എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Tuesday, December 10, 2013

ഉറക്കച്ചൂണ്ട

               
യാത്രകള്‍ എനിക്കിഷ്ടമേയല്ല.എന്നാലും  എനിക്കവ എത്ര ശ്രമിച്ചാലും ഒഴിവാക്കാന്‍ കഴിയാറില്ല.യാത്രയുമായി ബന്ധപ്പെട്ടുള്ള ജോലി ആയതു കൊണ്ട് മാത്രമല്ല ,ന്യൂട്ടന്‍ എന്ന ധിഷണാശാലി മനുഷ്യസമൂഹത്തിനു മേല്‍ കയറ്റി വെച്ച ചില ഊര്‍ജ്ജതന്ത്ര നിയോഗങ്ങള്‍ കൊണ്ട് കൂടിയാവാം അങ്ങനെ  .അത് കൊണ്ട്  മനപ്പൂര്‍വ്വം എന്‍റെ ഒഴിവുകാലവിനോദങ്ങളില്‍ നിന്നും ദിനാന്ത്യക്കുറിപ്പുകളില്‍ നിന്നും ഞാന്‍ യാത്രയെ ഒഴിവാക്കുന്നു ,മടിയുടെ പശ തേച്ചു ഞാനെന്‍റെകസാലയോടൊട്ടുന്നു.പുസ്തകങ്ങള്‍ ,ഫേസ്‌ബുക്ക്‌ , ചാറ്റ് റൂമുകള്‍ കുട്ടികളോട് ഒത്തുള്ള ബാഡ്മിന്‍റണ്‍ എന്നിങ്ങനെ ഒഴിവുസമയത്തെ ചിട്ടപ്പെടുത്തുന്നു . ദിനസരികളില്‍ നിന്ന് അങ്ങനെയെല്ലാം പിച്ചിക്കളഞ്ഞിട്ടും വഴങ്ങിത്തരാതെ  വീണ്ടും വീണ്ടും മുളച്ചു വരുന്ന    ഓരോരോ  പയണങ്ങള്‍!

 ഉച്ചക്ക് സാധാരണ പതിവുള്ള ഉറക്കം അന്ന് എനിക്ക് നടന്നിരുന്നില്ല , ഞങ്ങള്‍ റണ്ണിംഗ് സ്റ്റാഫിന്‍റെ ഭാര്യമാരുടെ നിത്യപ്പരാതി ആണ് അത്തരം പൂച്ചയുറക്കങ്ങള്‍ .രാവിലെ ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ ഉറക്കം ,ഉച്ചക്ക് നൈറ്റ്‌ ഡ്യൂട്ടി ആണെന്ന് പറഞ്ഞു ഒരു മുന്‍‌കൂര്‍ ഉറക്കം , വൈകുന്നേരം രാത്രി   ഡ്യൂട്ടി ഇപ്പോള്‍ വന്നേക്കും  എന്ന് പറഞ്ഞു പിന്നെയും ഉറക്കം .. ഇതാണ് ഞങ്ങളുടെ ഉറക്കത്തെ പറ്റി അവര്‍ പറയുക ..പക്ഷെ അത് ചെയ്യാതിരുന്നാല്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്കല്ലെ അറിയൂ !

     ഒരു പാരച്യൂട്ടിന്‍റെ ആകൃതിയില്‍ ഹെഡ് ലൈറ്റ് ഞങ്ങള്‍ക്ക് തെളിച്ചു തന്ന പാതക്കപ്പുറത്ത് സൂത്രശാലിയായ ഒരു കുറുക്കനേപ്പോലെ ഒളിച്ചു നില്‍ക്കുന്ന ഇരുട്ട് .  ഹെഡ് ലൈറ്റിന്‍റെ മങ്ങിയ മഞ്ഞവെളിച്ചത്തില്‍ പത്തു മുന്നൂറു മീറ്റര്‍ കഷ്ടി കാണാന്‍ കഴിയും , അതു തന്നെ   പാളത്തിന്‍റെയും റെയിലിന്‍റെയും പ്രണയക്കാഴ്ച്ചയുടെ മടുപ്പിക്കുന്ന തുടര്‍ച്ചകളാണ്.   പരസ്പരം സംസാരിച്ചിരുന്നാല്‍ ശ്രദ്ധ തെറ്റിപ്പോകും എന്നത് കൊണ്ട് യാത്രക്കിടയില്‍ ഞങ്ങള്‍ ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും തമ്മില്‍ കാര്യമായ വര്‍ത്തമാനങ്ങള്‍ ഒന്നുമുണ്ടാവില്ല .ഒരു പ്രാവശ്യം സിഗ്നല്‍ കിട്ടിക്കഴിയുന്നതോടെ കണ്ണ്  ട്രാക്കില്‍ തളച്ചിട്ടാലും മനസ്സ് യാത്ര തുടങ്ങും എന്നതാണ് അതിന്‍റെ ഒരു കുഴപ്പം .


         ചെവിയില്‍ അലോസരത്തിന്‍റെ തിരമാലകളുയര്‍ത്തുന്ന  ഹുങ്കാരവും ഒരു ബോര്‍മ്മക്ക് സദൃശ്യമായ പുഴുങ്ങുന്ന ചൂടും ഇടയ്ക്കിടെ ബ്ലിങ്കുന്ന എല്‍ ഇ ഡി വെളിച്ചങ്ങളും ബീപ്ബീപ് ശബ്ദങ്ങളുമല്ലാതെ സുഖകരമായ ഒന്നുമില്ല  എഞ്ചിന്‍റെ ഉള്ളില്‍ . വണ്ടി പുറപ്പെടുന്നതോടെ കാബിന്‍റെ  ഉള്ളിലെ ലൈറ്റുകള്‍ ഒക്കെ ഞങ്ങള്‍  അണയ്ക്കും.ഇല്ലെങ്കില്‍ ലുക്ക്‌ ഔട്ട്‌ ഗ്ലാസ്സില്‍ പാതക്കാഴ്ചകള്‍ക്ക് പകരം ഞങ്ങളുടെ തന്നെ പ്രതിബിംബം ആവും കാണുക .സ്വന്തം രൂപം തന്നെ  കുറച്ചു നേരം കണ്ടിരുന്നാല്‍ മാത്രം മതി,ഏതുകണ്ണാടിയും  ഉടയും ,, ഉറപ്പ് .ഡോംലൈറ്റ് അണച്ചെന്നാലും കുറച്ചു കഴിയുമ്പോള്‍ ഗേജ് ലൈറ്റുകളുടെയും മറ്റു വെളിച്ചത്തില്‍ കാബിനകം ഞങ്ങളുടെ കണ്ണുകള്‍ക്ക് നല്ലോണം പഴകും .

