഡ് ആയ ഒരു പണക്കാരന്‍ കിഴവന്‍ .അയാള്‍ക്ക്‌ ഒരു കൊലയാളി ആണെന്ന് തോന്നിക്കേണ്ട ഒരു കാരണവും എനിക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല .
   പക്ഷെ യാതൊരു  കുഴപ്പവും ഇല്ലാതെ അങ്ങനെ ഒരാള്‍ മരിച്ചു പോകുമോ ?അതോ ഇനി അയാളെ അപായപ്പെടുത്തി ഇവരുടെ കയ്യില്‍ നിന്ന് പണമോ സ്വര്‍ണ്ണമോ  മറ്റോ കവരാന്‍ ആരെങ്കിലും ശ്രമിച്ചതാവുമോ?ഈയിടെയായി ഞങ്ങളുടെ സെക്ഷനില്‍ കവര്‍ച്ച കൂടുതലാണ് .അങ്ങനെയാണെങ്കില്‍ തൊട്ടടുത്തു കിടന്നുറങ്ങിയിരുന്ന ഞാന്‍ അറിയാതിരിക്കുമോ ?

"ഞാന്‍ ക്വാര്‍ട്ടെഴ്സില്‍ പോയി വരാം .നീ ഒന്ന് നോക്കിക്കോളണേ  "
 സ്റ്റേഷന്‍ മാസ്റ്റര്‍ തടി തപ്പിയതാണ് .അയാള്‍ക്ക്‌ നേരിയ തോതില്‍ പേടി കുടുങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നു ,ചെറുപ്പക്കാരന്‍ എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.അന്ധവിശ്വാസങ്ങളുടെ കൂടാണ്.ഇതിനിടക്ക്‌ വന്നു പെട്ട് പോയത് കൊണ്ട് എനിക്കു ഇനി ഇതില്‍ എന്തെങ്കിലും തീരുമാനം ആകും വരെ ഇങ്ങനെ ഇരുന്നെ പറ്റൂ

എനിക്കു ആ സ്ത്രീയോട്  കുറച്ചൊരു ദേഷ്യം തോന്നി .സഹതാപം വെറുപ്പിന്‍റെ  മറ്റൊരു രൂപം ആണെന്ന് പറയുന്നത് വെറുതെയല്ല .ഞാന്‍ പുറത്തേക്കിറങ്ങി .പോര്‍ട്ടര്‍   സാധനങ്ങള്‍ കൊണ്ട് പോകുന്ന ട്രോളിയില്‍ , വായ പൊളിച്ചു കിടന്നുറങ്ങുന്നു . മരണം നടക്കാതാക്കിയ ആ സ്ത്രീയുടെ നിസ്സഹായത ഒന്നും   അയാളെ ബാധിച്ച മട്ടില്ല. കടലില്‍ നിന്ന് കരഞ്ഞു കൊണ്ടോടി വന്ന ഒരു  ഉപ്പുകാറ്റ് അവിടവിടെ തപ്പിത്തടഞ്ഞു നടന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടറും ആര്‍ പി എഫും ഒക്കെ എത്തിച്ചേര്‍ന്നു .സ്റ്റേഷനു   ഒരു കിലോമീറ്റര്‍ താഴെ വരെ മാത്രമേ വണ്ടി വരികയുള്ളൂ ,പിന്നെ മല കയറണം , നടന്നു കുഴഞ്ഞാണ് എല്ലാവരുടെയും വരവ് .പൊണ്ണത്തടിയന്‍ ആയ ഡോക്ടര്‍ വിയര്‍പ്പില്‍ കുതിര്‍ന്ന തന്‍റെ ദേഹം എങ്ങനെയോ സ്റ്റേഷന്‍മാസ്റ്ററുടെ  കസേരയില്‍ ഇരുത്തി പരവേശത്തോടെ വിയര്‍പ്പാറ്റി .ചിഞ്ചിനിയില്‍ ആകപ്പാടെ ഒരു ഫോറന്‍സിക് വിദഗ്ദ്ധനെ ഉള്ളൂ .അയാളെ അതിനു മുന്‍പും ഞാന്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട് .ഒരു സഹപ്രവര്‍ത്തകന്‍റെ  മൃതദേഹം എംബാം ചെയ്യാന്‍ വന്നപ്പോഴായിരുന്നു അത് .



ഒഴിഞ്ഞു കിടന്ന പഴയ ആര്‍ ആര്‍ ഐ കാബിന്‍ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യാന്‍ വേണ്ടി ഒരുക്കി .ഡോക്ടറുടെ കൂടെ  ഞങ്ങളുടെ ആര്‍ പി എഫ് എസ് ഐ വന്നിരുന്നു .  ഞങ്ങള്‍ രണ്ടു പേരും പ്ലാറ്റ്ഫോമില്‍ ഇട്ട ഒരു ബെഞ്ചില്‍ ഇരുന്നു.  എനിക്കോര്‍മ്മയുണ്ടായിരുന്നതെല്ലാം ഞാന്‍  എസ് ഐ യോട്  പറഞ്ഞു .അയാള്‍ ഇടയ്ക്കിടെ ഗുട്ക ചവച്ചു കൊണ്ട് ഒരു താല്പ്പര്യവുമില്ലാതെ മൂളിക്കേട്ടു .ആ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന ആളെക്കുറിച്ച് പറഞ്ഞപ്പോള്‍ ചെറിയ ഒരു ജിജ്ഞാസ കാണിച്ചെങ്കിലും പിന്നെ വീണ്ടും പഴയ മുഷിപ്പന്‍  മുഖഭാവത്തിലേക്ക് തിരിച്ചു പോയി . അയാള്‍ക്ക്‌ ബോറടിക്കുന്നുണ്ട് എന്നെനിക്കു തോന്നി ,ചിലപ്പോള്‍ ഉറങ്ങി താഴെ വീണേക്കാം എന്നും .


"അതിനു ഇത് ഒരു കൊലപാതകം ആണെന്ന് നിന്നോട് ആര് പറഞ്ഞു ?" ഞാന്‍ ഉത്തരം മുട്ടിയത് കൊണ്ട് മൌനം പാലിച്ചു .

