റോസ് നിറമുള്ള ടോപ്പും ചാരനിറത്തില്‍ ഫിഷ് ടെയില്‍ കട്ട് ചെയ്ത ചുരുക്കുകളുള്ള പാവാടയും ധരിച്ചു വേപ്പുമരത്തിന്റെ ചോട്ടില് നിന്ന പെണ്‍കുട്ടി കരയുന്നുണ്ടോ ?മോഹനേട്ടന്റെ ചായക്കട അടഞ്ഞു കിടക്കുന്നത് കൊണ്ട് ഇപ്പോള്‍ അങ്ങോട്ടാരും വരാറില്ല .
കോണ്‍ക്രീറ്റ് വേലിക്കും തകരം മേഞ്ഞ ആ കടക്കുമിടയില് ഒരല്പ്പസ്ഥലമുണ്ട് ,എഞ്ചിന്റെ ഒച്ചയും ചൂടും; ചായ വില്‍ക്കുന്ന ചോന്ന ഓവര്ക്കോട്ടിട്ട ചെറുപ്പക്കാരെ കൂടി അകറ്റും.നട്ടുച്ച നേരത്ത് വാട്ടര്‍ ടാങ്കിന്റെ അടപ്പ് ഇളകി വരുന്നുണ്ടായിരുന്നില്ല . റേഡിയേറ്റര്‍ ഫാന്‍ അതിവേഗം കറങ്ങിത്തുടങ്ങി .തിളച്ച വെള്ളത്തിന്റെ ചൂട് മുഴുവന്‍ ഏറ്റു വാങ്ങി അതെന്റെ മുഖത്തേക്ക് ചീറ്റി .
മുഖം വെന്തു പോകാതിരിക്കാന്‍ ഒരു വശത്തേക്ക് തിരിച്ചപ്പോഴാണ്നന്നായി അണിഞ്ഞൊരുങ്ങിയ കാശുള്ള കുടുംബത്തില്‍ പിറന്നതെന്നു തോന്നിക്കുന്ന ആ പെണ്‍കുട്ടി ഒറ്റയ്ക്ക് നിന്ന് കരയുന്നത് കണ്ടത്,ഞാന്‍ എന്തിക്കുന്തി നോക്കി .തെല്ലൊന്നു ചരിഞ്ഞു നോക്കിയാല്‍ കാണാം . അവള് ഒറ്റക്കായിരുന്നില്ല .ബലിഷ്ഠമായ കൈകളും ഉറച്ച പേശികളും ഉള്ള ഒരു കറുമ്പന് അവളുടെ അടുത്തു നില്‍പ്പുണ്ട് .
ഈ നശിച്ച അടപ്പ് തുറക്കുന്നില്ലല്ലോ.
ജാനസ് എബ്രഹാം അവന്റെ ആക്കിച്ചിരി ചിരിക്കും, ഇത്രയും കാലം ജോലി ചെയ്തിട്ടും വെള്ളം എത്രയുണ്ടെന്ന്നോക്കാന് ഇത്രേം നേരം വേണോ, എന്ന അര്‍ത്ഥത്തില്‍.
ഞാന്‍ താഴെയിറങ്ങി.
അഴുക്കു ചാലിനടുത്ത മാളത്തിലേക്ക് എന്റെ കാല്‍പ്പെരുമാറ്റം കേട്ട് പേടിച്ച ഒരു പന്നിയെലി ധൃതിയില്‍ ഓടിപ്പോയി.
ഞാന്‍ ട്രാക്കില്‍ പരതി മുഴുത്ത ഒരു കല്ല് എടുത്തു വീണ്ടും എഞ്ചിന്റെ മുകളിലേക്ക് വലിഞ്ഞു കയറി.