       ചിഞ്ചിനി വിട്ടപ്പോള്‍ മുതല്‍ തന്‍റെ മ്യൂട്ട് ബട്ടന്‍ അമര്‍ത്തി  ഗൗരവത്തില്‍ഇരുപ്പാണ് ഡ്രൈവര്‍ . സ്വതവേ പരുക്കന്‍ സ്വഭാവത്തിന് പേര് കേട്ടവര്‍ ആണ് ഞങ്ങള്‍,ഞങ്ങളില്‍ തന്നെ മുരടന്‍ എന്ന പേര് കേട്ട ഒരാള്‍ ആയിരുന്നു അന്ന് എനിക്ക് കൂട്ട്  .ഞാന്‍ പാതയില്‍ കണ്ണ് നട്ടിരുന്നു.യാത്ര തുടങ്ങിയതേ ഉണ്ടായിരുന്നു എങ്കിലും ,എനിക്ക്  വല്ലാത്ത  മുഷിവ്‌ തോന്നി.   ഒരു  സ്റ്റേഷന്‍ വിട്ടു കഴിഞ്ഞാല്‍ അടുത്ത സ്റ്റേഷന്‍ എത്തുവോളം ഉള്ള ഇരുപതു മിനിറ്റുകള്‍ എത്ര കോട്ടുവായകളുടെ ദൈര്‍ഘ്യം ഉള്ളതാണെന്ന് ഒരു എഞ്ചിനില്‍ രാത്രി യാത്ര ചെയ്ത് അനുഭവിച്ചറിയുക തന്നെ വേണം .എന്‍റെ മനം മടുപ്പറിഞ്ഞിട്ടോമറ്റോ ആവണം പ്രകൃതി അന്ന് ,ആ വിസ്മയക്കാഴ്ച എനിക്കെറിഞ്ഞു തന്നത്.

ആകാശത്തു അന്ന് അമ്പ്‌ പെരുന്നാള്‍ ആയിരുന്നെന്നു തോന്നുന്നു .സ്വര്‍ണ്ണ മീനുകള്‍ പോലെ ആകാശത്തു നക്ഷത്രങ്ങള്‍ തെരുതെരെ മിന്തി  . തിരുരൂപം എഴുന്നെള്ളിച്ചു കൊണ്ട് ആഹ്ലാദത്തിമര്‍പ്പോടെ അവ ആകാശപ്പട്ടണം  വലം വെച്ചു .തിക്കിനും തിരക്കിനുമിടെ ചില ഉള്‍ക്കക്കുഞ്ഞുങ്ങള്‍ താഴേക്ക് വീണു പോയി .എന്‍റെ മുന്നില്‍ വെച്ചാണ് അവ ഒരു പിടച്ചിലോടെ ശൂന്യതയിലേക്ക് ,തങ്ങളുടെ വീട്ടിലേക്കെന്ന വണ്ണം മാഞ്ഞുപോയത് . ഒന്നിന് പിറകെ മറ്റൊന്നായി  ഒരു ഘോഷയാത്രയിലെന്ന വണ്ണം  ഗ്രഹങ്ങളും നക്ഷത്രങ്ങളും ധൂമകേതുക്കളും ഒക്കെ വര്‍ണ്ണങ്ങള്‍ വാരിവിതറി കടന്നു പോയി . എല്ലാം കഴിഞ്ഞപ്പോള്‍ മാനത്തിന്‍റെ കിഴക്കെക്കോണില്‍ രതിമൂര്‍ച്ഛയണഞ്ഞാലെന്നവണ്ണം ഒരു മഞ്ഞവെളിച്ചം പരന്നു.

       വണ്ടി റണ്‍ത്രൂ പോകാനായി പച്ചവിളക്കുകള്‍ സിഗ്നല്‍മരങ്ങളില്‍ വിളഞ്ഞു .ഹോണ്‍ നീട്ടിയടിച്ച് ഞാന്‍ ആദ്യ സ്റ്റേഷന്‍ കടന്നുപോയി .ഞങ്ങള്‍ക്ക് ഓള്‍റൈറ്റ് അടയാളം കാട്ടി പോയിന്റ്സ്മാനും സ്റ്റേഷന്‍ മാസ്റ്ററും തങ്ങളുടെ മാളത്തിലേക്ക് തല വലിച്ചു ,ഞാന്‍ വീണ്ടും എന്‍റെ സീറ്റില്‍ വന്നിരുന്നു .ഒരു സിഗരറ്റ് കിട്ടിയിരുന്നെങ്കില്‍ നന്നായേനെ എന്നെനിക്കു തോന്നി .പുകവലിച്ചാല്‍ കുറ്റപത്രവും ശിക്ഷയും കിട്ടും എന്നുള്ളത് ശരിയെങ്കിലും ഉറക്കത്തെ  അകറ്റാന്‍ സിഗരറ്റ് പോലെ വേറൊരു മരുന്നില്ല .അക്കാലത്ത് ഞാന്‍ പുകവലിയുടെ അടിമ ആയിരുന്നു താനും .

        എനിക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു .എന്‍റെ ദൈവമേ! ഉറക്കം !ഞങ്ങളുടെ ഏറ്റവും വലിയ ശത്രു .അവനെപ്പോഴാണ് ഞങ്ങളുടെ എഞ്ചിനെന്ന കോട്ടയിലേക്ക് വലിഞ്ഞു കയറിയത് ?ഇനിയും എത്ര ദൂരം പോകാനുണ്ടെന്നോ?ഇപ്പോഴേ ..!

 പാതയോരത്തെ വീടുകള്‍ ഉറങ്ങുന്നു ,മരങ്ങള്‍ ഉറങ്ങുന്നു ,അവയുടെ ഓരോ ചില്ലയിലും കിളികള്‍ ഉറങ്ങുന്നു,പക്ഷെ ഞങ്ങള്‍ ഉറങ്ങിക്കൂടാ . ജോലി പോകും ,ചിലപ്പോള്‍ ജീവനും പോകും ,അതൊന്നുമില്ലെങ്കിലും നല്ല ശിക്ഷ കിട്ടും  ,ഉറങ്ങാതിരിക്കുക എന്നത് തന്നെ വലിയൊരു ശിക്ഷയാണല്ലോ   , നേരിയ തണുപ്പുള്ള കുടമുല്ലപ്പൂക്കളുടെ മണമുള്ള കാറ്റ് നിങ്ങളെ ഉറക്കത്തിലേക്ക് ക്ഷണിക്കുമ്പോള്‍ പ്രത്യേകിച്ചും .ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത് കടപ്പയിലൂടെയാണ് .കടപ്പ മുല്ലകൃഷിക്ക് പേര് കേട്ടയിടമാണ് .രാത്രികാലങ്ങളില്‍ ആരെ മോഹിപ്പിക്കുവാനായിരിക്കും ഈ മുല്ല ഇങ്ങനെ വിരിയുന്നത് ?