"ഞാന്‍ കണ്ടിടത്തോളം ഇതൊരു  ആകസ്മിക മരണം മാത്രമാണ് ,ആ സ്ത്രീ വല്ല ഹാര്‍ട്ട്‌ അറ്റാക്കും വന്നു ചത്തുപോയതാവണം "
"അപ്പോള്‍ അയാളോ?ഞാന്‍ അയാളെ കണ്ടതാണ് .ഉറങ്ങും വരെ അയാള്‍ അവിടെയുണ്ടായിരുന്നു "
"ഉം ..വല്ലയിടത്തും വണ്ടി നിറുത്തിയപ്പോള്‍  ഇറങ്ങി ട്രെയിന്‍ മാറിക്കയറി കാണും " "എന്തിന്?"
"നിനക്ക് എഴുത്തിന്‍റെ അസുഖമുണ്ടോ ?ഇങ്ങനെ കഥകള്‍ നിര്‍മ്മിക്കാന്‍ ?എങ്കില്‍ നീ ഒരു മോശം കഥാകൃത്ത്‌ ആണ് എന്ന് പറയാതെ വയ്യ .പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ വരട്ടെ .നമുക്ക് നോക്കാം "

അപ്പോഴേക്കും ഡോക്ടറുടെ കൂടെയുണ്ടായിരുന്ന സഹായി ഡോക്ടര്‍ എന്നെ വിളിക്കുന്നു എന്നറിയിച്ചു . കാബിന്‍റെ   വാതില്‍ തുറന്നു  പേടിപ്പിക്കുന്ന മുഴക്കമുള്ള ശബ്ദത്തില്‍ അയാള്‍ എന്നോട് ചോദിച്ചു .
ആരെങ്കിലും അവസാനമായി കാണാന്‍ ഉണ്ടോ ?ഇനി പൊതിഞ്ഞു കെട്ടിയിട്ടേ കാണിക്കൂ "

ആരാണ് അവരെ കാണാന്‍ ഉള്ളത് ?മരിച്ച ഒരാളെ പോലെ അനാഥനായി ആരുള്ളൂ ?, നെടുവീര്‍പ്പോടെയുള്ള എന്‍റെ തലയനക്കം വിഗണിച്ചു ഡോക്ടര്‍ എന്‍റെ കൈ പിടിച്ചു വലിച്ചു ,"എന്നാല്‍ നീ വാ ;എന്തിനും ഒരു സാക്ഷി ഉണ്ടായേ പറ്റൂ "

പഴയ ഇരുമ്പു സാമാനങ്ങളും,മറ്റും കൂട്ടിയിട്ട മുറിയുടെ ഒരു മൂലയ്ക്ക് നല്ല വെളിച്ചം കിട്ടുന്ന ഒരിടത്ത്  മേശ സജ്ജീകരിച്ച് അതില്‍ അവരെ കിടത്തിയിരുന്നു . ശാന്തത മാത്രം  പുതച്ചു അവര്‍  തന്‍റെ വിചാരണ കാത്തു കിടന്നു .ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമ്മതപത്രം എന്നെക്കൊണ്ട് ഒപ്പിടുവിച്ചു .ഒന്നോ രണ്ടോ വാക്കുകളുടെ മാത്രം പരിചയമുള്ള അവര്‍ എന്‍റെ അടുത്ത ബന്ധു ആയിത്തീര്‍ന്നിരിക്കുന്നു .ഒപ്പിടുന്ന നിമിഷം നീ കരയാത്തതെന്ത് ?എന്ന് എന്‍റെ ഉള്ളിലിരുന്നു ആരോ ചോദിച്ചു . ഞാന്‍ അവരുടെ തണുത്ത മുഖത്തു ഉമ്മ വെച്ചു.അതെന്‍റെ യാത്രാമൊഴി ആയിരുന്നു .മരണത്തിനു എന്ത് തണുപ്പാണെന്ന് എന്‍റെ ചുണ്ടുകള്‍ പറഞ്ഞു.
  .
പോലീസുകാരന്‍ എല്ലായ്പ്പോഴും പോലീസുകാരന്‍ ആണ് .എസ്.ഐ യുടെ നിഗമനങ്ങള്‍ മുഴുവന്‍  ശരി  തന്നെയായിരുന്നു .അവരുടെ കൂടെയുണ്ടായിരുന്ന കിഴവനെ പോലീസ് അതിനകം കണ്ടെത്തിക്കഴിഞ്ഞിരുന്നു .ഏതോ ട്രെയിനില്‍ മാറിക്കയറി യാത്ര ചെയ്യുകയായിരുന്നു അയാള്‍ .ടിക്കറ്റ്‌ പരിശോധകന്‍ ചോദിച്ചപ്പോള്‍ യാതൊരു മറുപടിയും നല്‍കാതെ ഇരിക്കുന്നത് കണ്ടു സംശയം തോന്നി പിടികൂടിയതാണ് .അയാളെ  സാങ്കിമില്‍ ജീപ്പില്‍ ആണ് എത്തിച്ചത് . രാത്രിയില്‍ക്കണ്ടതിനേക്കാള്‍ ക്ഷീണിതനായിരുന്നു അയാള്‍ .നരച്ച കുറ്റിരോമങ്ങള്‍ക്കിടെ നിന്ന് ഇടയ്ക്കിടെ ഏതോ അമ്പരപ്പ് എത്തി നോക്കി .

അതിനിടക്ക്  ആര്‍പി എഫ് എസ് ഐ  എന്‍റെ അടുത്തു വന്നു ."ഡേ ,ഒരു ഉപകാരം ചെയ്യണം . ഈ ബോഡി പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു ഒന്ന് സുമംഗലി എക്സ്പ്രസ്സില്‍ കയറ്റി വിടണം . എനിക്ക് അത്യാവശ്യമായി ചിഞ്ചിനിക്ക് പോയെ പറ്റൂ, ചിഞ്ചിനിയില്‍ നിന്ന് അക്കമ്പനിയിംഗിന്  ഞാന്‍ നമ്മുടെ മനോജിനെ അറേഞ്ച് ചെയ്തോളാം "

ഞാന്‍ ഉടക്കി ."എന്‍റെ സാറേ ,കണ്ട്രോളറുടെ കയ്യും കാലും പിടിച്ചു റിലീഫ് വാങ്ങി വരുന്നതാ .ഒരു മണിക്കൂര്‍ മുന്‍പേ വീട്ടിലെത്തേണ്ട ഞാന്‍ ആണ് .സുമംഗലി വരാന്‍ ഇനിയും എത്ര നേരം എടുക്കും എന്ന് കണ്ടാ? "
"വേറെ ആരുമില്ലാഞ്ഞിട്ടല്ലേടാ?,നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്‌ ,ഒരു ഡെഡ് ബോഡി ആയതു കൊണ്ടാ ,ഞങ്ങള്‍ക്ക് ഇന്ന് പാര്‍ലമെന്ററി കമ്മറ്റി വരുന്നുണ്ട് ,ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാ ,നീ ഇവിടന്നു കയറ്റി വിട്ടാല്‍ മാത്രം മതി ,ബാക്കി ഞാന്‍ ഏറ്റു"
"അവരുടെ ബന്ധുവല്ലേ ആ മനുഷ്യന്‍ .അയാളോട് പോയി പറ "
"അയാളോടോ?സ്വന്തം പേരെന്താണെന്നു പോലും ഓര്‍ക്കാന്‍ കഴിയാത്ത  ആ മനുഷ്യനോടോ ?"എന്നിട്ട് ഒരു മറവിരോഗിയുടെ ജീവന്കൂടി പിന്നെ ഞാന്‍ സമാധാനം പറയേണ്ടി വരും മോനെ   .നീ പൊയ്ക്കോ ,എന്നാലും വേണ്ടില്ല !"