ആ കാരിരുമ്പ് ചെറുക്കന് അവളെ ചുംബിക്കുകയായിരുന്നു.ചാറ്റല്‍ മഴയത്ത് കാറ്റടിച്ചു കൊണ്ട് വന്ന നനഞ്ഞ ഒരില പോലെ അവള് .അവന്റെ ഉറച്ച കനത്ത കൈകളില്‍ താന്‍ ഉടുത്തിരിക്കുന്ന വസ്ത്രങ്ങളുടെ ഭാരം പോലുമില്ലാതെ അവള് തൂങ്ങിക്കിടന്നു .അവന് ചുണ്ട് കൊണ്ട് അവളില്‍ ഒപ്പ് വെച്ചു.ഒരു വലിയ ഗിറ്റാര്‍ പിടിക്കുന്നത് പോലെ നിഷ്പ്രയാസം അവന് അവളെ ചുമന്നുനിന്നു .
അവളുടെ ഇടതുകാലിന്റെ പെരുവിരല്‍ മാത്രം നിലത്തു തൊട്ടു.നിലയില്ലാതെ ഒരു കൈ അവന്റെ പള്ളയിലും മറുകൈ അവന്റെ തോളത്തും വെച്ചു ഏതോ അദൃശ്യ ലോകത്ത് അവള് അവനോടൊപ്പം പോയി .ഒരു കാല് തുഴ പോലെ നീട്ടിപ്പിടിച്ചതിനാലെ അവളുടെ മെഴുത്ത കാല്വണ്ണഎനിക്ക് വെളിപ്പെട്ടു .അവളുടെ പൊന്‍ നിറത്തോടു തോറ്റ ഒരു സ്വര്‍ണ്ണക്കൊലുസ് പാരവശ്യത്തോടെ ഒളിക്കാന്‍ ഇടം തേടി .ചുണ്ടുകള്‍ വിട്ടു അവര്‍ മൂക്കോട് മൂക്കുരുമ്മി .അവളുടെ കണ്ണുകള്‍ ആദ്യമൊന്നു കൂമ്പിയടഞ്ഞു ,പിന്നെ പാതി തുറന്നു അഭൌമമായ എന്തോ കണ്ടും കാണാതെയും ..
എന്റെ മുന്നില്‍ നിന്നും പൊടുന്നനെ ഹോസബെട്ടു മാഞ്ഞു .എരിവുമണം പേറുന്ന മുളകുചാക്കുകള്‍ ചുമന്നു കയറ്റുന്ന പോര്‍ട്ടര്‍മാരും ചായ കാപ്പി വിളികളും എല്ലാം മാഞ്ഞു ഒരു വനത്തിനുള്ളിലെ തടാകക്കരയില്‍ ഓറഞ്ചും മഞ്ഞയും ഇലകളുള്ള ഒരു പേരറിയാ മരത്തിന്റെ ചുവട്ടിലെത്തി ഞാന്‍ .അവിടെ വീണു കിടക്കുന്ന ഏതോ മുത്തശന് മരത്തടിയില്‍ ഇരുന്നു അവളെ മീട്ടുന്ന അവന് ,അവര്‍ക്ക് ചുറ്റും പാറുന്ന ശലഭങ്ങള്‍ .തടാകക്കരയിലെ മരത്തില്‍ നിന്ന് ഒരില അവരോടു പ്രണയം തുളുമ്പി അവര്‍ക്കിടയിലേക്ക് ചേര്‍ന്നു .
ഞാന്‍ എന്റെ അസൂയ മുഴുവനെടുത്തു ടാങ്കിന്റെ അടപ്പില്‍ ആഞ്ഞിടിച്ചു ."ക്ണിം" എന്നൊരു ശബ്ദം ഉണ്ടാക്കി അത് തുറന്നു വന്നു .നിറയെ വെള്ളമുണ്ട് ,ചുഴികളും മലരികളുമുണ്ട് ,പമ്പ് വര്‍ക്ക് ചെയ്യുന്നുണ്ട് ,എല്ലാം ഭദ്രം ,ഞാന്‍ താഴെയിറങ്ങി .
