അഷ്‌റഫ് മോങ്ങം (ബഡായി) എന്നാ പ്രിയ സ്നേഹിതനെ കാണാന്‍ നാട്ടിലേക്ക് പോകുന്ന വഴിക്ക് കോഴിക്കോട് ഇറങ്ങി .നേരത്തെ തന്നെ കോഴിക്കോട് ഒരു ദിവസം അടിച്ചു പൊളിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു .പ്രദീപ് കുമാര്‍ സാറിനെ വിളിച്ചു ഞങ്ങള്‍ വരുന്നു എന്നും സാറിനെ കണ്ടേ പോകൂ എന്നും ഭീഷണി മുഴക്കിയിരുന്നു .
പ്രദീപ് സാര്‍ വളരെ മാന്യന്‍ ആയതു കൊണ്ടും വരാന്‍ പോകുന്ന ആപത്തിനെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തത് കൊണ്ടും ആകാം ഫോണ്‍ നമ്പര്‍ തന്നു ,വരുമ്പോള്‍ വിളിച്ചാല്‍ കാണാം എന്നും പറഞ്ഞു .രാവിലെ കോഴിക്കോട്ടു നിന്നും മോങ്ങത്തെക്ക് ,ബസ്സില്‍ ശ്വാസം വിടാന്‍ പറ്റാത്തത്ര തിരക്ക് .എന്റെ കയ്യില്‍ നിറയെ ലഗ്ഗേജ് ഉണ്ട് താനും .എങ്ങിനെയൊക്കെയോ ഞാന്‍ എന്നെ ആ തിരക്കിനിടയില്‍ നിന്ന് ഊരിയെടുത്തു . അഷ്‌റഫ് എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു . അവനോടൊപ്പം സ്നേഹം പങ്കിട്ട ശേഷം മോങ്ങത്തെക്ക് .ചുമ്മാ ഒരു കറക്കം ,വെള്ളിയാഴ്ച ആയത് കൊണ്ട് ജുമുഅക്ക് കൂടണം .പിന്നെ ഉച്ചയൂണ് ,വിഭവ സമൃദ്ധം തന്നെയായിക്കോട്ടെ എന്ന് പറഞ്ഞിരുന്നു .
പ്രദീപ് സാറിനെ വിളിച്ചപ്പോള്‍ ആള്‍ ഒരല്‍പം തിരക്കിലാണ് .ഏതോ ഒരു സുഹൃത്തിനൊപ്പം പന്തീരാങ്കാവില്‍ പോകുന്നു .ജിത്തു എന്ന ബ്ലോഗരെ കാണണം .എന്താ ചെയ്ക?സാര്‍ തന്നെയാണ് പന്തീരാങ്കാവിലേക്ക്ചെല്ലാന്‍ പറഞ്ഞതും.
പക്ഷെ ഞങ്ങള്‍ ഒരല്‍പം നേരത്തെ എത്തി ,അശ്രഫിന്റെ കയ്യില്‍ ജിത്തുവിന്റെ നമ്പര്‍ ഉണ്ടായിരുന്നത് രക്ഷയായി .എനിക്ക് ജിത്തുവിനെ പരിചയമുണ്ടായിരുന്നില്ല .പന്തീരാങ്കാവ് ഓട്ടോയിറങ്ങി ദൂരേന്നു തന്നെ സുനിലിന്‍റെ നിറഞ്ഞ ചിരി .ഒരു പാട് കാലത്തെ പരിചയം ഉള്ളവരെ പോലെ ഞങ്ങള്‍ കുന്നു കയറി ഒരു തെങ്ങിന്‍ തോപ്പ് കയറി മറിഞ്ഞു ജിത്തുവിന്‍റെ വീട്ടിലേക്കു .സുനില്‍ ജിത്തുവിന്‍റെ അനിയനാട്ടോ ..