ഞാന്‍ ഞെട്ടിപ്പോയി ,"ങേ .അയാള്‍ ??"
"ഉം ,അള്‍ഷിമേഴ്സ് ആണ് അങ്ങേര്‍ക്ക് ,രണ്ടു പേരും കൂടെ നാട്ടിലേക്ക് പോകുകയായിരുന്നു ,അവര്‍ക്ക് രാത്രിയില്‍ എപ്പോഴോ അറ്റാക്ക് വന്നു കാണും , ഇയാള്‍ തലയും വാലും ഇല്ലാത്ത ആളല്ലേ ?വണ്ടി എവിടെയെങ്കിലും നിറുത്തിയപ്പോള്‍ ഇറങ്ങിപ്പോയതായിരിക്കും .ആരറിഞ്ഞു ഇനി ഇയാളെ കാണാത്തത് കൊണ്ടോ മറ്റോ ആ സ്ത്രീക്ക്  അറ്റാക്ക് വന്നതാണോ എന്നു ?"
എന്‍റെ തല പെരുക്കുന്നത് പോലെ തോന്നി ,ആ സ്ത്രീയോട് എനിക്ക് എന്തെന്നില്ലാത്ത സഹതാപം തോന്നി .ആ മനുഷ്യനോടും .ഞങ്ങളുടെ സംസാരത്തില്‍ യാതൊരു താല്‍പര്യവും ഇല്ലാതെ ആ മനുഷ്യന്‍ സിമന്‍റ്ബഞ്ചില്‍ നിശബ്ദനായി ഇരുന്നു .,
 
വീണ്ടും  പോസ്റ്റ്‌മോര്‍ട്ടം നടത്തിക്കൊണ്ടിരുന്ന ഡോക്ടര്‍ തല പുറത്തേക്ക് നീട്ടി . "ഞാന്‍ കോഫിന്‍ പൊതിയാന്‍  പോകുകയാണ് ,ആരെങ്കിലും കാണാന്‍ ഉണ്ടോ ?" ആര്‍ക്ക് ?അവര്‍ ഇവിടെ വെറും ഒരു അപരിചിതയാണെന്നു മനസ്സിലാക്കാന്‍ പോലും ഉള്ള ബുദ്ധിയില്ലെന്നുണ്ടോ ഇയാള്‍ക്ക് ? .ഡോക്ടര്‍ തന്‍റെ ജോലി തീര്‍ക്കാന്‍ വേണ്ടി ധൃതിപ്പെട്ടു പോകുന്നിടെ ആണ് എന്‍റെ നോട്ടം കിഴവനില്‍  പതിഞ്ഞത് .
"അയ്യോ ഈ മനുഷ്യനെ ഒന്ന്  കാണിച്ചു കൊടുക്കേണ്ടേ ?"

ഞാന്‍ ചെന്ന് വിളിച്ചപ്പോള്‍ പ്രതികരണം ഒന്നുമില്ലാതിരുന്ന ആ മനുഷ്യന്‍ പക്ഷെ ആജ്ഞാ രൂപത്തില്‍  കയ്യില്‍ പിടിച്ചപ്പോള്‍ അനുസരണയോടെ എഴുന്നേറ്റ് വന്നു. അയാളുടെ സിരകളില്‍  രക്തം   ഒഴുകാതെ കെട്ടിക്കിടക്കുകയാണെന്ന്  എനിക്ക് തോന്നി .പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു ആ സ്ത്രീ പെട്ടിക്കുള്ളില്‍ തന്‍റെ യാത്ര കാത്തു കിടന്നു .പോകാനുള്ള വണ്ടി വൈകുന്നതില്‍ ആ സ്ത്രീക്ക് വല്ലാത്ത അസഹ്യത ഉണ്ടെന്നു എനിക്ക് വെറുതെ തോന്നി .

"ഇതാരാ ?" ഒരു ഗുഹയില്‍ നിന്നെന്ന പോലെ ആ ഹാളിനുള്ളില്‍ അയാളുടെ ശബ്ദം പേടിപ്പെടുത്തും വിധം മുഴങ്ങി .എനിക്കും അറിയില്ലായിരുന്നു അവര്‍ ആരാണെന്ന് . ആരായിരിക്കും അയാള്‍ക്കവര്‍ ?ഭാര്യ ?സഹോദരി ?സുഹൃത്ത്? ആവോ !! . എന്നിട്ടും ഞാന്‍ അയാളുടെ കൈ പിടിച്ചു അവരുടെ മുഖത്ത് വെറുതെ തൊടുവിച്ചു .ആ സ്ത്രീ അയാളുടെ ആരാണെങ്കിലും അയാള്‍ അവരോട് യാത്രാ മൊഴി ചോല്ലേണ്ടതുണ്ട്.ഇവരെ തിരിച്ചു മഹാ നഗരത്തില്‍ എത്തിക്കുമ്പോഴേക്കും ഒരു പക്ഷെ അയാള്‍ക്ക് അതിനു കഴിഞ്ഞില്ലെങ്കിലോ ?ഒരിക്കല്‍ എംബാം ചെയ്ത മൃതദേഹം പിന്നെ അങ്ങനെ അധികനേരം ഒന്നും വെച്ചിരിക്കാന്‍ കഴിയില്ലല്ലോ  .

 പുറത്തേക്ക് നടക്കുമ്പോള്‍  ഞാന്‍ മനപ്പൂര്‍വ്വം നിശബ്ദത പാലിച്ചു , അങ്ങനെയല്ലാതിരുന്നിട്ടും കാര്യമൊന്നുമില്ല എന്നത് വേറെ കാര്യം .ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു പോയ ഒരാള്‍ എത്ര മാത്രം വിമ്മിട്ടം ആണ് മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്നതെന്ന് എനിക്ക് ആ ചുരുങ്ങിയ സമയം കൊണ്ട് മനസ്സിലായി..നമുക്ക് ഓര്‍മ്മകള്‍ ഉണ്ടായിരുന്നേ തീരൂ.ശൂന്യമായ മനസ്സില്‍ നിന്ന് വമിക്കുന്ന അഴുകിയ    കെട്ട  നാറ്റം മറ്റുള്ളവരെ അകറ്റും.