എന്‍ജിനില്‍ ജാനസ് എത്തിയിട്ടുണ്ട് ,ഞാന്‍ എന്ന ജീവിയെക്കുറിച്ച് അറിഞ്ഞ ഭാവം പോലുമില്ലാതെ എന്തെല്ലാമോ റഫ് ജേര്‍ണലില്‍ എഴുതുന്നു ,ഒരു" നമസ്കാരം "പറഞ്ഞതിന് യാതൊരു മറുപടിയുമില്ല .ഞാന്‍ ചമ്മി ! "എന്തൊരു മുരടന്‍"""""" "'' എന്ന് തോന്നിയെങ്കിലും നിശബ്ദം ഞാന്‍ എന്റെ സീറ്റില്‍ പോയിരുന്നു ,
ഞാന്‍ റിപ്പയര്‍ ബുക്കില്‍ എഴുതേണ്ട കാര്യങ്ങള്‍ ഓരോന്നായി പൂരിപ്പിക്കുമ്പോള്‍ നേരത്തെ കണ്ട രണ്ടെണ്ണവുംകൂടി പ്ലാത്ഫോമില് വേപ്പുമരത്തിന്റെ തണലില്‍ ഇട്ട മരയഴികളുള്ള ബെഞ്ചില്‍ വന്നിരുന്നു .അവരും ആ മായാലോകത്ത് നിന്ന് തിരിച്ചു വന്നിരുന്നില്ല എന്നെനിക്കു തോന്നി ,അവന് മുട്ടുമടക്കി കാലിന്മേല് കാല് കയറ്റി വെച്ച് ഒരു വിജയിയെ പോലെ ,,അവളുടെ നോട്ടം എങ്ങും ഉറയ്ക്കാതെ തെന്നിതെന്നി ,വിറ കൊള്ളുന്ന കൈ വിരലുകള്‍ നേരത്തെ തരിപ്പില്‍ നിന്ന് മോചനം നേടാതെ ...അവള് അവന്റെ തോളില്‍ തല ചായ്ച്ചിരുന്നു..
വണ്ടി പുറപ്പെടാന്‍ ഇനിയും സമയമുണ്ട് . ഞാന്‍ എന്റെ ജോലികളില്‍ മുഴുകി .കുതിരയുടെ കുളമ്പടി ശബ്ദം പോലെയുള്ള ഒച്ച കേട്ട് നോക്കുമ്പോള്എങ്ങു നിന്നോ ഓടി വന്ന കുറേപ്പേര് അവനെ, ആ കാരിരുമ്പ് വിഗ്രഹത്തെ വളഞ്ഞിട്ട് തല്ലുകയായിരുന്നു."ഹെഹ് ,ഹേ "ഞാന്‍ ചാടിയെഴുന്നേറ്റു.എന്റെ ഒച്ച കേട്ട് ജാനസ് മുഖം ഉയര്‍ത്തി നോക്കി .അവളെ അവിടെയെങ്ങും കാണാനുമില്ല .ഇവനെ ഇങ്ങനെ ചിത്ര വധം ചെയ്യാന്‍ വിട്ടിട്ടു ഇവള് ഇതെവിടെ പോയി ..? ഞാന്‍ ബഹളം വെക്കുന്നത് കണ്ടാവണം ജാനസ് എഴുന്നേറ്റു വന്നു .അയാള്‍ പക്ഷെ വളരെ നിസ്സംഗമായി ആ കാഴ്ച കണ്ടു നിന്നതേയുള്ളൂ ,
"ആര്. പി .എഫിനെ വിളിക്കൂ സാറെ ",ഞാന്‍ വെപ്രാളപ്പെട്ടു.ഇത്രയെളുപ്പത്തില്‍ ഒരാളുടെ ദേഹത്ത് നിന്നു ഇത്രയും ചോര വരുമോ ?..
"ഓ ;എന്തിനാ ?"ജാനസ് തന്റെ സ്വത സിദ്ധമായ അവജ്ഞ നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു "അയാള്‍ എവിടെയാണെന്ന് ആര്‍ക്കറിയാം .?"