വഴിവക്കിലെ  ഏതോ ഒരു ക്ഷേത്രമുറ്റത്ത് യക്ഷഗാനം നടക്കുന്നു.സന്ധ്യക്ക് ആരംഭിച്ചാല്‍  നേരം വെളുക്കുവോളം ഉണ്ടാകും യക്ഷഗാനം . മിന്നുന്ന കിരീടവും അലുക്കും തൊങ്ങലും പിടിപ്പിച്ച തിളങ്ങുന്ന ഉടയാടകളുമായി ഗന്ധര്‍വന്മാരുടെയും ദേവന്മാരുടെയും വേഷം കെട്ടിയ കലാകാരന്മാര്‍ ഗാംഭീര്യത്തോടെ നെടുനെടുങ്കന്‍ ഡയലോഗുകള്‍ ഉരുവിടുന്നു . എന്തോ നിര്‍ണ്ണായകരംഗം ആയിരുന്നു അപ്പോള്‍ നടന്നു കൊണ്ടിരുന്നതെന്നു തോന്നുന്നു , മ്യൂസിക്കിന്‍റെ ഒരു കീറ് വണ്ടിയിലേക്ക് തെറിച്ചു വീണു .വണ്ടി നിറുത്തിയിട്ടു അതല്‍പ്പം കണ്ടാസ്വദിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വെറുതെ ഞാന്‍ കൊതിച്ചു . ഇവിടന്നു പിരിയുവോളം അത് നടക്കാന്‍ പോകുന്നില്ല എന്നറിയാമായിരുന്നെങ്കിലും .

             ഉറക്കം ഒഴിവാക്കാനായി ഞാന്‍ എഴുന്നേറ്റ് നിന്നു.നടുവേദനയ്ക്കും ലേശം ആശ്വാസം കിട്ടും .കണ്ണുകള്‍ എന്നിട്ടും അടഞ്ഞു പോകുന്നു .എന്തെങ്കിലും ചെയ്തു കൊണ്ടിരുന്നാല്‍ ചിലപ്പോള്‍ ആശ്വാസം കിട്ടിയേക്കും .ഞാന്‍ റിപ്പയറിംഗ് ബുക്ക്‌ എടുത്ത് അരമണിക്കൂര്‍ ഇടവിട്ട് എടുക്കേണ്ട  റീഡിംഗ്സ് കുറിച്ചു വെച്ചു. കഴിഞ്ഞു!! ,,ഇനിയെന്ത് ചെയ്യും?

  ഞാന്‍ ഡ്രൈവറെ നോക്കി ,അങ്ങേരു കൂള്‍ ആയി ഇരിക്കുന്നു .നേരെ മുന്നിലെ പാതയില്‍ ഉറപ്പിച്ച കണ്ണുകളില്‍ തെല്ലും മൂടലില്ല ,പകരം ഒരു കരിമ്പൂച്ചയുടെ ജാഗ്രത മാത്രം തിളങ്ങുന്നു. അടുത്ത സ്റ്റേഷന്‍ എത്തുവോളം എന്നെപ്പോലെ അയാള്‍ക്കും  പാതയുടെ വിരസമായ നേര്‍ക്കാഴ്ചകള്‍ മാത്രമേ കൂട്ടിനുള്ളൂ .എന്നിട്ടും ?എനിക്കയാളോട് അസൂയ തോന്നി .

കൊയ്ത്തു കഴിഞ്ഞു വിത കാത്തു കിടക്കുന്ന വിശാലമായ പാടങ്ങള്‍ക്കു നടുവില്‍ ഒരു വീട് ,അനാഥനായ ഒരു പൊട്ടിച്ചൂട്ടിന്‍റെ വാവിട്ട നിലവിളി പോലെ  കത്തുന്ന ഒരു വീട്, എനിക്ക് മുന്നില്‍ മിന്നി മറഞ്ഞു .രാത്രി ഏറെയായിരിക്കുന്നു . ഇത്രയും വൈകി ഈ വീടിനെ തീ വിഴുങ്ങിയതിന് കാരണമെന്തായിരിക്കും?അതിനുള്ളില്‍ ആരെങ്കിലും ഉണ്ടാവുമോ ?എഞ്ചിന്‍റെ അസഹനീയ  ശബ്ദത്തെ ഭേദിച്ചു നിലവിളികളുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ?ഞാന്‍ കാതോര്‍ത്തു.അപ്പോഴേക്കും എന്‍റെ കാഴ്ചപ്പാടില്‍ നിന്ന് ആ ചെറിയ പുര മറഞ്ഞു . വെള്ളമൊഴിച്ച് തീ കെടുത്താന്‍ ആരെങ്കിലും ഓടി വരുന്നുണ്ടാവുമോ ?അതോ "ആരെങ്കിലും എന്നെയൊന്നു കെടുത്തണേ" എന്ന നിസ്സഹായവും നിശബ്ദവുമായ പ്രാര്‍ത്ഥനയോടെ തീ ആ വീടിനെയും അതിനുള്ളില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെയും തിന്നു തീര്‍ക്കുകയാവുമോ?

"ഓ ,അതൊരു കളപ്പുരയാണ്,കൊയ്ത്തും മെതിയും കഴിഞ്ഞു വിളയെല്ലാം ഗോഡൌണിലേക്ക് മാറ്റിയാല്‍ പിന്നെ  അവരത് കത്തിക്കും" ;എന്‍റെ പരവേശം കണ്ടു ഡ്രൈവര്‍ ഒരു ചെറുചിരിയോടെ പറഞ്ഞു .
ഉറക്കം വീണ്ടും ആക്രമണം തുടങ്ങി .എന്തും അതിനെ ചെറുക്കുന്നത്ര ശക്തിയോടെ തിരിച്ചടിക്കും എന്ന് പറയുന്നതെത്ര ശരി !!. ഞാന്‍ തുടര്‍ച്ചയായി കോട്ടുവായിട്ടു കൊണ്ടിരുന്നു ,അടുത്ത സ്റ്റേഷനില്‍ എങ്ങാനും ക്രോസിംഗ് ഉണ്ടാകുമോ ?എങ്കില്‍ ഒന്ന് പുറത്തിറങ്ങി കുറച്ചൊന്നു മൂരി നിവര്‍ത്തി വരാമായിരുന്നു .