     വൈകുന്നേരം എങ്ങനെയെല്ലാമോ മൃതദേഹം സുമംഗലി എക്സ്പ്രെസ്സില്‍ കയറ്റി വിട്ടു അയാളെ സുരക്ഷിതമായി ഒരു സീറ്റില്‍ ഇരുത്തി ടി ടി ഇ യെ പ്രത്യേകം ശ്രദ്ധിക്കാന്‍ പറഞ്ഞേല്‍പ്പിച്ചു ആശ്വാസത്തോടെ ഞാന്‍ ചിഞ്ചിനിയില്‍ നിന്ന് അയാളോടൊപ്പം മഹാനഗരത്തിലേക്ക്‌ പോകാന്‍ നിയുക്തനായ ആര്‍ പി എഫ് കോണ്‍സ്റ്റബിള്‍ മനോജിനെ വിളിച്ചു .

"വണ്ടി സാങ്കിം വിട്ടിട്ടുണ്ട് മനോജ്‌ ,ടി ടി ഇയെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്".
അപ്പുറത്ത് മനോജിന്‍റെ ഘനഗംഭീരമായ ശബ്ദം വന്നു ."ഓക്കേ ,ഗ്രേറ്റ്‌ ,അയാളുടെ പേരെന്താണ് ?
അയാളുടെ പേരെന്താണ്  ?എനിക്ക് അതോര്‍മ്മയില്ലായിരുന്നു
"ടിടി ഇ യെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട് "ഞാന്‍ പറഞ്ഞു .
"ഓക്കേ,ഏതു കോച്ചില്‍ ആയിരുന്നു അയാളെ ഇരുത്തിയത്എന്ന് പറയൂ?"
'ഏതു കോച്ചില്‍ ആയിരുന്നു ,എസ് വണ്‍? എസ് ടൂ ?എവിടെയായിരുന്നു അയാളെ ഞാന്‍ കൊണ്ട് പോയി ഇരുത്തിയത് ?'
"ടി ടി ഇ യെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട് "   ഞാന്‍ ആവര്‍ത്തിച്ചു
"അത് ഓക്കേ ,പക്ഷെ ഏതു കോച്ചില്‍ ഏത് സീറ്റ്‌ നമ്പര്‍ എന്നറിയാതെ ഞാന്‍ എങ്ങനെയാ ആളെ കണ്ടു പിടിക്കുക ?

ഏതായിരുന്നു സീറ്റ്‌ നമ്പര്‍ ?ഏതായിരുന്നു ആ മനുഷ്യന്‍ ഇരുന്ന കോച്ച് ?എ/സി യിലോ സ്ലീപ്പറിലോ?എങ്ങനെയൊക്കെ ആലോചിച്ചിട്ടും എനിക്ക് അതൊന്നും ഓര്‍മ്മ വന്നില്ല .എന്‍റെ നിസ്സഹായമായ മൗനത്തിന് ബലം കൂട്ടിക്കൊണ്ടു കട്ട്‌ ആയോ എന്ന സംശയം മൂലം ആവാം ചോദ്യങ്ങള്‍  മനോജ്‌ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു .ഞാന്‍ ഫോണ്‍ വെച്ചുകളഞ്ഞു ."ഒരു പക്ഷെ ഇനി മനോജ്‌   ആരാണ് സംസാരിക്കുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും ?"            

44 comments:

  1. വല്ലാണ്ട്‌ സങ്കടപ്പെടുത്തിയല്ലോ സിയാഫ്‌..
    ഇത്തരം അവസ്ഥകൾ വിവേകപൂർവ്വം കൈകാര്യം ചെയ്തതിൽ നിന്ന് ആ മനസ്സും വ്യക്തിത്വവും കൂടുതൽ മനസ്സിലാക്കാനാവുന്നു..
    ഈ സൗഹൃദം അഭിമാനം നൽകുന്നു..നന്ദി
    പ്രാർത്ഥനകൾ..!

    ReplyDelete
  2. ആദ്യാവസാനം കഥ എവിടെച്ചെന്ന് നില്‍ക്കും എന്നൊരു ആകാംഷയുണ്ടായിരിരുന്നു. എത്ര നീണ്ടാലും അതിന്റെ പിറകേ പോകുമായിരുന്നു.

    ആ വയസനെ ടോയിലെട്ടിന്റെ വാതില്‍ക്കല്‍ ശ്രദ്ധിക്കാതെ പോന്നതിലെ കുറ്റബോധം അത്ര കാര്യമായി പ്രതിഫലിച്ചു കണ്ടില്ല. ഒടുവില്‍ അത് വള്ളിപോലെ വളര്‍ന്ന് തന്നിലേക്ക് പടര്‍ന്നു കേറി മറവിയായി മാറുന്നു. അത് ചിലപ്പോള്‍ വളരുന്ന ഒരു വിത്തോ ആ നിമിഷത്തെ വിഭ്രാന്തിയോ എന്ന ചിന്ത വായനക്കാര്‍ക്ക് നല്‍കി കഥ തീരുന്നു.

    വളരെ ഇഷ്ടമായി.

    ReplyDelete
  3. വായിച്ചു..
    ഇവിടെപ്പൊ എന്താ പറയാ..?
    “ ഇഷ്ടായെടോ ഈ എഴുത്ത് “..ന്ന് പറഞ്ഞ് തല്‍ക്കാലം രക്ഷപ്പെടുന്നു ഞാന്‍..

    ReplyDelete
  4. പെരുകുന്ന ഉദ്വേഗത്തോടെയാണ് കഥാന്ത്യം വരെ പിന്തുടർന്നത്. മനുഷ്യജീവിതത്തിന്റെ അപ്രവചനീയമായ ഗതിവിഗതികളെപ്പറ്റി, ഉള്ളവനേയും ഇല്ലാത്തവനേയും ഒരേ പോലെ ബാധിക്കുന്ന ചില ഗതികേടുകളെപ്പറ്റി, എത്ര ശക്തനും വിനീതമായി പോകുന്ന വിധിയുടെ ചില വിളയാട്ടങ്ങളെപ്പറ്റി ഒക്കെയുള്ള ചിന്തകളുടെ ചിറ്റോളങ്ങൾ മനസ്സിലുണർത്തി ഈ രചന. നന്ദി.

    ReplyDelete
  5. സിയാഫ്‌ , ഇതാണ് മോനെ കഥ . നേരിട്ട് മനസിലേക്ക് , പിന്നെ ബുദ്ധിയിലേക്ക് , പിന്നെ അതവിടെ നിന്നും കണ്ണിലേക്ക് , അവിടെയും നില്‍ക്കാന്‍ ഇടമില്ലാതെ കണ്ണീരായി പുറത്തേക്കു ..! പക്ഷേ , വല്ലാതെ മാനസികമായി വേദന തരുന്നു ഈ കഥ ... നേരിട്ട് മറയില്ലാതെ ....! കഥാകാരാ മൗനം ...!