അതും നേരായിരുന്നു.ഹോസബെട്ടുവില് ആകപ്പാടെ ഒരു പോലീസുകാരനേയുള്ളൂ,ഒരു വയസ്സന് ,എന്തെങ്കിലും പ്രശ്നം പറഞ്ഞു അയാളുടെ അടുത്തു ചെന്നാല്‍;" റിട്ടയര്‍ ചെയ്യാന്‍ നാലഞ്ചു മാസമേയുള്ളൂ മോനെ, ചതിക്കല്ലേ "എന്ന് പറഞ്ഞു തലയൂരും .എന്നോട് എന്തിനെന്ന് ചോദിച്ചെങ്കിലും ജാനസ് വാക്കിയിലൂടെ സ്റ്റേഷന് മാസ്റ്റരോട് ആര്.പി.എഫിനെ വിളിക്കാന്‍ ഏര്‍പ്പാട് ചെയ്തു .ഏതായാലും ജാനസ് പറഞ്ഞത് തന്നെ സംഭവിച്ചു .അടി നടക്കുന്നു എന്നറിഞ്ഞപ്പോഴേക്കും അയാള്‍ സംസ്ഥാനം വിട്ടിരുന്നു..
വലിയ ഒരു ബോട്ടില്‍ പെപ്സി വാങ്ങി അവള് ദൂരേന്നു നടന്നു വന്നു ,അവനെ തല്ലുന്നത് കണ്ടു അവള് വലിയ വായിലെ നിലവിളിച്ചു .പിന്നെ ഓടി വന്നു, ഹോക്കി സ്റ്റിക്ക് കൊണ്ടും മറ്റും അവനെ അടിച്ചു കൊണ്ടിരുന്നവരെ പിടിച്ചു മാറ്റാനും ശ്രമിച്ചു .പക്ഷെ അവള്‍ക്ക് നേരിടാന്‍ കഴിയുന്ന കരുത്തായിരുന്നില്ല അക്രമികളുടെത് .ഒരു വിധത്തിലും നടക്കാതെ വന്നപ്പോള്‍ അവരെ ചെറുക്കാന്‍ ,പെപ്സി ബോട്ടില്‍ കൊണ്ട് അടിച്ചും കടിച്ചും മറ്റും നേരിടാന്‍ അവളും കൂടി .ഒരുത്തനെ അവള് പിടിച്ചു തള്ളിയിടുക കൂടി ചെയ്തു .
എന്നിട്ടും തല്ലു തുടരുക തന്നെയായിരുന്നു .അവന്റെ ചോപ്പ് നിറമുള്ള ഷര്‍ട്ട് കറുപ്പ് നിറത്തോടടുക്കുന്നതായി മാറി .നിസ്സഹായ ആയ അവള് ഉച്ചത്തില്‍ കരഞ്ഞു കൊണ്ട് അവന്റെ മുകളില്‍ കിടന്നു അവനെ പൊതിഞ്ഞു .അവളുടെ മേലും ചെരുപ്പും കല്ലുകളും ഹോക്കിസ്റ്റിക്കും ഒക്കെ നിര്‍ത്തില്ലാതെ പതിച്ചു തുടങ്ങി . ആരോ അവളെ തൂക്കിയെടുത്ത് മാറ്റി നിര്‍ത്തി.
അവളുടെ മനോഹരമായ ഉടുത്തുകെട്ടുകള്‍ കീറിപ്പോയിരുന്നു.പൊടിയിലും ചെളിയിലും ചോരയിലും കുഴഞ്ഞു അവളുടെ മുഖം ശോഭ കെട്ടു.അവസാന ശ്രമം എന്ന നിലയില്‍ എന്തെല്ലാമോ വിളിച്ചു പറഞ്ഞും കരഞ്ഞും കൊണ്ട് അവള് എഞ്ചിന്റെ കുറച്ചു മുന്നില്‍ സ്റ്റാര്‍ട്ടറിനു അടുത്തായി ട്രാക്കില്‍ കിടന്നു .ജാനസ് അപ്പോഴും യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ നിശബ്ദം ആയി നോക്കിയിരുന്നു .