ജിത്തു ഉമ്മറത്ത് തന്നെയുണ്ടായിരുന്നു .അശ്രഫിനെ ജിത്തുവിന് അറിയാമായിരുന്നു .എന്നെ അറിയില്ലായിരുന്നു ,പക്ഷെ നമുക്ക് അതൊന്നും വിഷയമല്ലല്ലോ .ഞങ്ങള്‍ കത്തി തുടങ്ങി .ജിത്തുവും അച്ഛനും അപ്പോഴെത്തിയ കൂട്ടുകാരന്‍ സുശോഭും എന്‍റെ വിടുവായത്തം എങ്ങനെയൊക്കെയോ സഹിച്ചു കൊണ്ടിരുന്നു .അപ്പോഴേക്കും അവരുടെ ഭാഗ്യം ,പ്രദീപ് മാഷ് ഒരു ചെറുപ്പക്കാരനോടൊപ്പം കൊള്ള് കയറി വന്നു .
നാമൂസിന്‍റെ അനുജന്‍ ആയിരുന്നു കൂടെയുണ്ടായിരുന്നത് .അന്‍സാര്‍ .രണ്ടു പേരും വന്നത് നാമൂസിനെ ജിത്തുവിന് കൊടുക്കാനായി ഏതോ ഹൃദയാലു ഏല്‍പ്പിച്ച ഇരുപത്തിയയ്യായിരം രൂപ കൊടുക്കാന്‍ .ആരെന്നു പ്രദീപ് കുമാര്‍ മാഷ് പറഞ്ഞില്ല .അദ്ദേഹത്തിനു സ്വന്തം പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ല എന്ന് മാത്രം പറഞ്ഞു .
അങ്ങനെ അതൊരു ചെറിയ ബ്ലോഗേര്‍സ് മീറ്റ് .എന്‍റെ ബ്ലോഗിലെ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദീപ് സാര്‍ .പാരഗ്രാഫ് സെറ്റിങ്ങിന്റെ തലവേദനകള്‍ പറഞ്ഞത് കേട്ട് അവര്‍ക്ക് ചിരി .ഞാന്‍ മുപ്പതു തവണ എന്‍റെ ബ്ലോഗ് തിരുത്തി ഒടുവില്‍ വാലും തലയും ഇല്ലാതെ പുറത്തിറക്കാന്‍ പെടുന്ന പാടുണ്ടോ അവരറിയുന്നു?
ഞാന്‍ ചായ കുടിക്കാന്‍ എടുത്ത വായോഴിവില്‍ ജിത്തു തന്‍റെ കഥ പറഞ്ഞു .നട്ടെല്ലിന്റെ സുരക്ഷാ കവചം ആയ മയെലിന്‍ ശീത് ദ്രവിച്ചു പോകുന്ന അപൂര്‍വ്വ രോഗം ആണ് ജിത്തുവിന്റെത് .ഒരു പാട് ഡോക്ടര്‍മാരെ കാണിച്ചു .രോഗം എന്തെന്ന് എല്ലാരും പറഞ്ഞു ,പക്ഷെ കാരണം എന്തെന്ന് ആര്‍ക്കുമറിയില്ല .ഈയിടെ ഒരു ഡോക്ടര്‍ ബ്ലഡില്‍ കറുത്തീയത്തിന്റെ അംശം വളരെ കൂടുതല്‍ ആണ് എന്ന് കണ്ടെത്തി "ജിത്തു ഒരു വിളറിയ ചിരി പങ്കു വെച്ചു.ആദ്യം തനിയെ നടന്നോണ്ടിരുന്നതാ ,കാലില്‍ ഒരു ചെറിയ തരിപ്പ് ,,വിരലുകളില്‍ നിന്നത് മുകളിലേക്ക് ,പിന്നെ രണ്ടു കാലിലും മരവിപ്പ് ,ഇപ്പോള്‍ നെഞ്ചു വരെ സ്പര്‍ശന ശേഷിയില്ല .അപ്പോഴും വീട്ടില്‍ ഇരുന്നു ജോലി ചെയ്യും.എലെക്ട്രോനിക്സ് ഉപകരണങ്ങള്‍ റിപയര്‍ ചെയ്തിരുന്നതാണ് രോഗകാരണം എന്നറിഞ്ഞിട്ടും ഇപ്പോഴും പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ല ."ചെലവു നടക്കണ്ടേ ?"ജിത്തുവിന്റെ ചോദ്യം .