    ReplyDelete
  6. “നിനക്ക് എഴുത്തിന്റെ അസുഖമുണ്ടോ? ഇങ്ങിനെ കഥകള്‍ നിര്‍മ്മിക്കാന്‍? എങ്കില്‍ നീ ഒരു മോശം കഥാകൃത്താണെന്ന് പറയാതെ വയ്യ “ ഡോക്ടറുടെ അഭിപ്രായം ചിലയിടങ്ങളില്‍ സത്യവും ചിലയിടങ്ങളില്‍ അസത്യവും ആവുന്നു സിയാഫ്.. കഥാപരിസരത്തെ (സംഭവമാണെങ്കില്‍ പോലും.. അല്ലെങ്കില്‍ പോലും) സിയാഫ് കഥയുടെ പ്ലാറ്റ്‌ഫോമിലേക്ക് കൃത്യമായി പറിച്ചു നട്ടില്ല.. എന്തോ പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കാതെ ട്രെയിന്‍ കാണാന്‍ കയറിയ ഒരാളുടെ പകപ്പ് ചിലയിടങ്ങളില്‍ എങ്കിലും വ്യക്തതക്ക് അല്ലെങ്കില്‍ പറച്ചിലിന്റെ ഒഴുക്കിനെ ബാധിച്ചു. പക്ഷെ, അള്‍‌ഷിമേസ് ബാധിച്ച അയാളെക്കുറിച്ച് പറയുമ്പോള്‍ മുതല്‍ കഥ നന്നായി. അവിടെയും സംഭവിച്ചത് (മന:പൂര്‍വ്വമാണെങ്കില്‍ ഒരു പുതിയ ട്രെന്റ് ആക്കാം:) :) ) കഥയില്‍ പ്രധാന കഥാപാത്രം ഏതെന്ന കണ്‍ഫ്യൂഷന്‍ വരുത്തിയെന്നതാണ്. അല്ലെങ്കില്‍ എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ പറയാന്‍ ശ്രമിച്ചത് എന്നത് ചിതറിയപ്പോലെ.. പക്ഷേ, അതില്‍ ഒരു പുതുമയുണ്ട്.. അതുകൊണ്ടാണ് പുതിയ ട്രെന്റ് ആക്കാമെന്ന് പറഞ്ഞത്. ന്യൂജനറേഷന്‍ കഥനം.. കഥാഗതി എന്നൊക്കെ പറയുമ്പോലെ.. :)

    ReplyDelete
  7. അലസമായി പറഞ്ഞുപോവുകയും അതിൽ തന്നെ അങ്ങിങ്ങായി ഹൃദയത്തിലേക്ക് നേരിട്ടുള്ള സ്പർശങ്ങൾ മേമ്പൊടിയായി തൂവുകയും ചെയ്യുന്ന രീതിയാണ് ഈ എഴുത്തുകാരന്റെ ആകർഷണീയത. ഇവിടെയും അതുതന്നെയാണ് അനുഭവപ്പെട്ടത്.

    ദുരൂഹതകൾ തുടക്കം മുതലേ ഭീതിയായി മനസ്സിൽ നിറക്കുന്ന കഥ. എവിടെയോ ഒരു മരണം ഉണ്ടെന്ന് വായിച്ചു തുടങ്ങിയപ്പോൾ തന്നെ എന്റെ മനസ് പറഞ്ഞിരുന്നു..


    എന്ത്, എങ്ങനെ എഴുതിയാലും അത് ചർച്ച ചെയ്യപ്പെടുകയോ കുറഞ്ഞപക്ഷം ചിന്തിക്കപ്പെടുകയോ ചെയ്യുമ്പോഴാണ് ആ എഴുത്ത് സാർത്ഥകമാവുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. സിയാഫ്ക്കയ്ക്ക് അഭിമാനിക്കാം.

    ആശംസകൾ!!

    ReplyDelete
  8. വ്യത്യസ്തമായ രചനാ ശൈലി. ഇഷ്ടമായി...

    ReplyDelete
  9. കഥ നന്നായിരിക്കുന്നു, എന്നാലും എവിടെയോ എന്തോ ഒരു കുറവ് പോലെ തോന്നി... ഇതിനെക്കുറിച്ച്‌ പറഞ്ഞു കേട്ട്, കുറെയധികം പ്രതീക്ഷകളോടെയാണ് ഇത് വായിച്ചത്. (ഒരു പക്ഷേ അത് തന്നെയാവും ആസ്വാദനം കുറയാനുള്ള കാരണവും!)

    ReplyDelete
  10. വ്യക്ത്വിതങ്ങള്‍ ഇരട്ടകളായി പരിണമിക്കുന്ന മനസ്സുകള്‍ ( ചില നേരം സംഭവ്യം)... കഥ അസ്സലായി സിയാഫ്ക്കാ . സങ്കടത്തിന്റെ ഭാഷയല്ല കഥയ്ക്ക്ഉള്ളതെങ്കില്‍ കൂടി വായനക്കാരന്റെ ഉള്ളില്‍ തുളഞ്ഞു കയറുന്ന എന്തോ ഒന്നുണ്ട് കഥയില്‍ . വായന തുടരും തോറും ഭയത്തിന്റെ ഒരു പിരമിഡ്‌ ( മരണം പോലെയെന്തോ ഒന്ന് ) പിന്തുടര്‍ന്നിരുന്നു . കൂടെയുള്ളവരുടെ (അവര്‍ അപരിചിതര്‍ ആണെങ്കില്‍ കൂടി )വേദന കേള്‍ക്കാന്‍ , അവര്‍ക്ക് വേണ്ടി കാതോര്‍ത്തിരിക്കാനും വേദനിക്കുവാനും നമുക്കും ഒരു ഹൃദയമില്ലേയെന്നു വായനയ്ക്കൊടുവില്‍ ഓര്‍മ്മിക്കാതിരിക്കാന്‍ കഴിയുന്നില്ല .