അവളുടെ ആ അടവ് ഫലിച്ചു .അടി നിന്നു.അവന് വേച്ചു വേച്ചു നേരത്തെ ഇരുന്നിരുന്ന ബെഞ്ചില്‍ എങ്ങനെയോ കയറിപ്പറ്റി .അവന്റെ ശരീരത്തില്‍ മുറിയാത്തതോ ചതയാത്തതോ ആയ ഒന്നും ബാക്കിയുണ്ടാവില്ല .അവള് മെല്ലെ എഴുന്നേറ്റു വന്നു അവനു അടുത്തിരുന്നു .
എവിടെന്നോ കിട്ടിയ ഒരു കുപ്പി വെള്ളം അവള് അവന്റെ മുഖത്തേക്ക് ചരിച്ചു ,അത് ചോരക്കൊപ്പം മുഖത്തൂടെ ചാലിട്ടൊഴുകി .അടിച്ചവരെ ഒന്നും കാണാനുണ്ടായിരുന്നില്ല .അവന് കുറെ വെള്ളം കുടിച്ചു തല ചായ്ച്ചു കണ്ണുകളടച്ചു .ഇവര്‍ ഒളിച്ചോടുകയാണോ ?അതോ ?ആരോട് ചോദിക്കാനാണ്? ..
സിഗ്നല്‍ ആയി .തീവണ്ടി നീട്ടിക്കൂവി .കൊടികളെടുത്തു ഞാന്‍ പിറകില്‍ ഗാര്‍ഡിന്റെ സിഗ്നല്‍ നോക്കി .എട്ടിന്റെ ആകൃതിയില്‍ ദൂരെ പച്ചക്കൊടി പലവട്ടം പാറി ."ഗാര്‍ഡ് റൈറ്റ് "ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു .
മെല്ലെ തീവണ്ടി നീങ്ങിത്തുടങ്ങി .യാത്രക്കാര്‍ ഓരോരുത്തരായി വണ്ടിയില്‍ ചാടിക്കയറി .അവന് ബോധമില്ലാതെ ആ ബെഞ്ചില്‍ ചെരിഞ്ഞു കിടപ്പായിരുന്നു .എ/സി കോച്ചില്‍ നേരത്തെ അവനെ തല്ലിച്ചതച്ചവര്ക്കൊപ്പം തിരിഞ്ഞൊന്നു നോക്കാതെ തീവണ്ടിയിലേക്ക് കയറുന്ന അവള് .അവന്റെ അടുത്തു അവള് വാങ്ങിക്കൊണ്ടു വന്ന പെപ്സി ബോട്ടില്‍ മാത്രം ..
.(ചിത്രങ്ങള്‍ ഈ ലോകം ഓണ്‍ലൈന്‍ മാഗസിന്റെ ചിത്രകാരന് മണി കാക്കര വരച്ചത് അനുമതിയില്ലാതെ പകര്‍ത്തിയതിനു ,അതിന്റെ പ്രവര്‍ത്തകര്‍ എന്നോട് ക്ഷമിക്കട്ടെ )
ഈ പോസ്റ്റ് ഈലോകം വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്നത് ഇവിടെ വായിക്കാം

ലൈ ഔട്ട് തെറ്റി ക്കാണുന്നു...:)
ReplyDeleteകൊള്ളാം.. ചില കാഴ്ചകള്‍..
ReplyDelete(ഇവിടെ വായിക്കാം എന്നെഴുതിയിടത്ത് ലിന്ക് കൊടുക്കാന്‍ വിട്ടു പോയോ?)
അതെയോ ?എന്താ സംഭവം എന്നറിയില്ല .ഞാന്‍ നേരത്തെ പബ്ലിഷ് ചെയ്ത പോസ്റ്റ് ആണിത് ,തീക്കനലുകളില്‍ മൂന്നാം അദ്ധ്യായം ..