ദൂരെ ട്രാക്കിന് ചാരെ  ഒരു കല്യാണവീട് ഇരുളില്‍ ദീപപ്രഭയില്‍  മിന്നിത്തിളങ്ങുന്നു .അതോ ദീപാലംകൃതമായ ഏതെങ്കിലും ദേവാലയമോ?പക്ഷെ അത് വരെ ആ വഴിക്ക് കടന്നു പോയപ്പോഴൊന്നും അങ്ങനെ ഒരു വീടോ ആരാധനാലയമോ കണ്ടതായി എനിക്ക് ഓര്‍മ്മയില്ല .ഇതിപ്പോള്‍ ?ഇരുള്‍ വകഞ്ഞു എഞ്ചിന്‍ അടുത്തെത്തുമ്പോഴേക്കും ഞാന്‍ അതിശയം കൊണ്ട് എന്‍റെ സീറ്റില്‍നിന്നും എഴുന്നേറ്റ് പോയി . അതൊരു മരമായിരുന്നു !. നിറയെ മിന്നാമിന്നികളെ കൊണ്ട് വിതാനിച്ച ഏതോ ഒരു മരം .മിന്നാമിന്നികള്‍ , ആയിരക്കണക്കിന് , പതിനായിരക്കണക്കിനു മിന്നാമിന്നികള്‍ !

ഒന്ന് രണ്ടു സ്റ്റേഷനുകള്‍ കൂടി കടന്നു പോയി .ഉറക്കത്തെകുറിച്ചു ചിന്തിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു .ഉറക്കം ഒഴിവാക്കാന്‍ ഞങ്ങള്‍ക്ക് ചില സൂത്രങ്ങളൊക്കെയുണ്ട് .ചിലര്‍ പാട്ട് പാടും ,ചിലര്‍ എന്തെങ്കിലും കൊറിക്കും,ഉറക്കം വന്നാല്‍ , അപ്രതീക്ഷിതമായി സീറ്റില്‍ നിന്നെഴുന്നേറ്റ്‌ ലോക്കൊയില്‍ നൃത്തം വെക്കുന്ന ഒരു ലോക്കോ പൈലറ്റിനെ എനിക്കറിയാം ..ഒരിക്കല്‍  ഉറക്കത്തെ തടയാന്‍ കണ്‍പോളകളില്‍ ടൈഗര്‍ബാം എടുത്തു തേച്ചിട്ട് പോലുമുണ്ട് ഞാന്‍ .എന്നെ അനുസരിക്കാതെ വീണുപോയ കണ്‍പോളകള്‍ പൊള്ളിപ്പിടഞ്ഞു വീണ്ടും ഉണര്‍ന്നിരുന്നു . എങ്ങനെയെങ്കിലും ഉറങ്ങാതിരുന്നെ പറ്റൂ .ഇല്ലെങ്കില്‍ ഏതെങ്കിലും ചുവന്ന സിഗ്നല്‍ ഭേദിച്ച്  ഞങ്ങളുടെ മാത്രമല്ല യാത്രക്കാരുടെ ജീവിതം കൂടി  അപകടങ്ങളിലേക്ക്  പാഞ്ഞു കയറും .


ഞാന്‍ വീണ്ടും റിപ്പയറിംഗ്ബുക്ക്‌ എടുത്തു ,അടുത്ത റീഡിംഗ് എടുക്കാന്‍ സമയമായി.പക്ഷെ അവയില്‍ ഇനി ഒരു റീഡിംഗ് പോലും എഴുതാനാവാത്ത വിധം ഓരോ കളങ്ങള്‍ക്ക് കുറുകെയും നെടുകെയും ഒക്കെ ജ്ജ ണ്ടക്ഷ  എന്നൊക്കെ എന്തെല്ലാമോ എഴുതിക്കൂട്ടിയിരിക്കുന്നു,നേരത്തെ റീഡിംഗ് എടുത്തപ്പോള്‍ ഞാന്‍ തന്നെ എഴുതി വെച്ചതാണ്  . ഉറക്കം നിഷേധിച്ചതിനു തലച്ചോറിന്‍റെ പ്രതികാരം ..!ഡ്രൈവര്‍ കാണാതെ ഞാന്‍ ആ പേജ് വലിച്ചു കീറിക്കളഞ്ഞു .

ദൂരെ സിഗ്നല്‍ വാണിംഗ് ബോര്‍ഡിന്‍റെ കറുപ്പ് ചതുരത്തിനകത്തെ മഞ്ഞ വലയം കണ്ടു . ഇനി സ്റ്റേഷന്‍ എത്താന്‍ മൂന്നു കിലോമീറ്റര്‍ മാത്രം .വണ്ടി ക്രോസിങ്ങിനു പിടിക്കുകയാണെന്ന് തോന്നുന്നു . പ്ലാറ്റ്ഫോം ലൈനിലേക്ക് ആണ് വണ്ടിയെ സീകരിച്ചത് . ഞാന്‍ ആശ്വാസത്തോടെ കൈകള്‍ കുടഞ്ഞ്‌ എഴുന്നേറ്റ് വണ്ടിക്ക് ഒരു ചുറ്റ് വലം വെച്ച് തിരിച്ചു വന്നു എന്‍റെ സീറ്റിലിരുന്നു .

      പിന്നെ കുറച്ചു ദൂരം വണ്ടി ഓടിച്ചത് ഞാനാണ് .ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നാല്‍ പിന്നെ ഉറക്കം വരില്ല .ഉത്തരവാദിത്തം നമ്മെ ജാഗരൂകനാക്കും.സമയ നഷ്ടം വരാതിരിക്കാന്‍ ഞാന്‍ വേഗം കൂട്ടി മരങ്ങളും മലകളും മുന്‍പത്തേക്കാള്‍ വേഗത്തില്‍ പിറകിലെക്കോടി.ഒരു മലമുഴക്കി വേഴാമ്പല്‍ ഞങ്ങളുടെ എഞ്ചിന്‍റെ ശബ്ദം കേട്ട് പേടിച്ചു ട്രാക്ക് മുറിച്ചു പറന്ന് പോയി .ഞങ്ങളെക്കണ്ട് പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന മുക്കാലും നഗ്നരായ ചില   കുട്ടികള്‍ ആവേശത്തോടെ ചാടി മറിഞ്ഞു കൈവീശി യാത്രാമംഗളങ്ങള്‍ നേര്‍ന്നു . വഴിയോരത്തെ വയലില്‍ തന്‍റെ ജോലിയില്‍ മുഴുകിയ കന്നുപ്പൂട്ടുകാരന്‍റെ പിറകെ പുഴുക്കളെയും പുല്‍ച്ചാടികളെയും പ്രതീക്ഷിച്ചു ഒപ്പം കൂടിയ കൊറ്റികള്‍..എന്‍റെ മനസ്സ് കന്മഷങ്ങള്‍ എല്ലാം ഉപേക്ഷിച്ചു ഉല്സാഹഭരിതമായി .