    ReplyDelete
  11. കഥ വായിച്ച് കഴിഞ്ഞിട്ടും കഥയിലേക്ക് തന്നെ കൂട്ടികൊണ്ട് പോകുന്ന ഒരു ഫീലുള്ള നല്ല എഴുത്ത്
    ആശംസകൾ

    ReplyDelete
  12. കഥ വായിച്ചു . ഉള്ളിൽ തട്ടുന്ന കഥ .... മുൻവിധികൾ ഇല്ലാതെ കഥ പറയുന്ന രീതി ലളിതവും നല്ലതുമായും തോന്നി ....എത്ര നന്നാക്കി എഴുതി എന്ന് തോന്നിയാലും ഓരോ വായനക്കാരനും , അയാളുടെ നിലവാരത്തിൽ നിന്നാണല്ലോ വിലയിരുത്തുക ... അത് കൊണ്ട് അഭിപ്രായങ്ങൾ ഭിന്നവുമാണ്‌ .... മുഖ്യധാരാ ചെറുകഥകൾ ഒരു രേഫെരന്സ് എന്നാ നിലയില ഇപ്പോൾ കൂടുതൽ വായിക്കാൻ ശ്രമിക്കാറുണ്ട് ... ചില ബ്ലോഗ്ഗിലെങ്കിലും അവയെ മാറി കടക്കുന്ന കഥകള ഉണ്ട് ...ചിലത് നമുക്കെത്താൻ പറ്റാത്ത തലത്തിലുമാകും ... പി സുരേന്ദ്രന്റെ ജലസന്ധി പോലെ .... ടി എൻ പ്രകാശിന്റെ താപം പോലെ ..... സിയാഫ് ഭായിയുടെ ഈ ലളിതമായ ക്രാഫ്റ്റ് പോലെ ... പ്ലാറ്റ് ഫോം രൂപീകരണത്തിൽ അശ്രദ്ധ വരിക എന്നാൽ സിയാഫ്ക്കയെ പോലെ ഒരാള്ക്ക് യോജിച്ചതുമല്ല ... എനിക്കിഷ്ടായി .. നന്നായി .

    ReplyDelete
  13. എനിയ്ക്ക് കഥ വായിച്ചിട്ട് ഒരു കുറവും തോന്നിയില്ല
    എന്നാല്‍ അത്ര മേന്മയുള്ള ഒരു കഥയെന്നും തോന്നിയില്ല

    അവസാനഭാഗത്തേയ്ക്ക് വരുമ്പോള്‍ സ്മൃതിനാശകാലത്തെ ചിന്തകള്‍ അല്പം അവിശ്വസനീയമായിത്തോന്നും യുക്തിപൂര്‍വം വായിയ്ക്കുമ്പോള്‍. അവരുടെ മനോവ്യാപാരങ്ങള്‍ ഇതുവരെ ആരും വിശകലനം ചെയ്യാത്തതിനാലാവും.

    ReplyDelete
  14. ഹൊസബട്ടുവിലെ ജീവിതങ്ങളുമായി ഇപ്പോള്‍ ഞങ്ങള്‍ വായനക്കാരും പരിചിതരായിക്കഴിഞ്ഞിരിക്കുന്നു. മനോഹരമായ ക്രാഫ്റ്റ്. ഒതുക്കത്തോടെയുള്ള കഥാകഥനം.വായനക്കാരെ കഥക്കൊപ്പം കൂട്ടിക്കൊണ്ടുപോവുന്ന അനായാസം ഒഴുകിയെത്തുന്ന ഭാഷയുടെ സൗന്ദര്യം....... കഥ എനിക്ക് ഏറെ ഇഷ്ടമായി.....

    ReplyDelete
  15. സിയാഫ് മാഷെ കഥ വായിച്ചു .അവതരണം ഇഷ്ടമായി
    ഒരു പുതുമ ഉള്ളതായി തോന്നിയില്ല.
    'വെള്ളം കൊടുക്കാതെ ആ സ്ത്രീ മരിച്ചല്ലോ 'എന്നൊരു വിഷമം
    അയാള്ക്ക് ഉള്ളതായി കഥയിൽ നിന്നും തോന്നിയില്ല അത് കൊണ്ട് വിഷമവും ..

    കപ്പിലേക്ക് പകരുന്ന ചായയോടു പോലും .......ഈ പ്രയോഗം വളരെ നന്നായിട്ടുണ്ട്.

    മറവി രോഗം എന്നതിലേക്ക് കഥ അവസാനം കൊണ്ട് പോയതും നന്നായി തോന്നിയില്ല ...

    എഴുത്തിനു നല്ല അടക്കം ഉണ്ട് വ്യക്തതയും
    ഭാവുകങ്ങൾ മാഷെ .....

    ReplyDelete
  16. നല്ല കഥ. ഉദ്വേഗത്തോടെ അവസാനം വരെ വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സിയാഫിന്‍റെ കഥയാണല്ലൊ എന്നോര്‍ക്കുമ്പോള്‍ ഒരു ! എന്‍റെ വായനയില്‍ അവശേഷിക്കുന്നുമുണ്ട്.

    ReplyDelete
  17. ആമിയുടെ ചിത്രപുസ്തകത്തിൽ വരുന്നത് കഥകളാണോ ? അതോ അനുഭവങ്ങളോ ? ഇതു രണ്ടുമാണെന്നോ ഇതിലേതെങ്കിലുമൊന്നാണെന്നോ എഴുത്തുകാരൻ ലേബൽ ചെയ്തിട്ടില്ല.
    പലരും കഥകളായാണ് കാണുന്നത്. എന്നാൽ, സിയാഫ് ഭായ് ലോക്കോ പൈലറ്റാണ് എന്നറിയാവുന്ന ഒരാൾക്ക്, ഇതെല്ലാം കഥകളായി മാറ്റി വെക്കാനുമാവില്ല..

    സിയാഫ് ഭായ് തന്റെ മാന്ത്രികപ്പേന കൊണ്ട് അനുഭവങ്ങളെ കഥാനുഭവങ്ങളാക്കി മാറ്റിയെഴുതുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ രചനയും വ്യത്യസ്തമല്ല.

    ഒറ്റവായന കൊണ്ട് പൂർത്തിയാക്കി മാറ്റി വെക്കാനാവുന്നുണ്ട്. 'ഓ..അത്രയ്ക്കൊന്നുമില്ല' എന്ന് കരുതി മറ്റ് സൈബർ ഇടങ്ങളിലേക്ക് ഊളയിടാനാവുന്നുണ്ട്. പക്ഷെ എവിടെയോ പടർന്നു പിടിക്കുന്ന ഒരസ്വസ്ഥത.

    ഓർമ്മകൾ വീണ്ടും അയാളിലേക്കെത്തുന്നു, ആ സ്ത്രീയിലേക്കെത്തുന്നു ;അത്രയധികമൊന്നും അവരെ കുറിച്ച് പറഞ്ഞ് സങ്കടപ്പെട്ടിട്ടില്ലെങ്കിലും.. എഴുത്തിന്റെയും മാനവികതയുടെയും നിറവ്..