ജിത്തുവിന്‍റെ അച്ഛനും അമ്മയും രോഗികള്‍ തന്നെ .ഉണങ്ങാത്ത ഒരു മുറിവും മായാത്ത ഒരു ചിരിയുമായി ജിത്തുവിന്‍റെ അച്ഛന്‍ അടുത്തു തന്നെ നില്‍പ്പുണ്ടായിരുന്നു ,അദ്ദേഹം ഒരു സ്കൂളില്‍ ജോലി ചെയ്യുകയായിരുന്നു.ഇപ്പോള്‍ റിട്ടയര്‍ ചെയ്തു ,അമ്മയ്ക്കും വേരികോസ് വെയ്ന്‍ മൂലം ഉള്ള രോഗ പീഡകള്‍.സുനില്‍ ആണ് പൂര്‍ണ്ണാരോഗ്യമുള്ള ഒരേയൊരു വ്യക്തി ; ആ വീട്ടിലിപ്പോള്‍ .
മലയാളി ഫ്രണ്ട്സ് ഗ്രൂപ്പ് സ്പോന്‍സര്‍ ചെയ്ത ഒരു ആക്ടിവ സ്കൂട്ടെര്‍ ആണ് ജിത്തുവിനെ മുന്നോട്ടുള്ള പ്രതീക്ഷകളുടെ രഥം .നാമൂസിന്‍റെ നേതൃത്വത്തില്‍ ബ്ലോഗര്‍മാരുടെ ഒരു കൂട്ടായ്മ ജിത്തുവിന് ഒരു ഇലെക്ട്രോനിക്സ് കട തുടങ്ങാന്‍ ഉള്ള സഹായങ്ങള്‍ നല്‍കുന്നു .ജിത്തുവിന്‍റെ ദുര്‍വ്വിധിയെ ജിത്തു ചിരിച്ചു തോല്‍പ്പിക്കുന്നു .
യാത്ര പറയാന്‍ നേരം ഞാന്‍ ആലോചിച്ചിരുന്നതും അതാണ്.ചെറിയ ഒരു തലവേദന വന്നാല്‍; ഒരു നേരം ആഹാരം കഴിച്ചില്ലെങ്കില്‍, വാടിപ്പോകുന്ന തകരയാണ് ഞാന്‍ .ഇവിടെയിതാ എല്ലാ സൌഭാഗ്യങ്ങളും ഇല്ലാതായിട്ടും സ്ഥയിര്യത്തോടെ ജീവിതത്തെ നേരിടുന്ന ഒരാള്‍ .സുനിലിനോടൊപ്പം പ്രദീപ്കുമാര്‍ സാറും ഞാനും അശ്രഫും ജിത്തു ആരംഭിക്കാന്‍ പോകുന്ന കടയുടെ ഒരുക്കങ്ങള്‍ പോയി ക്കണ്ടു.തിരിച്ചു മാവൂര്‍ റോഡിലെ തിരക്കിലൂടെ കഷ്ടപ്പെട്ട് വണ്ടിയോടിക്കുന്ന പ്രദീപ് സാറിന്റെ പിറകിലിരുന്ന എന്‍റെ മനസ്സില്‍ ഈ പോസ്റ്റിനുള്ള തലക്കെട്ട് തെളിഞ്ഞു .:ജിത്തുഭായ് എന്ന ബ്ലോഗര്‍ ഭായ് ...

ജിത്തുവിന് നന്മകള്‍ നേരുന്നു!
ReplyDeleteബൂലോകത്തെ കാരുണ്യം ഇനിയും വറ്റാതെ മുന്നോട്ടു പോകട്ടെ..
ReplyDeleteജിത്തുട്ടനെ കാണാന്‍ ബ്‌ളോഗര്‍മാരായ ശ്രീജിത്ത് കൊണ്ടോട്ട, വി.കെ.ബാലകൃഷ്ണന്‍ എന്നിവരോടൊപ്പം ഞാനും പോയിരുന്നു.