ReplyDeleteഅങ്ങനെ സിയാഫ്ക്കാടെ നല്ല ഒരു കഥ കൂടെ വായിച്ചു.. ട്രെയിനും യാത്രകളും കഥകള്‍ കണ്ടെടുക്കുന്ന മാന്ത്രിക വടി കൂടെ നല്കി അല്ലെ
ReplyDeleteനല്ല വരികള്‍
ReplyDeleteആലപ്പുഴ നിന്നും പനജി വരെ പോകുന്ന ആമിയുടെ കഥ വണ്ടി സ്റ്റേഷനില്‍ എത്തിയ ഉടനെ തന്നെ വായിക്കാന്‍ സാധിച്ചു. പതിവ് പോലെ കൂട്ടുകാരാ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുമായി ഈ വണ്ടി പ്ലാറ്റ്ഫോം വിടുമ്പോള്‍ അല്‍പ്പം മുമ്പ് തന്നെ ചുംബിച്ച ആ യുവാവിനെ തിരിഞ്ഞു നോക്കാന്‍ പോലും തോന്നാത്ത അവളുടെ മാനസികാവസ്ഥയെ എന്ത് വിളിക്കാം? ഉന്മാദമല്ല. ഉന്മാദം അവള് ട്രാക്കില്‍ കിടന്നപ്പോഴായിരുന്നു. ഇതെന്താണ്? നിസ്സംഗത ഇത്ര നിസ്സംഗമോ?
ReplyDeleteആദ്യമായി വായിച്ചത് നല്ല കഥയാണല്ലോ സിയ്ഫ്ക്കാ.കഥയുടെ കാമ്പിനേക്കാള്‍ ഇഷ്ടായത് പറഞ്ഞരീതിയാണ് .ഇന്നിന്റെ നേര്‍ചിത്രം .
ReplyDeleteഓരോ യാത്രയും ഓരോ കഥയാണല്ലേ? ഒരു വലിയ തീവണ്ടിയിൽ കഥകളെക്കാളും വിചിത്രമായ ജീവിതങ്ങളുമായി എത്രപേർ!
ReplyDeleteനല്ല കഥ. അതിഭാവുകത്വങ്ങളില്ലാതെ ഒഴുക്കോടെ പറഞ്ഞുപോണ ഈ രീതി തന്നെയാണ് സിയാഫിന്റെ കഥകളുടെ പ്രത്യേകത.
നേരത്തെ തന്നെ വായിച്ചിരുന്നു ഈ കഥ.....
ReplyDeleteസിയാഫിന്റെ തൂലികയിൽ നിന്ന് മറ്റൊരു ഉജ്വല രചനകൂടി.....
കൂട്ടുകാരാ - എനിക്കഭിമാനം.
അവളെന്തായിരിക്കും അങ്ങിനെ ചെയ്തത്:(
ReplyDeleteഎന്തു സുന്ദരമായ അവതരണം... അഭിനന്ദനങ്ങൾ സിയാഫ് ഭായ്..
ReplyDeleteമനോഹരമായ അവതരണം..!!
കഥകള്‍ ചില ചോദ്യങ്ങളില്‍ അവസാനിക്കുമ്പോള്‍ അടുത്ത കഥ പിറക്കുന്നു. വായനക്കാരനെ കഥകാരനാക്കുന്ന സിയാഫിന്റെ കഥകളിലെ മാസ്മരികത ഇവിടെയും... സുഷിരങ്ങളിലൂടെ ഓര്‍മ്മ വരുന്നു. ആശംസകള്‍ സഖേ...!