  ഒരു ലോക്കോ പൈലറ്റ് അമിതമായി ആഹ്ലാദിക്കാനോ പെട്ടെന്ന് ഉള്‍ക്കണ്ഠപ്പെടാനോ പാടില്ല എന്നാണു ഞങ്ങളുടെ നിയമം .അത് അടുത്ത നിമിഷം ഒരു അപകടത്തിനു കാരണമായേക്കാം എന്നതാണ് അതിനു കാരണം .അമിതോത്സാഹം കൊണ്ടാണോ എന്നറിയില്ല , ഞാന്‍ ഒരു സിഗ്നല്‍ കാണാതെ പോയി എന്ന് തോന്നുന്നു .എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ വണ്ടി ഒരു ചുവന്ന സിഗ്നല്‍ കടന്നു പാഞ്ഞു പോയി !ചുവന്ന സിഗ്നല്‍ എന്നാല്‍ അപകടം എന്നാണര്‍ത്ഥം .

ഞാന്‍ എത്ര ശ്രമിച്ചിട്ടും ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല ,കീഴ്ക്കാം തൂക്കായ  ആ പാതയില്‍ എതിരെ വന്നു കൊണ്ടിരിക്കുന്ന ട്രെയിന്‍റെ ഹെഡ്ലൈറ്റ് വെളിച്ചം എനിക്ക് കാണാമായിരുന്നു. അയ്യോ !ഞാന്‍ മൂലം പിറകില്‍ സ്വസ്ഥമായി  ഉറങ്ങുന്ന യാത്രക്കാരുടെ ജീവിതങ്ങള്‍ , അവരുടെ സുന്ദര സ്വപ്‌നങ്ങള്‍ ഒക്കെ തകരാന്‍ പോകുന്നു . എങ്ങനെയെങ്കിലും അതില്‍ നിന്ന് രക്ഷപ്പെട്ടേ പറ്റൂ ..  ഒരു കൂട്ടിയിടി ഒഴിവാക്കാനായി ഞാന്‍ ചാടിയെഴുന്നേറ്റ് ഫയര്‍മാന്‍ എമെര്‍ജന്സി ബ്രേക്കിന്‍റെ ഫ്ലാപ്പ്  സര്‍വ്വശക്തിയും ഉപയോഗിച്ചു  വലിച്ചു തുറന്നു . വലിയ ഒരു ശബ്ദത്തോടെ എയര്‍ റിലീസ് ആയി .
"ഹേയ്!ഹേ ,താന്‍ ഇതെന്താ കാണിക്കുന്നേ ?"

അമ്പരന്നു നില്‍ക്കുന്ന ലോക്കോ  പൈലറ്റിന്‍റെ മുഖവും എതിരെ കടന്നു പോയ വണ്ടിയിലെ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് ഞങ്ങള്‍ക്ക് നേരെ തെളിച്ചു കാട്ടിയ പച്ചവെളിച്ചവും മുന്നില്‍ ചുവപ്പ് നിറം പൂണ്ടു അനക്കമറ്റു നില്‍ക്കുന്ന സിഗ്നല്‍ വിളക്കും എല്ലാം ചേര്‍ന്ന് മെല്ലെ മെല്ലെ എനിക്ക് ഒരു കാര്യം ബോധ്യമാക്കിത്തന്നു .

 "ഞങ്ങളുടെ അടുത്തുള്ള ട്രാക്കില്‍ കൂടിയാണ് വണ്ടി പോയിക്കൊണ്ടിരിക്കുന്നത് . ഞങ്ങളുടെ വണ്ടി ക്രോസ്സിങ്ങിനായി പിടിച്ചിട്ടിരിക്കുകയാണ്..നിര്‍ത്തിയിട്ടിരിക്കുന്ന ഞങ്ങളുടെ  വണ്ടിയുടെ ബ്രേക്ക് ആണ്ഞാന്‍  ഇത്രയും സാഹസപ്പെട്ടു  പ്രവര്‍ത്തിപ്പിച്ചത് ". ചമ്മിയ മുഖത്തോടെ, ഡ്രൈവറുടെ വായില്‍ നിന്ന് അടുത്ത നിമിഷം വീഴാവുന്ന തെറികള്‍ക്ക്  വേണ്ടി മറ്റെല്ലാ ശബ്ദങ്ങളില്‍ നിന്നും കാതുകളെ മോചിപ്പിച്ചു വിളറി വെളുത്ത് ഞാന്‍ ഇളിഞ്ഞു നിന്നു..
(ഫേസ്‌ബുക്കിലെ യാത്ര ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ചത് ,ഉറക്കച്ചൂണ്ട എന്ന പേരിന് കുരീപ്പുഴ ശ്രീകുമാറിന്‍റെ ആയൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന കവിതയോട് കടപ്പാട് .ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സ്ഥലനാമങ്ങളും സംഭവങ്ങളും വ്യാജമാണ് )
               

  
             

34 comments:

  1. കഥ പറഞ്ഞു ശീലിച്ചവർ എന്തു പറഞ്ഞാലും അതൊരു കഥപോലെ ആവുമെന്നു കേട്ടിട്ടുണ്ട്. യാത്ര ഇഷ്ടപ്പെടാത്ത ആൾ ഒരുപാട് യാത്രികരെ കെട്ടിവലിച്ചുകൊണ്ട് ഉറക്കത്തിന്റെ ആലസ്യത്തോടെ യാത്രപോവുന്ന ആശയം തന്നെ ഏറെ ചിന്തകൾക്ക് വക നൽകുന്നു. ഭാഷയുടെ തൊങ്ങലുകൾ ആ അനുഭവം വായനക്കാരുടേയും അനുഭവമാക്കി മാറ്റുന്നു.....

    ഇത് യാത്രയുടെ കഥയോ - അതോ കഥയുടെ യാത്രയോ.....

    ഹൃദ്യം..... മനോഹരം..... എന്നു പറഞ്ഞുകൊള്ളട്ടെ....

    ReplyDelete
  2. ഞാനും വന്നു ട്രെയിനിന്റെ എന്‍ജിനെന്ന കോട്ടയിലേയ്ക്ക്. ഇന്‍ഡ്യന്‍ റെയില്‍വേ എന്നോട് ചോദിച്ചാല്‍ ഒരു പൈലറ്റ് കഥയെഴുതിക്കൂട്ടിക്കൊണ്ട് പോയി എന്ന് പറയാം. ഓരോന്ന് എഴുതുമ്പോഴും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞ് വരികയാണ് കേട്ടോ.

    നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലിരുന്ന് ഞാനും കുറെത്തവണ ബ്രേക്ക് ആഞ്ഞ് ചവിട്ടിയിട്ടുണ്ട്. വല്ല സിഗ്നലില്‍ ഒക്കെ ഗ്രീന്‍ ലൈറ്റിന് കാത്ത് കിടക്കുമ്പോള്‍ തൊട്ടടുത്ത് ലെയിനില്‍ കിടക്കുന്ന ട്രെയിലര്‍ അനങ്ങിത്തുടങ്ങും. എനിക്ക് എന്റെ കാര്‍ പുറകോട്ട് പോകുന്നപോലെ തോന്നും. അടിവയറ്റില്‍ നിന്ന് എന്തൊക്കെയോ ഉരുണ്ട് തൊണ്ടക്കുഴി വരെ വരും. ആഞ്ഞാഞ്ഞ് ബ്രേക്ക് ചവിട്ടും. മൂന്നോ നാലോ സെക്കന്റ്. അതുകഴിഞ്ഞേ പ്രജ്ഞ അതിന്റെ ജോലി ചെയ്യൂ. അനു അരികിലിരുന്ന് കളിയാക്കി ചിരിക്കുന്നുണ്ടാവും.

    നല്ല രസകരമായി എഴുതി!

    ReplyDelete
  3. സിയാഫ് .

    കഥ പോലെ വായിക്കാവുന്ന ഒരു കുറിപ്പാണ് സിയാഫിന്റെ അനുഭവങ്ങളിൽ നിന്നും പകർത്തിയത് . ആ മിന്നാമിന്നികൾ തിളങ്ങുന്ന മരവും കത്തുന്ന വീടും ആകാശത്തിലെ ഉൽക്കകളും തുടങ്ങി കാഴ്ചയിലെ ഓരോ അനുഭവവും എന്ത് ഭംഗിയായാണ് പകർത്തിയത് . ഈ നല്ല കുറിപ്പിന് നന്ദിയും സന്തോഷവും അറിയിക്കുന്നു .

    ReplyDelete
  4. വായിച്ചിരുന്നു അവിടെ.. മനോഹരം എന്നല്ലാതെ എന്തുപറയാന്‍..

    ReplyDelete
  5. യാത്രയിലു വായിച്ചതാണ്. ഇപ്പോ പിന്നേം വായിച്ചു സന്തോഷിച്ചു.. നല്ല കുറിപ്പിനു നന്ദി.. അജിത്തേട്ടന്‍റെ പോലെ വണ്ടി ഓടിക്കണ അനുഭവം ഒന്നും എഴുതാന്‍ എനിക്ക് ത്രാണിയില്ല. വണ്ടി ഓടിച്ച അനുഭവമൊന്നും ആലോചിക്കാന്‍ കൂടി ഇപ്പോ ധൈര്യം ഇല്ല..
    എന്‍ ജിന്‍ മുറീലു കണ്ണും തിരുമ്മി ഇരുന്ന് മിന്നാമിന്നി മരവും ഒക്കെ കണ്ട് ഇടയ്ക്കിടെ ചൂളം വിളിച്ച് ഛഗ് ഛഗ് എന്ന് ഒച്ചയുമായി.. നല്ല രസമുണ്ടായിരുന്നു ഉറക്കം തൂങ്ങി ഈ യാത്ര... അങ്ങനെയെങ്കിലും എന്‍ ജിന്‍ ബോര്‍മ്മ ഒന്നു കാണാന്‍ പറ്റിയല്ലോ..

    ReplyDelete
  6. നല്ല ഒരു യാത്ര..ഇടയ്ക് കോട്ടുവായക്കാര്യം വായിക്കുമ്പോൾ എനിക്കും വന്നെങ്കിലും ..

    ReplyDelete
  7. ലോക്കോ പൈലറ്റ്മാരുടെ കഷ്ടപ്പാടുകള്‍ വായിച്ചിട്ടുണ്ട് ... നന്നായി എഴുതി-ഒരു കഥ പോലെ വായിച്ചു ...

    ReplyDelete
  8. തീവണ്ടിയാത്രയിലെ മടുപ്പിക്കുന്ന വീര്‍പ്പുമുട്ടലില്‍ കുളിര്‍ക്കാറ്റായ്
    ഒഴുകിവരുന്ന കഥാനുഭവം!
    നല്ല രചന
    ആശംസകള്‍

    ReplyDelete
  9. ചില നല്ല ഓര്‍മ്മകളിലൂടെ പോയ യാത്ര! ആക്ശത്തെ മിന്നല്‍ കുഞ്ഞുങ്ങള്‍ , ഉല്‍ക്കകല്‍, മിന്നാമിന്നികളുടെ മരം! നന്ദി സിയഫിക്കാ!

    ReplyDelete
  10. സുഖമുള്ളൊരു വായന നല്കിയ കുറിപ്പ്. വിരസമായ അവസ്ഥയിൽ കാണുന്ന ചെറുചലനങ്ങൾ പോലും ഒരു പ്രതീക്ഷ നല്കുന്നുവെന്ന് മിന്നാമിനുങ്ങളെക്കൊണ്ട് പറയിപ്പിച്ചത് ഇഷ്ടപ്പെട്ടു

    ReplyDelete
  11. ഒരിക്കൽ കൂടി വായിച്ചുകേട്ടോ.
    ഒരു സീറ്റിലിരുന്നു ജനാലയിലൂടെ ഓരോ കാഴ്ച്ചകളും കാണുന്നുവെന്ന തോന്നലുണ്ടായി.
    എങ്കിലും ഇതിലെ രണ്ടു കാര്യങ്ങൾ ന്റെ അനുഭവാണ്.
    ഒന്ന് മിന്നാമിനുങ്ങുകൾ നിറഞ്ഞ മരം.
    പിന്നെ ആ അമ്പു പെരുന്നാളും.

    കഴിഞ്ഞ കൊല്ലം ഞാൻ ന്റെ വീട്ടിൽ പോയപ്പോ രാത്രി നിലാവ് നോക്കി,മുറ്റത്തൂടെ നടക്കായിരുന്നു.അപ്പഴാ തെക്കോർത്തെ ആ വല്യേ മാവിലെ മോളിൽത്തെ ഒരു കൊമ്പിൽ അവിടവിടെ ആയി കൊറേ തിളക്കം കണ്ടേ.ഹോ..............ന്ത്‌ ഭംഗ്യാരുന്നൂന്നോ!!!!!!!!!!! മുഴോനും അവടന്ന് പോണ വരേം ഞാൻ അത് നോക്ക്യോണ്ട് നിന്നു.

    മിനിഞ്ഞാന്നു ന്റെ കസിന്റെ വീട്ടില് പോയി തിരിച്ചു വരുമ്പോ നേരം കൊറച്ച് വൈകി.ബൈക്കിന്റെ പിന്നിലിരുന്ന് ആകാശം നോക്കലായിരുന്നു ന്റെ പണി.അപ്പൊ കണ്ടു നക്ഷത്രങ്ങൾ വിരിയണത്.അത് പറയാൻ താങ്കളുടെ വാക്കുകൾ തന്നെയാണ് നല്ലത്.