    ReplyDelete
  18. കഥയുടെ ഒഴുക്കില്‍ ഒരിത്തിരി ഇഴച്ചില്‍ ഉണ്ടോ എബ്ബൊരു സംശയം... അല്ഷിമെഷ്സ് എന്ന രോഗത്തിന്റെ ഭീകരാവസ്ഥ - അതൊരു വരിയില്‍ നമുക്ക് മുന്‍പിലേക്ക്-നമുക്കെല്ലാവര്‍ക്കും ഓര്‍മ്മകള്‍ വേണം - ശൂന്യമായ മനസ്സില്‍ നിന്ന് വരുന്ന കേട്ട നാറ്റം മറ്റുള്ളവരെ അകറ്റും !!!! ആശംസകള്‍

    ReplyDelete
  19. അനുഭവമാണെന്നു കരുതട്ടെ, ഇതിലെ ഏതോ ഒരു വശം മനസ്സിലെ വല്ലാതെ സ്പർശിക്കുന്നു, (ഏതു വശമാണെന്ന് പറയാൻ അറിയില്ല. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. സിയാഫ് ബായിക്ക് ആശംസകൾ

    ReplyDelete
  20. സിയാഫ് .

    രണ്ട് മുഖമാണ് സിയാഫ് കഥകൾക്ക് . ഒന്ന് ഒട്ടും പിടി തരാതെ കുതറി മാറുന്നത് ആണെങ്കിൽ മറ്റൊന്ന് വായനയെ പിടിച്ചുലക്കുന്ന നല്ലൊരു അനുഭവമായിരിക്കും . ഈ കഥ രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നു .
    റെയിൽവേയുടെ പാശ്ചാതലത്തിൽ സിയാഫ് പറഞ്ഞ കഥകളെല്ലാം എന്റെ ഇഷ്ടപ്പെട്ട വായനയാണ് .

    കുറെ സങ്കടങ്ങൾ ബാക്കിയാക്കി ഇത് . ഇടക്ക് വെച്ച് ജീവിതയാത്ര തന്നെ നിർത്തേണ്ടി വന്ന ആ സ്ത്രീയും ലക്ഷ്യമില്ലാതെ യാത്ര ചെയ്യുന്ന അയാളും വല്ലാതെ വിഷമിപ്പിക്കുന്നു . ചില മനോഹരമായ പ്രയോഗങ്ങളും കാണാം കഥയിൽ .

    " പോകാനുള്ള വണ്ടി വൈകുന്നതിൽ ആ സ്ത്രീക്ക് വല്ലാത്ത അസഹ്യത ഉണ്ടെന്നു എനിക്ക് വെറുതെ തോന്നി ".

    ഈ വരിയൊക്കെ വായിക്കുമ്പോൾ കഥാകൃത്തിനെ അറിയുന്നു .

    നന്ദി സിയാഫ് ഈ നല്ല വായനക്ക്

    ReplyDelete
  21. ഞാനിത് മുഴുവൻ വായിച്ചു,മുഴുവൻ വായിച്ച ശേഷം അവിടവിടെയായി വീണ്ടും ഒന്ന് കൂടി. കാരണം അംജതിക്കയുടെ കമന്റ്. ആ അഭിപ്രായം വായിച്ച് ഞാനൊന്നുകൂടി കഥയിലൂടെ കണ്ണോടിച്ചു. ഇക്ക പറഞ്ഞ പോലെ അത് ഹൃദയത്തിലേക്കും ബുദ്ധിയിലേക്കും കണ്ണുകളിലേക്കുമൊന്നും കയറിയില്ല, ഇനിയിപ്പൊ ബുദ്ധിയില്ലാഞ്ഞിട്ടാവുമോ ? ആവും.!
    എന്തായാലും അങ്ങനെ വേണ്ടാത്തിടത്തൊന്നും കയറിയിരുന്നില്ലാ ന്നേ ഉള്ളൂ.
    നല്ല രസമായി വായിച്ച് തീർറ്റ്തു,വല്ലാത്തൊരു ഉദ്വേഗത്തോടെ.
    എന്തെങ്കിലും കാര്യം പറയുമ്പോൾ അതിനൊരു തുടക്കവും അധ്യവും അവസാനവും വേണമെന്ന ചിന്തയിലാ ഞാൻ, അതുകൊണ്ട് ഇതിലൊരു അവസാനം എനിക്ക് കാണാൻ കഴിഞ്ഞില്ല.
    പക്ഷെ സുന്ദരം, അതീവ ഉദ്വേഗഭരിതം.
    ആശംസകൾ.

    ReplyDelete

  22. വളരെ നല്ല കഥ....... എനിക്ക് ഇതിൽ ഒരിഷ്ടക്കേടും തോന്നിയില്ല. തുടക്കത്തിൽ അല്പ്പം അലസത അത്രമാത്രം. നന്നായി

    ReplyDelete
  23. ജീവിതമാകുന്ന യാത്രയില്‍ എന്നോ എപ്പോഴോ അറിയാതെ വഴിപിരിഞ്ഞു ഇറങ്ങിപോകേണ്ടവര്‍'.

    ReplyDelete
  24. വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും .പ്രത്യേകിച്ചും വിമര്‍ശനാത്മകമായി ഈ പോസ്റ്റിനെ സമീപിച്ചവര്‍ക്ക് .
    പലരും സംശയിച്ചത് പോലെ ഇത് തികച്ചും അനുഭവക്കുറിപ്പുകള്‍ ആണ് .എന്നാല്‍ അനുഭവത്തിനു ഒരു കുഴപ്പമുണ്ട് .അവ എപ്പോഴും വയ്യക്തികമാണ് ,അത് മറ്റൊരാളുടെ ഹൃദയത്തെ ചലിപ്പിക്കണമെങ്കില്‍ അതിനു ഭാവന അല്‍പ്പം ചേര്‍ക്കാതെ വയ്യ .അത് കൊണ്ട് കഥാകൃത്ത്‌ ബഷീര്‍ മേച്ചേരി നിര്‍ദ്ദേശിച്ച പ്രകാരം ഫേസ്ബുക്കില്‍ എഴുതിയിരുന്ന അനുഭവക്കുറിപ്പുകളുടെ തുടര്‍ച്ച ആണ് ആമിയുടെ ചിത്ര പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുന്നത് .
    പക്ഷെ മുഴുവന്‍ ആയും കഥ അല്ലാത്തത് കൊണ്ട് അവയെ കഥ ആയി പറിച്ചു നടാനും വയ്യ .അതെന്നോട്‌ (അല്ലെങ്കില്‍ ഞാന്‍ എന്ന കഥാപാത്രങ്ങളോട് )ചെയ്യുന്ന അനീതിയും സത്യസന്ധതയില്ലായ്മയും ആണെന്ന് ഞാന്‍ കരുതുന്നു .അത് കൊണ്ട് ആണ് ഇവക്കു പ്രത്യേക ലേബല്‍ നല്കാത്തത് .
    വായിച്ചവര്‍ക്കെല്ലാവര്‍ക്കും വിമര്‍ശനങ്ങളിലൂടെ എനിക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നവര്‍ക്കും നന്ദി ..