ReplyDeleteജിത്തുവിന് നന്മകള്‍ നേരുന്നു!...CNKumar
ReplyDeleteജിത്തുവിന്റെ വീട്ടില്‍നിന്ന്‍ ആറു കി.മീ.അകലെയാണ് എന്റെ വീട് .അതുകൊണ്ടുതന്നെ എല്ലാ കാര്യത്തിലും ശ്രദ്ധിക്കുന്നുണ്ട്.കൂടെ ബ്ലോഗര്‍മാരായ ഡോക്ടര്‍ മുഹമ്മദ്കോയയും പ്രദീപ് മാഷും ഉണ്ട്.ഇന്ന് ഞങ്ങള്‍ ജിത്തുവിന്റെ പുതിയ കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്നു.ബ്ലോഗര്‍മാരുടെ സഹായംതന്നെ മൂലധനം.കടയുടെ ഉദ്ഘാടനം എല്ലാ ബ്ലോഗര്‍മാരെയും അറിയിക്കും.സാന്നിദ്ധ്യംകൊണ്ടും മനസ്സുകൊണ്ടും നമുക്ക് ജിത്തുവിനോടോപ്പം നില്‍ക്കാം.
ReplyDeleteകാര്യങ്ങള്‍ നല്ല ഞെരിപ്പായിട്ടു നടക്കട്ടെ
ReplyDeleteവീണു കിട്ടിയ ഒഴിവു ദിവസങ്ങള്‍ എത്രയും പെട്ടന്ന് കുടുബത്തോടു ചേര്‍ന്ന് ആഘോഷമാക്കേണ്ടതിനു പകരം., ഗോവയില്‍ നിന്ന് ആലപ്പുഴക്കുള്ള യാത്രയില്‍ കോഴിക്കോട്ടിറങ്ങി അഷ്റഫിനോടൊപ്പം ജിത്തുവിന്റെ വീട്ടിലെത്തിയ താങ്കളുടെ വലിയ മനസിനെക്കുറിച്ചാണ് ഞാന്‍ നമ്മുടെ കൂടിക്കാഴ്ചയില്‍ അധികനേരവും ചിന്തിച്ചത്.താങ്കള്‍ അവിടെ ഇരുന്ന് റെയില്‍വേ കഥകളും തമാശകളും പറഞ്ഞ നേരമത്രയും ആ കുടുംബം മറ്റെല്ലാം മറന്ന് അത് ആസ്വദിക്കുകയായിരുന്നു. കേവല സാമീപ്യം കൊണ്ട് ആഹ്ലാദം പ്രസരിപ്പിക്കാന്‍ കഴിവുള്ള ചില വ്യക്തികളിലെ അത്ഭുതസിദ്ധിയെക്കുറിച്ചായിരുന്നു ഞാനപ്പോള്‍ ആലോചിച്ചത്.
ReplyDeleteഈ പോസ്റ്റ് പൂര്‍ണമായിട്ടില്ല കേട്ടോ.തീവണ്ടി ഓടിക്കുന്ന ആളെ പിന്നിലിരുത്തി കോഴിക്കോട്ടങ്ങാടിയിലൂടെ ഞാന്‍ ബൈക്കോടിച്ചതും,പാളയത്തെ ബ്ലോക്കില്‍ കുടുങ്ങിയതും,ലിങ്ക് റോഡിലെ ബേക്കറിയില്‍ പോയതും,ചായ കുടിച്ചതും,കോഴിക്കോടന്‍ ഹല്‍വ വാങ്ങിയതും, സമ്പര്‍ക്ക ക്രാന്തിയില്‍ കയറി പാതിരാവില്‍ മക്കള്‍ ഉറങ്ങുന്ന നേരത്ത് വീടണഞ്ഞതും ഒക്കെ എഴുതാമായിരുന്നു...
ഹരിമാഷ് പറഞ്ഞ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു..'ബ്ലോഗര്‍മാരുടെ സഹായമാണ് ജിത്തുവിന്റെ മൂലധനം.സാന്നിദ്ധ്യംകൊണ്ടും മനസ്സുകൊണ്ടും നമുക്ക് ജിത്തുവിനോടോപ്പം നില്‍ക്കാം...'
ജിത്തുവിന് എല്ലാ നന്മകളും ആശംസിക്കുന്നു.!
ReplyDeleteജിത്തുവിന് എല്ലാ ആശംസകളും..!!
ReplyDeleteജിത്തുവിനെക്കുറിച്ച് ഞാനിട്ട പോസ്റ്റ് ഇവിടെ..!!
കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി .പ്രദീപ് സര്‍ ,ശരിയാണ് അതൊരു അനുഭവം തന്നെയായിരുന്നു .എത്ര സമയം എടുത്തു നാം ചിന്തവളപ്പില്‍ നിന്ന് റെയില്‍ വേ സ്റ്റേഷന്‍ വരെയെത്താന്‍ .എങ്കിലും കുറെ സംസാരിക്കാന്‍ ആയി അത് കൊണ്ട് ,അതൊരു വലിയ കാര്യം അല്ലെ ?@കൊമ്പന്‍ ,താങ്കളെ ,നാമൂസിനെ ,അരീക്കോടന്‍ മാഷേ ,ഹരിതകം ഡോക്ടറെ ,കുഞ്ഞൂസ് മാഡത്തെ,ശാബുവിനെ ,ഹരി സ്നേഹ തീരത്തെ ,ഒക്കെ ജിത്തു പല തവണ നന്ദിയോടെ ഓര്‍ക്കുന്നുണ്ടായിരുന്നു .
ReplyDeleteനന്‍മകള്‍ നേരുന്നു.. എല്ലാവര്‍ക്കും..
ReplyDelete@മഖ്‌ബു,
ReplyDeleteശരിയാണ് ,ബൂലോകത്തെ ഒരു പാട് നന്മകള്‍ ജിത്തുവിനോപ്പം ഉണ്ട് .സഹായങ്ങള്‍ പല രീതിയില്‍ ചെയ്യുന്നവര്‍ ,ഫോണിലും മറ്റും വിളിച്ചു സംസാരിക്കുന്നവര്‍ ,അങ്ങനെയങ്ങനെ .ഇ എഴുത്തുകള്‍ നന്മയുടെ വഴിക്ക് നീങ്ങുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ജിത്തു ..
ASSALAMU ALAIKUM
ReplyDeleteനന്‍മകള്‍ നേരുന്നു..
ദില്‍ഷ ,
ReplyDeleteവാ അലൈക്കുംഉസ്സലാം .
നന്ദി മോളെ ,കണ്ടിട്ട് കുറെ നാളായല്ലോ ..:)
വളരെയധികം നന്ദി സിയാഫ്, ജിത്തുവിനെ പോയി കണ്ടതും അവിടെ പ്രഗല്‍ഭനായ പ്രദീപ് സാറുമായി സന്ധിച്ചതും നന്നായി എഴുതി പിടിപ്പിച്ചിരിക്കുന്നു. സാര്‍ പറഞ്ഞത് പോലെ കുറച്ചു കൂടി വിസ്തൃതമാക്കാമായിരുന്നു. ഈ ബ്ലോഗിങ് എത്ര മാത്രം തമ്മില്‍ കാണാത്ത വ്യക്തികളെ തമ്മില്‍ അടുപ്പിക്കുകയും സ്നേഹിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു എന്ന് നമുക്ക് കാണിച്ചു തരുന്നു. അത്രമേല്‍ ദുഷിച്ചതൊന്നുമല്ല കാലം. നന്മയുടെ നെയ്ത്തിരികള്‍ നീട്ടിക്കാട്ടുന്ന ഈ കൊച്ചു സംഘം വലിയ സാരഥവാഹക സംഘമായി അധികം താമസിയാതെ മാറുമെന്നതില്‍ സംശയമില്ല.
ReplyDeleteജിത്തുവിന്റെ വീട്ടില്‍ ഇരുന്നാപ്പോള്‍ തൊട്ടു ഇന്നീ നിമിഷം വരെ എന്നെ അല്ഭുതപ്പെടുത്തുന്നതും ആഹ്ലാദിപ്പിക്കുന്നതും അത് തന്നെയാണ് ആരിഫ്ജീ .ഈ ചെറിയ സംഘം എത്രമേല്‍ വിശാലതയുള്ള ഹൃദയത്തിന് ഉടമകള്‍ ആണ് .അവരുടെ പ്രവര്‍ത്തനങ്ങള്‍ ഫലസിദ്ധിയിലെത്തട്ടെ ,ജിത്തുവിനെ പോലുള്ളവരുടെ പ്രാര്‍ഥനകള്‍ അവരുടെ ഇരുള്‍ വഴികളില്‍ വെളിച്ചം പകരട്ടെ ...