ReplyDeleteകഥ വായിച്ചു, ഇഷ്ടപ്പെട്ടു. എന്തായിരിക്കും അവരോടൊപ്പം തീവണ്ടിയില്‍ കയറുമ്പോള്‍ ആ പെണ്‍കുട്ടിയുടെ മാനസ്സീകാവസ്ഥ എന്നാണ് ഞാനാലോചിച്ചത്. എന്തായാലും ക്രൂരതയല്ല, അങ്ങിനെയാണെങ്കില്‍ അയാള്‍ക്ക് അടിക്കിട്ടുമ്പോള് ഇത്രയും പ്രരാക്രമം കാണിക്കില്ലായിരുന്നല്ലോ.. അക്രമികളോടുള്ള ഭയം തന്നെയായിരിക്കും, അവളുടേയും അയാളുടേയും ജീവനിലുള്ള കൊതിയും.. ഇനിയും ചിന്തിച്ചാല്‍ അംജത് പറഞ്ഞതുപോലെ ഞാനുമൊരു കഥാകാരിയാവും.
ReplyDeleteപരാക്രമം*
ReplyDeleteഅഭിനന്ദനങ്ങൾ സിയാഫ്...സുപ്രഭാതം...!
ReplyDeleteഒരു പാടു ചോദ്യങ്ങള്‍ മനസ്സില്‍ അവശേഷിപ്പിച്ചു കൊണ്ടു നല്ലൊരു കഥ വായിച്ചു.
ReplyDeleteനല്ല കഥ സിയാഫ് ഭായ് ! ജെഫു ചോദിച്ചത് പോലെ എന്തിനാണ് അവള് അങ്ങനെ ചെയ്യിച്ചത് ? അവള്‍ക്കൊരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റില്ല . അവളുടെ ആങ്ങളമാര് അയാളെ തല്ലിയിട്ടു അവളെ ബലമായി ട്രെയിനില്‍ കയറ്റി കൊണ്ട് പോകുകയാണ് . ഇങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം !
ReplyDeleteകൊള്ളാം. എല്ലാം മുമ്പില്‍ നടക്കുന്നതുപോലെ വായനക്കാരനിലേക്ക് എത്തിച്ചു.അവനെ തല്ലിച്ചതച്ചവര്ക്കൊപ്പം അവള് യാത്രയായി അവസാനം. ചതഞ്ഞ ശരീരവും മുറിവേറ്റ മനസും പിന്നെ ഒരു പെപ്സി ബോട്ടിലും അവന് ബാക്കി....... സംഭവം റിയലിസ്റ്റിക് .എതിര്‍ക്കാന്‍ വരുന്നവരെ ഒറ്റയ്ക്ക് അടിച്ചുവീഴ്ത്തി അനക്കം വെച്ചുതുടങ്ങിയ തീവണ്ടിയിലേക്ക് കാമുകിയുമായി കുതിച്ചുകയറുന്ന നായകനില്‍ നിന്നും ഒരു വിടുതല്‍...
ReplyDeleteഎന്താകിലും, അവരുടെ സ്നേഹത്തിന് ഒരേ നിറം..
ReplyDeleteനല്ല ഒരു വായന
ReplyDeleteആശംസകള്‍
കഥയുടെ പൊരുള്‍ എന്തുമാകട്ടെ, അത് കൈകാര്യം ചെയ്ത ഭാഷയും രീതിയുമാണ് എനിക്കിഷ്ടപ്പെട്ടത്. മനോഹരം!!!
ReplyDeleteതീവണ്ടിക്കാഴ്ചകള്‍ കഥകളായി വരുമ്പോള്‍ ചിന്തകളും തീവണ്ടിയുടെ ചൂളം വിളി പോലെ നീട്ടി വിളിക്കുന്നു....
ReplyDeleteമനോഹരമായി സിയാഫ്ക്കാ... ഈ കഥ അവസാനിക്കുന്നില്ല.. ചോദ്യങ്ങളായി മനസ്സില്‍ തങ്ങിനില്ക്കുന്നു.