    ഈ കാഴ്ചയാണ് ഈ പോസ്റ്റ്‌ ബ്ലോഗിൽ വന്നു ഒന്നൂടെ വായിക്കാൻ നിർബന്ധിച്ചേ .വളരെ സന്തോഷം വായിക്കാൻ സാധിച്ചതിൽ.നന്നായിട്ടുണ്ട്ട്ടോ .

    ReplyDelete
  12. വളരെ മനോഹരമായിരിക്കുന്നു ...ട്രെയിന്‍ അല്ലേലും കാറിലും ബ്യ്ക്കിളുമായി യാത്ര അനുഭവങ്ങള്‍ എനിക്കും ഉണ്ടായതു കൊണ്ടാവണം നന്നായി ആസ്വദിക്കാന്‍ പറ്റി ....എനിക്കിന്നും മനസ്സിലാക്കാന്‍ പറ്റാത്ത ഒരനുഭവം അതിലുണ്ടായിരുന്നു ഏകദേശം 12 കിലോമീറെര്‍ ഞാനുറങ്ങി അതും ബൈക്ക് യാത്രയില്‍ ...ഒടുവില്‍ വണ്ടി റോഡരുകില്‍ ഗട്ടറില്‍ വീണപ്പോഴാണ് എന്റെ ഉറക്കം മാറിയത് .......!! . പിന്നീടൊരിക്കല്‍ നിര്‍ത്തിയിട്ട കാറില്‍ ഉറങ്ങിയ ഞാന്‍ അലറി വിളിച്ചു കൊണ്ട് ബ്രേക്ക്‌ ചവിട്ടി ...വണ്ടി എങ്ങോട്ടോ പോകുന്നതായി തോന്നിയതും ആവി പിടിച്ച ഗ്ലാസില്‍ ഒന്നും കാണാന്‍ പറ്റാത്തതു മായിരുന്നു കാരണം

    ReplyDelete
  13. അച്ചുവിന്റെ കഥവണ്ടിയില്‍ നിന്നും ആമിയുടെ ചിത്രപുസ്തകത്തിലേക്ക്. അനുഭവകഥ.. കഥാനുഭവം. യാത്രാനുഭവം.. ഇത് രസകരം.

    ReplyDelete
  14. സ്വയം അനുഭവിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ .. ഒരു വായനയിലൂടെ അനുഭവപ്പെടുക.... അതും ഒരനുഗ്രഹം... പാതിരാവിന്‍റെ വിജനതയില്‍ തനിചെന്ന പോലെ.... ആ ഒരു യാത്ര ഞാനും ആഗ്രഹിച്ചു പോവുന്നു..... അഭിനന്ദനം സിയാഫിക്ക...

    ReplyDelete
  15. നല്ല വിവരണം, നന്നായി എഴുതി, നന്നായി സുഖിച്ചു വായിച്ചു... ഭാവുകങ്ങൾ

    ReplyDelete
  16. സിയാഫിന്റെ റെയില്‍വേ കഥകള്‍ എന്നും എനിക്ക് ഒരു ഹരമാണ്. വണ്ടി യാത്ര പുറപ്പെടുമ്പോള്‍ ആ എന്‍ജിന്‍ റൂമിലേക്ക്‌ കയറി കൂടുന്ന ഞാന്‍ വര്‍ണ്ണനീയമാം പല പരിസരങ്ങളിലൂടെ മുന്നോട്ടു പായുന്ന വണ്ടിയുടെ ഗ്ലാസ്സിലൂടെ തെളിഞ്ഞു വരുന്ന മായ കാഴ്ചകള്‍ കണ്ടു നീങ്ങുകയായിരിക്കും അതൊരിക്കലും ഒരു കഥാകാരന്‍ തന്റെ രചനയിലൂടെ എന്നെ നടത്തുകയാണെന്ന് ഞാന്‍ കരുതുകയേ ഇല്ല എന്നതാണ് സത്യം.. അത്രയും തന്മയത്വമാണ് ഈ എഴുത്തിന്. ഈ യാത്ര മനോഹരം. നല്‍കിയ നാമം അതിലേറെ മനോഹരം

    ReplyDelete
  17. എനിക്ക് തീവണ്ടി, റെയില്‍വെ സ്റ്റേഷന്‍, തീവണ്ടിപ്പാത ഒക്കെ കാണുമ്പോള്‍ വല്ലാത്ത മടുപ്പാണ്. നാട് വിട്ടുള്ള ഈ യാത്ര കൊണ്ടു തന്നെ. പക്ഷെ കഥ വണ്ടി വായിക്കുമ്പോള്‍ എന്തെന്നറിയില്ല, ആ മനോഭാവം മാറുന്ന പോലെ.
    നന്ദി പ്രിയ എഴുത്തുകാരാ..

    ReplyDelete
  18. കണ്ടും കേട്ടും ഒട്ടും പരിചയമില്ലാത്ത അനുഭവങ്ങള്‍ വായിച്ചിരിക്കാന്‍ എന്ത് രസമാണെന്നോ. അതിങ്ങിനെ ആകര്‍ഷകമായ ശൈലിയില്‍ ഒഴുക്കോടെ എഴുതിയറിയിക്കുമ്പോള്‍ അറിയാതെ ആ അനുഭവങ്ങളിലേക്ക് വായനക്കാരനും ആഴ്ന്നിറങ്ങുന്നു. നന്ദി.

    << യാത്രയുമായി ബന്ധപ്പെട്ടുള്ള ആയതുകൊണ്ട്>> യാത്രയുമായി ബന്ധപ്പെട്ടുള്ള ജോലി ആയതുകൊണ്ട് എന്ന് ഞാനങ്ങ്ട്ട് പൂരിപ്പിച്ചു.. അബദ്ധായോ?

    ReplyDelete
  19. ഒരു കഥ പറച്ചിലുകാരന്‍ അടിമുടി ഒരു കഥ പറച്ചിലുകാരന്‍ തന്നെയാകുന്നുവെന്ന അതിശയം ഈ യാത്രാനുഭവകുറിപ്പിലും കാണുന്നു. " ഇത് എന്നാ ഒരു ഭാഷയാ... ഉവ്വേ " ഒരതിശയപ്പൂ... ഇല്ലേല്‍ ഒരതിശയപ്പത്തിരി അതുമല്ലെങ്കില്‍ മുഖത്തോ നെറ്റിയിലോ ഒരധരച്ചുവപ്പ്.!