ReplyDeleteജിത്തുവിന് എല്ലാ നന്മകളും. പോസ്റ്റും നന്നായിരിക്കുന്നു..
ReplyDelete38 അവധി ദിനങ്ങളില്‍ എനിയ്ക്കു ഏറ്റവും സന്തോഷം തന്ന ഒരു ദിനം ആണ് സിയാഫ് അബ്ദുല്‍ കാദര്‍ എന്ന എന്റെ കുഞ്ഞി കാദറിന്റെ അഞ്ച് അവധി ദിനങ്ങളില്‍ നിന്ന് ഞാന്‍ കവര്‍ന്നെടുത്ത ആ ഒരു ദിനം .... വര്‍ഷങ്ങളോളം പരിചയമുള്ളവരെ പോലേ ഞങ്ങള്‍ സംസാരിച്ചു. ഒരു നിമിഷം പോലും അപരിചിതത്വം അനുഭവപ്പെടാതെ, സരസമായ സംഭാഷണങ്ങള്‍ക്കിടയിലേക്ക് ആലപ്പുഴയില്‍ നിന്ന് ബീവിയുടെ ടെലിഫോണ്‍. പ്രദീപ് കുമാര്‍ സാറിനെ കാണാന്‍ കോഴിക്കോട്ടേക്ക് ഉളള യാത്ര അവിചാരിതമായി ജിത്തുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അത് വരെ എന്റെ കേള്‍വിക്കാരന്‍ മൈക്ക് എന്നില്‍ നിന്ന് പിടിച്ച് വാങ്ങി പറയാന്‍ ആരംഭിച്ചു. നാളെ വാഹന പണിമുടക്ക് ആണെന്ന് ഇടയില്‍ കയറി എനിയ്ക്കു പറയാന്‍ കഴിഞ്ഞത് ജിത്തുവിന്റെ ഭാഗ്യം. ഒരല്പം സംസാരിക്കാന്‍ അവസരം അവനും കിട്ടി. ..എന്നാലും ഈ പഹയന്‍ ഉള്ളത് കൊണ്ട് എനിയ്ക്കു പ്രദീപ് സാറിനെ പരിചയപെടാന്‍ കഴിഞ്ഞു..
ReplyDeleteThis comment has been removed by the author.
ReplyDeleteസിയാഫ് ബായി .. നല്ല വിവരണം .. മനസ്സ് കൊണ്ടെങ്ങിലും നിങളുടെ കൂടെ കൂടാന്‍ കഴിഞ്ഞു
ReplyDeleteജിത്തുവിന് എല്ലാ വിധ നന്മകളും നേരുന്നു
സയാഫ് .. വളരെ നല്ല പോസ്റ്റ്, മനസ്സ് മരവിക്കാത്ത "സുമനസ്സുകള്‍" ബ്ലോഗര്‍മാരുടെ ഇടയില്‍ ഉണ്ടെന്നറിഞ്ഞപോള്‍ വളരെ സന്തോഷം തോന്നി, സത്യത്തില്‍ നിങ്ങളുടെ കൂടെ ആ യാത്രയില്‍ ഞാനും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി.. "സുമനസ്സുകളായ" ബ്ലോഗറെ ഈയുള്ളവനുമുണ്ട് നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന യാത്രയില്‍ ...
ReplyDeleteഫേസ്ബുക്ക്, ബ്ലോഗ് സൌഹൃദങ്ങള്‍ വെറും നേരമ്പോക്കുകളും സുഖിപ്പിക്കലുമല്ല, മറിച്ച് എവിടെനിന്ന് കണ്ടെടുത്താലും ആ ബന്ധങ്ങളില്‍ ഒക്കെ നന്മയും സ്നേഹവും പങ്കുവയ്ക്കലും കാണുന്ന ഒരു പറ്റം സുഹൃത്തുക്കളെ ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.
ReplyDeleteജിത്തുവിന് എല്ലാ നന്മകളും നേരുന്നു. ഇത്തരം ബ്ലോഗ് സൌഹൃദങ്ങള്‍ അറിയാന്‍ സാധിച്ചതില്‍ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു.
ReplyDelete