ReplyDeleteസിയാഫിക്കാ 'ശലഭചുംബനത്തിന് ശേഷം' വായിച്ചു. എന്താ പറയുക. ഹോമാ ചുംബനത്തിന്റെ വികാരതരംഗങ്ങൾ വായനക്കാരിലേക്കെത്തും വിധം മിഴിവോടെ അത് അവതരിപ്പിച്ചു. അത് വായിക്കുമ്പഴേ അറിയാമായിരുന്നു,ഇതെന്തേലും ട്രാജഡിയായിട്ടേ അവസാനിക്കൂ ന്ന്. അതുപക്ലാവുകേം ചെയ്തു. പക്ഷെ അവളുടെ ആ ട്രാക്കിൽ കിടക്കൽ അടിയിൽ നിന്നവനെ രക്ഷിച്ചെങ്കിലും,എന്തുകൊണ്ടാണവൾ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ ട്രൈനിൽ കയറി പോയത് ?
ReplyDeleteനല്ലൊരു കഥ വായിച്ച നൊമ്പര സുഖം,ആശംസകൾ.
ഒരു സാധാരണക്കാരനായ റെയില്‍വേ ജീവനക്കാരന് അവന്റെ
ReplyDeleteഡ്യൂട്ടിക്കിടയില്‍ അവന് കാണാനിടയാകുന്ന മിന്നല്ക്കാഴ്ചകളില്, പേരും നാടും അറിയാത്ത കഥാപാത്രങ്ങളെ, ചരിത്രങ്ങളെ അവന്റെ
കാഴ്ചപ്പാടില്‍ വിലയിരുത്താന്‍ അവന് കൊടുത്തിരിക്കുന്ന സ്വാതന്ത്ര്യമാണ് ഈ കഥയുടെ കാതല്‍..,.ആ കാര്യത്തില്‍ കഥാകാരന്
വിജയിച്ചിരിക്കുന്നു.അവതരണം ഹൃദ്യവും,മനോഹരവുമായി.
ആശംസകള്‍
This comment has been removed by the author.
ReplyDeleteകാലം തീവണ്ടിയെ പോലെ കുതിച്ചു പായുന്നു ഒപ്പം മൂല്യവും മനുഷ്യത്യവും താഴോട്ടും .ഒതുക്ക മായ രീതിയില്‍ നന്നായി എഴുതി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി.
ReplyDeleteസിയാഫ് .
ReplyDeleteഞാന്‍ ഒത്തിരി വൈകി അല്ലെ...?
ഇന്ത്യന്‍ റെയില്‍വേയുടെ സ്വഭാവം തന്നെ സമയത്തിന് വരില്ല :)
പക്ഷെ വൈകിയെതിയാലും ബര്‍ത്ത് കിട്ടുന്ന സുഖം പോലെ നല്ലോര് കഥ അവായിച്ചു ട്ടോ.
സുഖമുള്ളൊരു യാത്ര പോലെ തന്നെയാണ് നിന്റെ മിക്ക കഥകളും.
അഭിനന്ദനങ്ങള്‍
എഴുത്തുകാരനെ പ്പോലെ തന്നെ ചില ചോദ്യങ്ങള്‍ വായനക്കാര്‍ക്ക് വിട്ടു കൊടുത്തു കൊണ്ടുള്ള കഥാവസാനം ! ആമിക്കഥകള്ക്കായി വീണ്ടും കാത്തിരിക്കുന്നു !!
ReplyDeleteപ്രണയാനന്തരം....
ReplyDeleteനന്നായെഴുതി സിയാഫിക്ക...
എല്ലാ ആശംസകളും...
ആരിഫ് ചോദിച്ചതുപോലെ: നിസ്സംഗത ഇത്ര നിസ്സംഗമോ?
ReplyDeleteസിയാഫ് കഥ പറയുകയല്ല
കഥ കാണിച്ചുതരികയാണ്.
ഒരു പാട് താമസിച്ചു പോയി ബ്ലോഗില്‍ എത്താന്‍ .എല്ലാവക്കും മറുപടി എഴുതണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും സമയക്കുറവു തടസ്സമാകുന്നു .പ്രിയരേ നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ തന്നെയാണ് എനിക്ക് വലുത് .കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി .
ReplyDelete