    ReplyDelete
  25. യഥാർത്ഥ കഥപറച്ചിലുകാരന്റെ വെളിപ്പെടൽ തന്നെ.

    ReplyDelete
  26. enthaa maashe ingane okke ezhuthi manushyane pedippikkunne???
    Enikku theevandi yaathra ennu kettaal ippo pedi aakunnu..
    That's the power of your writing...
    Kp it up.... good job

    ReplyDelete
  27. സര്‍ കഥ വായിച്ചു ...സാറിന്‍റെ പതിവ് ശൈലിയില്‍ നിന്ന് വ്യത്യാസമുള്ള അവതരണം . ആശംസകള്‍ !

    ReplyDelete
  28. പൊയ്തും കടവിന്റെ ‘ഏട്ടത്തി’ വായിച്ചിട്ടുണ്ടോ ഭായ്?

    ReplyDelete
  29. അനുഭവങ്ങള്‍ ഭാവനയുടെ മേംപൊടി ചേര്‍ത്തു എഴുതുമ്പോള്‍ നല്ല കഥകള്‍ പിറക്കുന്നു.
    കഥയുടെ അവസാനം ഗംഭീരമായി.
    നല്ലൊരു കഥ വായിക്കാന്‍ കഴിഞ്ഞ സന്തോഷത്തോടെ ഇവിടെ നിന്നും പോകുന്നു

    ReplyDelete
  30. വായിച്ചു തീര്ന്ന ഈ കഥ ഒരു മാതൃകയാക്കാം അത്രയും മനസ്സിലേക്ക് കയറിക്കൂടിയ കഥ. മറക്കാൻ ശ്രമിച്ചാലും അതിനു കഴിയില്ല. ആ മനുഷ്യനെ ആർ പി എഫ് കോണ്‍സ്റ്റബിളിന് കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആത്മാര്തമായി ആഗ്രഹിച്ചു പോകുന്നു.

    ReplyDelete
  31. വളരെ അപൂര്‍വമായ ഒരു കഥാതന്തു.വളരെ മനോഹരമായി,എന്നാല്‍ അലസമായി കോര്‍ത്തിണക്കിയിരിക്കുന്നു.അഭിനന്ദനങ്ങള്‍

    ReplyDelete
  32. എസി 2 ടിയറില്‍ തങ്ങി നില്‍ക്കുന്ന പേടി തോന്നിപ്പിക്കുന്ന മൌനം എന്നെ പലതവണ മടുപ്പിച്ചിട്ടുണ്ട്..! ഈ കഥ വായിച്ചപ്പോള്‍ എനിക്ക് കൂടുതല്‍ പേടി തോന്നുന്നു........!

    പതിവ് പോലെ നല്ല എഴുത്ത് തന്നെ.

    ReplyDelete
  33. വ്യത്യസ്തവും മനസ്സില്‍ തട്ടുന്നതുമായ ഒരു വായനാനുഭവം

    ReplyDelete
  34. ഉള്‍ക്കഴയുടെ തെളിച്ചം നിറഞ്ഞ സിയാഫിന്‍റെ കഥനരീതി അസൂയപ്പെടുത്തുന്നു.

    ReplyDelete
  35. താങ്കള്‍ക്ക് എന്നെപ്പോലെ ലിങ്ക് വിതറല്‍ ശീലം ഇല്ലാത്തതിനാല്‍ ഇന്നാണ് ഈ കഥ കാണുന്നത്.. :)

    എനിക്ക് തോന്നിയ അഭിപ്രായങ്ങളെല്ലാം പലരും പല രീതിയില്‍ പറഞ്ഞു കഴിഞ്ഞു.. ഭാവന അധികം ചേര്‍ക്കാതെ ഒരു അനുഭവകഥ പറയുമ്പോള്‍ വായനയില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളെ കഥാകൃത്തും ന്യായീകരിച്ചു..

    പക്ഷെ എനിക്ക് അജിതേട്ടന്റെ അതെ അഭിപ്രായമാണ്, കുറ്റവും തോന്നിയില്ല, വളരെ മികച്ചത് എന്നും പറയാനില്ല..

    ReplyDelete
  36. ബൂലോകത്ത് മേഞ്ഞു നടക്കവേ ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത് . നല്ല എഴുത്ത് . നല്ല വൃത്തിയുള്ള ഭാഷ . ആശംസകൾ .

    ReplyDelete
  37. നന്നായിട്ടുണ്ട്

    ReplyDelete
  38. സിയാഫ്ക്കയെ കൂടുതല്‍ ഞാന്‍ ഇഷ്ടപെടുന്നു. നന്മ നിറഞ്ഞ ഈ മനസ്സ് എന്നും ഉണ്ടാവട്ടെ ..കഥ വായിച്ചു ഒരു നിമിഷം കരഞ്ഞു , അതിനു ഇത് കഥയല്ലല്ലോ ..ജീവിതമല്ലേ ..

    ReplyDelete
  39. വരികള്‍ക്കിടയില്‍ കൂടിയാണ് ആമിയുടെ ചിത്ര പുസ്തകത്തില്‍
    എത്തിച്ചേര്‍ന്നത്.കഥ ഇഷ്ടപ്പെട്ടു.
    ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  40. ആമിയുടെ ചിത്രത്താളുകള്ക്കിടയില് ഞങ്ങളും കൂട്ടുകൂടുന്നു

    ReplyDelete
  41. മനസ്സിൽ ഒരു വേദന ബാക്കി വെക്കുന്നു ഈ കഥ... ഇഷ്ടായി... ഇന്നാണ് സിയാഫിക്കയുടെ ബ്ലോഗ്‌ കാണുന്നത്... :)

    ReplyDelete
  42. വൈകി എത്തുന്ന യാത്രക്കാരന്റെ പരിഭ്രമം ശരിക്കും ഞാൻ അനുഭവിച്ചു എങ്ങിനെ എങ്കിലും അവസാനം എത്തണം എന്നാ വാശി ഉള്ളത് പോലെ കഥകളക്കിടയിലെ കംപര്റ്റ് മെന്റിലൂടെ ഓടി അവസാനം തലേക്കെട്ടിൽ എത്തി വണ്ടി നിന്ന് നല്ല എഴുത്ത് അതിശയം

    ReplyDelete

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