    ReplyDelete
  20. എന്ത് എഴുത്താണ് മാഷേ... ഹൗ... കൊതിപ്പിക്കുന്ന എഴുത്ത്... കഥ പോലെ വായിച്ചു പോയി. വയറും മനസ്സും നിറഞ്ഞ ഒരു സദ്ദ്യപോലെ ഹൃദ്ദ്യം... :)

    ReplyDelete
  21. അതാണ് മനുഷ്യാ.. നിങ്ങൾ കൊതിപ്പിക്കുന്നു.. എഴുത്ത്, കാഴ്ച്ചകൾ..

    അതുകൊണ്ടു തന്നെ നഷ്ടബോധവും. വിരസമായി നീങ്ങി പോകുന്ന ഒരു ഇരുമ്പു വാലന്റെ നെറ്റിയിലിരുന്ന് എന്തൊക്കെ കാഴ്ച്ചകളാണ് നിങ്ങൾ കാണന്നത്.

    ReplyDelete
  22. നന്ദി മാഷേ ഈ വായനാനുഭവത്തിന് .......

    ReplyDelete
  23. പേടിപ്പിച്ചു കളഞ്ഞല്ലോ..
    ആ മുഖത്തെ ചമ്മല്‍ ഇനിയും മാറിയിട്ടില്ല കേട്ടോ..
    എഴുത്ത് ഹൃദ്യം.. അഭിനന്ദനങ്ങള്‍...

    ReplyDelete
  24. രാത്രിയിലെ കാഴ്ച്ചകൾ ഹൃദ്യം..മനോഹരം

    ReplyDelete
  25. മനോഹരമായ എഴുത്ത്...
    അഭിനന്ദനങ്ങള്‍.!!

    ReplyDelete
  26. ടിക്കറ്റ്‌ എടുക്കാതെ നടത്തിയ ജീവിതത്തിലെ ഒരു മനോഹരമായ ട്രെയിൻ യാത്ര അതും എന്ജിന് ഉള്ളിൽ നല്ല രസകരമായ ചില പ്രയോഗങ്ങളിൽ കൂടി വണ്ടി കണ്ടന്നു പോയപ്പോൾ ശരിക്കും ആസ്വദിച്ചു

    ReplyDelete
  27. എന്ത് രസകരമായ എഴുത്തു ,,അവസാനം വരെ നെഞ്ചിടിപ്പോടെയാണ് വായിച്ചു തീര്‍ത്തത്, എല്ലാ തൊഴിലിനും അതിന്റെ തായ പ്രയാസങ്ങള്‍ ഉണ്ടാവും എന്നതാണ് സത്യം.

    ReplyDelete
  28. മനോഹരം... നന്നായി അവതരിപ്പിച്ചു...

    ReplyDelete
  29. ഹോ, ഇത്രക്കു ഭീകരമാണോ അവരുടെ ജിവിതങ്ങള്‍, എന്റെ നെഞ്ചിടിപ്പിപ്പോഴും മാറിയിട്ടില്ല, ഗംഭീരമായ എഴുത്ത്‌, അധികമാരും എഴുതാത്ത വിഷയം, അതിന്റെ പുതുമ മാത്രമല്ല എഴുത്തിന്റെ ഒഴുക്കും കഥയെ മനോഹരമാക്കി

    ReplyDelete
  30. അനുഭവത്തെ കഥയാക്കി മാറ്റിയ എഴുത്തുകാരനു അഭിനന്ദനങ്ങള്‍..

    ReplyDelete
  31. അഭിനന്ദനങ്ങള്‍ സിയാഫ്...

    ReplyDelete
  32. വായനശാല ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷമാണ് ഞാൻ താങ്കളുടെ ബ്ലോഗ് കാണുന്നത്. ആദ്യം കണ്ട പോസ്റ്റ് ഉറക്കച്ചൂണ്ട. യാത്രകൾ എനിക്കിഷ്ടമേയല്ല എന്ന ആദ്യ വാചകത്തില്‍ തന്നെ മനസ്സുമടുത്തു. യാത്രകൾ ഇഷ്ടമല്ലേ... എന്തൊരു മനുഷ്യനാണിയാള്‍?? യാത്രകളെ ഇഷ്ടപ്പെടാത്തൊരാള്‍ എഴുത്തുകാരനാണോ...??? മനസ്സില്‍ ഒരു മുറുമുറുപ്പ്. പോസ്റ്റ് തുറക്കാനൊന്നും തോന്നിയില്ല. ബാക്ക് ബട്ടണില്‍ ഞെക്കി.

    പിന്നീട് രണ്ട് മൂന്ന് ദിവസങ്ങള്‍ക്കു ശേഷം... ഒന്നും ചെയ്യാന്‍ തോന്നാത്ത നേരത്ത് ഫോണെടുത്ത് കുത്തിക്കൊണ്ടിരിക്കെ വായനശാലയും തുറന്നു നോക്കി.. കഥകളൊന്നും വായിക്കാന്‍ തോന്നിയില്ല. മെനു എടുത്തു നോക്കിയപ്പോള്‍ എബൗട്ട് ബ്ലോഗേഴ്സ് ബട്ടണ്‍ കണ്ടു. തുറന്നു. ഏറ്റവും താഴെ നിന്നും മുകളിലേക്ക് ഓരൊരുത്തരെയായി നോക്കി. ആമിയുടെ ചിത്രപുസ്തകം എന്നത് വളരെ ഓമനത്തമുള്ള പേര്.. അവിടെ കൊടുത്ത കുറിപ്പില്‍ ജോലി ലോക്കോ പൈലറ്റ് എന്നു കണ്ട ആ ഒരൊറ്റ നിമിഷത്തില്‍ എനിക്ക് ബോധ്യപ്പെട്ടു.
    യാത്രകളെ ഇഷ്ടമല്ല എന്ന വരികള്‍ക്കു പിന്നിലെ വികാരം...!
    പിന്നെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തൂ... ഉറക്കച്ചൂണ്ട.
    വളരെ കൗതുകത്തോടെയും ഒരിത്തിരി ആരാധനയോടെയും ആണ് എന്നും എന്‍ജിനുള്ളിലേക്ക് നോക്കാറുള്ളത്... ആള്‍ക്കാരെയൊന്നും തിരിച്ചറിയില്ലെങ്കിലും വെറുതേ അതിനുള്ളിലെ മനുഷ്യജീവിതങ്ങളെപ്പറ്റി ചിന്തിക്കാറുണ്ട്...
    വല്യവണ്ടിയുടെ ഡ്രൈവർമാരല്ലേ....
    ബ്ലോഗിലൂടെയാണെങ്കിലും ഇവിടെ ആദ്യമായി ഒരു ലോക്കോ പൈലറ്റിനോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം..
    കുറച്ച് വലിയ കമന്‍റായിപ്പോയി... ക്ഷമിക്കണേ...

    ReplyDelete

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